83: മുതഫ്ഫിഫീന്‍ (അളവില്‍ കുറയ്ക്കുന്നവന്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
അളവില്‍ കുറക്കുന്നവര്‍ക്ക്‌ മഹാനാശം
1 وَيْلٌ لِّلْمُطَفِّفِينَ
അതായത്‌ ജനങ്ങളോട്‌ അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.
2 الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ
ജനങ്ങള്‍ക്ക്‌ അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
3 وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?
4 أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌
5 لِيَوْمٍ عَظِيمٍ
അതെ, ലോകരക്ഷിതാവിങ്കലേക്ക്‌ ജനങ്ങള്‍ എഴുന്നേറ്റ്‌ വരുന്ന ദിവസം.
6 يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
7 كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ
സിജ്ജീന്‍ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?
8 وَمَا أَدْرَاكَ مَا سِجِّينٌ
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.
9 كِتَابٌ مَّرْقُومٌ
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
10 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അതായത്‌ പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.
11 الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
12 وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ
അവന്ന്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.
13 إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്‌ അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
14 كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന്‌ മറയ്ക്കപ്പെടുന്നവരാകുന്നു.
15 كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
16 ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ
പിന്നീട്‌ പറയപ്പെടും; ഇതാണ്‌ നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
17 ثُمَّ يُقَالُ هَٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ
നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
18 كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ
ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?
19 وَمَا أَدْرَاكَ مَا عِلِّيُّونَ
എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.
20 كِتَابٌ مَّرْقُومٌ
സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.
21 يَشْهَدُهُ الْمُقَرَّبُونَ
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
22 إِنَّ الْأَبْرَارَ لَفِي نَعِيمٍ
സോഫകളിലിരുന്ന്‌ അവര്‍ നോക്കിക്കൊണ്ടിരിക്കും.
23 عَلَى الْأَرَائِكِ يَنظُرُونَ
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.
24 تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും.
25 يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ.
26 خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ
അതിലെ ചേരുവ തസ്നീം ആയിരിക്കും.
27 وَمِزَاجُهُ مِن تَسْنِيمٍ
അതായത്‌‌ സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ്‌ ജലം.
28 عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ
തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
29 إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ
അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
30 وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക്‌ തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട്‌ അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
31 وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ
അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ്‌ എന്ന്‌ അവര്‍ പറയുകയും ചെയ്യുമായിരുന്നു.
32 وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ
അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട്‌ അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
33 وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ
എന്നാല്‍ അന്ന്‌ (ഖിയാമത്ത്‌ നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.
34 فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ
സോഫകളിലിരുന്ന്‌ അവര്‍ നോക്കിക്കൊണ്ടിരിക്കും.
35 عَلَى الْأَرَائِكِ يَنظُرُونَ
സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന്‌ അവര്‍ക്ക്‌ പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.
36 هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ

കുറിപ്പുകൾ: സൂറത്തുൽ മുതഫ്ഫിഫീൻ (83)

1. അളവിലും തൂക്കത്തിലും കൃത്രിമം: അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവർക്ക് വലിയ നാശമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. മറ്റുള്ളവരിൽ നിന്ന് വാങ്ങുമ്പോൾ കൃത്യമായി വാങ്ങുകയും, കൊടുക്കുമ്പോൾ കുറയ്ക്കുകയും ചെയ്യുന്ന സ്വഭാവം ഇസ്‌ലാമിൽ വലിയ കുറ്റമാണെന്ന് അമാനി തഫ്സീർ വിവരിക്കുന്നു. തങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന് ഇക്കൂട്ടർ ചിന്തിക്കുന്നില്ലേ എന്ന് ഖുർആൻ ചോദിക്കുന്നു.

2. സിജ്ജീൻ (പാപികളുടെ രേഖ): ദുഷ്ടന്മാരുടെ കർമ്മരേഖ 'സിജ്ജീൻ' എന്ന തടവറയിലെ രേഖയിലാണെന്ന് അല്ലാഹു പറയുന്നു. അത് ലംഘിക്കപ്പെടാത്ത വിധം അടയാളപ്പെടുത്തി വെച്ച ഒന്നാണ്. സത്യത്തെ നിഷേധിക്കുന്നവർക്കും അല്ലാഹുവിൻ്റെ വചനങ്ങളെ മുൻഗാമികളുടെ കെട്ടുകഥകളാണെന്ന് പറയുന്നവർക്കും അന്നേ ദിവസം വലിയ നാശമുണ്ട്.

3. ഹൃദയത്തിലെ കറ (റൈൻ): മനുഷ്യൻ ചെയ്യുന്ന പാപങ്ങൾ കാരണം അവരുടെ ഹൃദയങ്ങളിൽ തുരുമ്പ് (കറ) പിടിക്കുന്നുവെന്ന സുപ്രധാന കാര്യം ഈ അധ്യായം വ്യക്തമാക്കുന്നു (സൂക്തം 14). ഈ കറ കാരണം അവർ സത്യത്തെ കാണാൻ കഴിയാത്തവരായി മാറുന്നുവെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വിവരിക്കുന്നു. പരലോകത്ത് അവർക്ക് അല്ലാഹുവിനെ ദർശിക്കാൻ കഴിയില്ലെന്നതാണ് അവർക്കുള്ള ഏറ്റവും വലിയ ശിക്ഷ.

4. ഇല്ലിയ്യൂൻ (പുണ്യവാന്മാരുടെ രേഖ): പുണ്യവാന്മാരുടെ കർമ്മരേഖ 'ഇല്ലിയ്യൂൻ' എന്ന ഉന്നതമായ രേഖയിലാണുള്ളത്. അവർക്ക് സ്വർഗ്ഗത്തിൽ വലിയ അനുഗ്രഹങ്ങളുണ്ടാകും. മുദ്രവെച്ച വിശിഷ്ടമായ പാനീയം അവർക്ക് നൽകപ്പെടും. അതിൻ്റെ മുദ്ര കസ്തൂരി കൊണ്ടുള്ളതാണെന്നും അത്തരം നേട്ടങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കേണ്ടവർ മത്സരിക്കേണ്ടതെന്നും ഖുർആൻ ഉണർത്തുന്നു.

5. വിശ്വാസികളെ പരിഹസിക്കുന്നവർ: ഇഹലോകത്ത് വെച്ച് സത്യവിശ്വാസികളെ പരിഹസിക്കുകയും അവർക്ക് നേരെ കണ്ണ് ചിമ്മുകയും ചെയ്തിരുന്ന സത്യനിഷേധികളുടെ അവസ്ഥ അല്ലാഹു വിവരിക്കുന്നു. എന്നാൽ പരലോകത്ത് വിശ്വാസികൾ സിംഹാസനങ്ങളിൽ ഇരുന്നുകൊണ്ട് സത്യനിഷേധികളെ നോക്കി ചിരിക്കുമെന്നും അവിശ്വാസികൾക്ക് അവർ ചെയ്തതിനുള്ള പ്രതിഫലം ലഭിച്ചുവോ എന്ന് നോക്കുമെന്നും പറഞ്ഞുകൊണ്ട് അധ്യായം അവസാനിക്കുന്നു.