98: ബയ്യിന (വ്യക്തമായ തെളിവ്)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ്‌ തങ്ങള്‍ക്ക്‌ കിട്ടുന്നത്‌ വരെ (അവിശ്വാസത്തില്‍ നിന്ന്‌) വേറിട്ട്‌ പോരുന്നവരായിട്ടില്ല.
1 لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ
അതായത്‌ പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ)
2 رَسُولٌ مِّنَ اللَّهِ يَتْلُو صُحُفًا مُّطَهَّرَةً
അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്‌.
3 فِيهَا كُتُبٌ قَيِّمَةٌ
വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക്‌ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിന്‌ ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.
4 وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ
കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത്‌ നല്‍കുവാനും അല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം
5 وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.
6 إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَـٰئِكَ هُمْ شَرُّ الْبَرِيَّةِ
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.
7 إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ هُمْ خَيْرُ الْبَرِيَّةِ
അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌.
8 جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ

കുറിപ്പുകൾ: സൂറത്തുൽ ബയ്യിന (98)

1. വ്യക്തമായ തെളിവ് (ബയ്യിന): വേദക്കാരിലും (അഹ്ലുൽ കിതാബ്) ബഹുദൈവ വിശ്വാസികളിലും പെട്ട സത്യനിഷേധികൾക്ക് തങ്ങളുടെ തെറ്റായ പാതയിൽ നിന്ന് മാറാൻ ഒരു വ്യക്തമായ തെളിവ് ലഭിക്കേണ്ടതുണ്ടായിരുന്നു. ആ തെളിവാണ് അല്ലാഹുവിൽ നിന്നുള്ള ദൂതനായ മുഹമ്മദ് നബി(സ)യും അദ്ദേഹം പാരായണം ചെയ്യുന്ന വിശുദ്ധമായ ഏടുകളും (ഖുർആൻ) എന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. വേദക്കാരുടെ ഭിന്നത: നേരത്തെ വേദം ലഭിച്ചവർ സത്യത്തെക്കുറിച്ച് അറിവുള്ളവരായിരുന്നിട്ടും, അവർക്കിടയിൽ ഭിന്നതയുണ്ടായത് വ്യക്തമായ തെളിവ് വന്നതിന് ശേഷമാണെന്ന് ഖുർആൻ ചൂണ്ടിക്കാട്ടുന്നു. സത്യത്തെ നേരിൽ കണ്ടിട്ടും തങ്ങളുടെ താൽപ്പര്യങ്ങൾക്കായി അവർ അത് നിഷേധിച്ചുവെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. ആരാധനയുടെ കാതൽ: മനുഷ്യരോട് അല്ലാഹു ആജ്ഞാപിച്ചത് മൂന്ന് കാര്യങ്ങൾ മാത്രമാണ്: 1. കീഴൊതുക്കത്തോടെ അല്ലാഹുവെ മാത്രം ആരാധിക്കുക. 2. നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുക. 3. സകാത്ത് നൽകുക. ഇതാണ് വക്രതയില്ലാത്ത നേരായ മതം (ദീനുൽ ഖയ്യിമ) എന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

4. സൃഷ്ടികളിലെ അധമർ: വ്യക്തമായ സത്യം വന്നെത്തിയിട്ടും അത് നിഷേധിക്കുന്ന വേദക്കാരും ബഹുദൈവാരാധകരും നരകാഗ്നിയിലാണ് എത്തിച്ചേരുക. അവരാണ് സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ (ശർറുൽ ബരിയ്യ) എന്ന് അല്ലാഹു വിശേഷിപ്പിക്കുന്നു.

5. സൃഷ്ടികളിലെ ഉത്തമർ: വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉത്തമർ (ഖൈറുൽ ബരിയ്യ). അവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളാണ്. അല്ലാഹു അവരെക്കുറിച്ചും അവർ അല്ലാഹുവെക്കുറിച്ചും സംതൃപ്തരായിരിക്കും. തൻ്റെ രക്ഷിതാവിനെ ഭയപ്പെട്ടവർക്കുള്ളതാണ് ഈ ഉന്നത പദവിയെന്ന് പറഞ്ഞുകൊണ്ട് അധ്യായം അവസാനിക്കുന്നു.