82: ഇന്‍ഫിത്വാര്‍ (പൊട്ടിക്കീറല്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
ആകാശം പൊട്ടിപ്പിളരുമ്പോള്‍.
1 إِذَا السَّمَاءُ انفَطَرَتْ
നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.
2 وَإِذَا الْكَوَاكِبُ انتَثَرَتْ
സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
3 وَإِذَا الْبِحَارُ فُجِّرَتْ
ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
4 وَإِذَا الْقُبُورُ بُعْثِرَتْ
ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട്‌ മാറ്റിവെച്ചതും എന്താണെന്ന്‌ അറിയുന്നതാണ്‌.
5 عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
6 يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
7 الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
8 فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ
അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
9 كَلَّا بَلْ تُكَذِّبُونَ بِالدِّينِ
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.
10 وَإِنَّ عَلَيْكُمْ لَحَافِظِينَ
രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.
11 كِرَامًا كَاتِبِينَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ അവര്‍ അറിയുന്നു.
12 يَعْلَمُونَ مَا تَفْعَلُونَ
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
13 إِنَّ الْأَبْرَارَ لَفِي نَعِيمٍ
തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
14 وَإِنَّ الْفُجَّارَ لَفِي جَحِيمٍ
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന്‌ എരിയുന്നതാണ്‌.
15 يَصْلَوْنَهَا يَوْمَ الدِّينِ
അവര്‍ക്ക്‌ അതില്‍ നിന്ന്‌ മാറി നില്‍ക്കാനാവില്ല.
16 وَمَا هُمْ عَنْهَا بِغَائِبِينَ
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
17 وَمَا أَدْرَاكَ مَا يَوْمُ الدِّينِ
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
18 ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
19 يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ

കുറിപ്പുകൾ: സൂറത്തുൽ ഇൻഫിത്വാർ (82)

1. പ്രപഞ്ചത്തിൻ്റെ തകർച്ച: ആകാശം പൊട്ടിപ്പിളരുകയും, നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും, സമുദ്രങ്ങൾ സ്ഫോടനത്തിലൂടെ ഒന്നായി കലരുകയും, ഖബറുകൾ ഇളക്കിമറിക്കപ്പെടുകയും ചെയ്യുന്ന അന്ത്യനാളിലെ ദൃശ്യങ്ങൾ വിവരിച്ചുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. ഈ മഹാസംഭവങ്ങൾ നടക്കുമ്പോൾ ഓരോ മനുഷ്യനും താൻ മുൻകൂട്ടി ചെയ്തതും ചെയ്യാതെ വിട്ടതുമായ കാര്യങ്ങളെക്കുറിച്ച് ബോധവാനാകുമെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. മനുഷ്യൻ്റെ അഹങ്കാരവും സൃഷ്ടിപ്പും: "ഹേ മനുഷ്യപുത്രാ, ഉദാരനായ നിൻ്റെ രക്ഷിതാവിൻ്റെ കാര്യത്തിൽ നിന്നെ വഞ്ചിച്ചതാര്?" എന്ന ഗൗരവമേറിയ ചോദ്യം ഈ അധ്യായത്തിലുണ്ട് (സൂക്തം 6). നിന്നെ ശരിയായ രൂപത്തിൽ സൃഷ്ടിക്കുകയും ക്രമീകരിക്കുകയും തനിക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ നിന്നെ കൂട്ടിയിണക്കുകയും ചെയ്ത അല്ലാഹുവിനെ ധിക്കരിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ഖുർആൻ ചോദിക്കുന്നതായി ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. കർമ്മങ്ങൾ രേഖപ്പെടുത്തുന്ന മലക്കുകൾ: മനുഷ്യർ ചെയ്യുന്ന കാര്യങ്ങളെല്ലാം നിരീക്ഷിക്കാനും രേഖപ്പെടുത്താനുമായി ആദരണീയരായ എഴുത്തുകാർ (കിരാമൻ കാത്തിബീൻ) നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾ ചെയ്യുന്നത് എന്തും അവർ അറിയുന്നുണ്ടെന്നും അതിൽ നിന്ന് യാതൊന്നും മറച്ചുവെക്കാൻ കഴിയില്ലെന്നും അല്ലാഹു ഓർമ്മിപ്പിക്കുന്നു.

4. പുണ്യവാന്മാരും പാപികളും: പരലോകത്ത് മനുഷ്യർ രണ്ട് വിഭാഗമായിരിക്കും. ജീവിതത്തിൽ പുണ്യം ചെയ്തവർ അനുഗ്രഹപൂർണ്ണമായ സ്വർഗ്ഗത്തിലും, ധിക്കാരികളായ പാപികൾ കത്തിയെരിയുന്ന നരകത്തിലുമായിരിക്കും. വിധിദിനത്തിൽ അവർ അതിൽ പ്രവേശിക്കുമെന്നും അതിൽ നിന്ന് അവർക്ക് മാറിനിൽക്കാൻ കഴിയില്ലെന്നും അമാനി തഫ്സീർ വിവരിക്കുന്നു.

5. വിധിദിനത്തിൻ്റെ അധികാരം: പ്രതിഫലത്തിന്റെ ആ ദിവസത്തെക്കുറിച്ച് നിനക്കെന്തറിയാം എന്ന് അല്ലാഹു ആവർത്തിച്ചു ചോദിക്കുന്നു. അന്ന് ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും, സർവ്വാധിപത്യം അല്ലാഹുവിന് മാത്രമായിരിക്കുമെന്നും പറഞ്ഞുകൊണ്ട് അധ്യായം അവസാനിക്കുന്നു.