അദ്ധ്യായം 85: ബുറൂജ് (നക്ഷത്രമണ്ഡലങ്ങള്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
2 വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
3 സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
4 ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
5 അതായത്‌ വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
6 അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
7 സത്യവിശ്വാസികളെക്കൊണ്ട്‌ തങ്ങള്‍ ചെയ്യുന്നതിന്‌ അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
8 പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത്‌ മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
9 ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
10 സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട്‌ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക്‌ ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
11 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.
12 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത്‌ തന്നെയാകുന്നു.
13 തീര്‍ച്ചയായും അവന്‍ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച്‌ ഉണ്ടാക്കുന്നതും.
14 അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
15 സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
16 താന്‍ ഉദ്ദേശിക്കുന്നതെന്തോ അത്‌ തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.
17 ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയിരിക്കുന്നോ?
18 അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
19 അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.
20 അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
21 അല്ല, അത്‌ മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
22 സംരക്ഷിതമായ ഒരു ഫലകത്തിലാണ്‌ അതുള്ളത്‌

കുറിപ്പുകൾ: സൂറത്തുൽ ബുറൂജ് (85)

1. നക്ഷത്ര പഥങ്ങളും സാക്ഷ്യവും: നക്ഷത്ര മണ്ഡലങ്ങളുള്ള ആകാശത്തെയും, വാഗ്ദാനം ചെയ്യപ്പെട്ട അന്ത്യദിനത്തെയും കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. പ്രപഞ്ചത്തിലെ കൃത്യമായ വ്യവസ്ഥകളും പരലോകവും തമ്മിലുള്ള ബന്ധത്തെ ഇത് സൂചിപ്പിക്കുന്നുവെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. അഖ്ദൂദ് (കിടങ്ങ്) സംഭവങ്ങൾ: വിശ്വാസികളെ ദ്രോഹിക്കാൻ വേണ്ടി തീക്കുണ്ടങ്ങൾ ഒരുക്കിയ ഒരു ജനതയെക്കുറിച്ച് (അസ്ഹാബുൽ ഉഖ്ദൂദ്) ഇതിൽ പരാമർശിക്കുന്നു. സത്യവിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാത്ത സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ അവർ അഗ്നിയിലേക്ക് എറിഞ്ഞു. അല്ലാഹുവിൽ വിശ്വസിച്ചു എന്നത് മാത്രമായിരുന്നു അവർ ചെയ്ത കുറ്റമെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. അല്ലാഹുവിൻ്റെ ശിക്ഷയും കാരുണ്യവും: വിശ്വാസികളെ പീഡിപ്പിക്കുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് നരകശിക്ഷയും കത്തിയെരിയുന്ന അഗ്നിയും ഉണ്ടെന്ന് അല്ലാഹു താക്കീത് നൽകുന്നു. എന്നാൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അരുവികൾ ഒഴുകുന്ന സ്വർഗ്ഗമുണ്ട്. അതാണ് ഏറ്റവും വലിയ വിജയം.

4. ഫിർഔനും ഥമൂദും: സത്യനിഷേധത്തിന് ഇരയായ മുൻകാല സൈന്യങ്ങളായ ഫിർഔൻ്റെയും ഥമൂദ് ഗോത്രത്തിൻ്റെയും ചരിത്രം ഇതിൽ ഓർമ്മിപ്പിക്കുന്നു. എത്ര വലിയ ശക്തികളാണെങ്കിലും അല്ലാഹുവിൻ്റെ പിടിത്തം കഠിനമാണെന്നും അവൻ അവരെ വലയം ചെയ്തിരിക്കുകയാണെന്നും അമാനി തഫ്സീർ വിവരിക്കുന്നു.

5. ലൗഹുൽ മഹ്ഫൂള് (സംരക്ഷിത ഫലകം): ഈ ഖുർആൻ മാറ്റത്തിരുത്തലുകൾക്ക് വിധേയമല്ലാത്ത ഉന്നതമായ ഒന്നാണെന്നും അത് 'ലൗഹുൽ മഹ്ഫൂദിൽ' സംരക്ഷിക്കപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ടാണ് അധ്യായം അവസാനിക്കുന്നത്. ഖുർആൻ്റെ അന്യൂനതയും പവിത്രതയും ഇത് അടിവരയിടുന്നു.