അദ്ധ്യായം 84: ഇന്ഷിഖാഖ് (പൊട്ടിപിളരല്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 ആകാശം പിളരുമ്പോൾ,
2 അത്‌ അതിന്‍റെ രക്ഷിതാവിന്‌ കീഴ്പെടുകയും ചെയ്യുമ്പോൾ-അത്‌ (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.
3 ഭൂമി നീട്ടപ്പെടുമ്പോൾ
4 അതിലുള്ളത്‌ അത്‌ (പുറത്തേക്ക്‌) ഇടുകയും, അത്‌ കാലിയായിത്തീരുകയും ചെയ്യുമ്പോൾ,
5 അതിന്‍റെ രക്ഷിതാവിന്‌ അത്‌ കീഴ്പെടുകയും ചെയ്യുമ്പോൾ- അത്‌ (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.
6 ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.
7 എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന്‌ തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,
8 അവന്‍ ലഘുവായ വിചാരണയ്ക്ക്‌ (മാത്രം) വിധേയനാകുന്നതാണ്‌.
9 അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ സന്തുഷ്ടനായിക്കൊണ്ട്‌ തിരിച്ചുപോകുകയും ചെയ്യും.
10 എന്നാല്‍ ഏതൊരുവന്‌ തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ
11 അവന്‍ നാശമേ എന്ന്‌ നിലവിളിക്കുകയും,
12 ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന്‌ എരിയുകയും ചെയ്യും.
13 തീർച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.
14 തീർച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.
15 അതെ, തീർച്ചയായും അവന്‍റെ രക്ഷിതാവ്‌ അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.
16 എന്നാല്‍ അസ്തമയശോഭയെക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു:
17 രാത്രിയും അതു ഒന്നിച്ച്‌ ചേര്‍ക്കുന്നവയും കൊണ്ടും,
18 ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.
19 തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.
20 എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.
21 അവര്‍ക്ക്‌ ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ്‌ ചെയ്യുന്നുമില്ല.
22 പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.
23 അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച്‌ വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
24 ആകയാല്‍ (നബിയേ,) നീ അവര്‍ക്ക്‌ വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
25 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക്‌ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

കുറിപ്പുകൾ: സൂറത്തുൽ ഇൻഷിഖാഖ് (84)

1. പ്രപഞ്ചത്തിൻ്റെ വിധേയത്വം: ആകാശം പൊട്ടിപ്പിളരുകയും ഭൂമി നിരത്തപ്പെടുകയും ചെയ്യുമ്പോഴുള്ള ദൃശ്യങ്ങളാണ് ഈ അധ്യായം അവതരിപ്പിക്കുന്നത്. ആകാശവും ഭൂമിയും തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനയ്ക്ക് പൂർണ്ണമായി കീഴ്പ്പെടുമെന്ന് അമാനി തഫ്സീർ വിവരിക്കുന്നു. ഇത് പ്രപഞ്ചത്തിൻ്റെ അന്ത്യത്തെയും പുനർനിർമ്മാണത്തെയും സൂചിപ്പിക്കുന്നു.

2. മനുഷ്യൻ്റെ കഠിനാധ്വാനം: "ഹേ മനുഷ്യാ, നീ നിൻ്റെ രക്ഷിതാവിങ്കലേക്ക് കഠിനമായ പ്രയത്നം നടത്തി ചെന്നെത്തുന്നവനാണ്" (സൂക്തം 6). നന്മയായാലും തിന്മയായാലും മനുഷ്യൻ ചെയ്യുന്ന ഓരോ കാര്യവും അല്ലാഹുവിനെ കണ്ടുമുട്ടുന്ന ഒരു ഘട്ടത്തിലേക്കാണ് അവനെ നയിക്കുന്നതെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. കർമ്മരേഖ വലതുകൈയ്യിൽ ലഭിക്കുന്നവർ: തൻ്റെ കർമ്മരേഖ വലതുകൈയ്യിൽ നൽകപ്പെടുന്നവർക്ക് വിചാരണ വളരെ ലളിതമായിരിക്കും. അവർ സന്തോഷത്തോടെ തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങും. ഇത് വിശ്വാസികൾക്ക് പരലോകത്ത് ലഭിക്കുന്ന വലിയ ആശ്വാസമാണെന്ന് ഈ അധ്യായം പഠിപ്പിക്കുന്നു.

4. പുറകിലൂടെ കർമ്മരേഖ ലഭിക്കുന്നവർ: എന്നാൽ സത്യനിഷേധികളായവർക്ക് അവരുടെ കർമ്മരേഖ പുറകിലൂടെയാണ് നൽകപ്പെടുക. അവർ നാശത്തെ വിളിച്ചപേക്ഷിക്കുകയും നരകത്തിൽ കത്തിയെരിയുകയും ചെയ്യും. ഭൂമിയിൽ വെച്ച് അഹങ്കാരത്തോടെ കഴിഞ്ഞിരുന്നവർക്കും പരലോകത്തെക്കുറിച്ച് ചിന്തിക്കാത്തവർക്കുമുള്ള ശിക്ഷയാണിതെന്ന് ഖുർആൻ താക്കീത് ചെയ്യുന്നു.

5. അല്ലാഹുവിൻ്റെ സത്യം ചെയ്യൽ: സന്ധ്യാശോഭയെക്കൊണ്ടും രാത്രിയെക്കൊണ്ടും ചന്ദ്രനെക്കൊണ്ടും അല്ലാഹു സത്യം ചെയ്യുന്നു. മനുഷ്യൻ്റെ ജീവിതത്തിൽ ഘട്ടംഘട്ടമായ മാറ്റങ്ങൾ (മരണം, ഖബർ, ഉയിർത്തെഴുന്നേൽപ്പ്) സംഭവിക്കുമെന്ന് ഉറപ്പിക്കാനാണ് ഈ സത്യം ചെയ്യലുകൾ. ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ സുജൂദ് ചെയ്യാത്ത (സൂക്തം 21 - തിലാവത്തിൻ്റെ സുജൂദ്) അവിശ്വാസികളെ അല്ലാഹു ഇതിൽ വിമർശിക്കുന്നു.