അദ്ധ്യായം 77: മുര്‍സലാത്ത് (അയക്കപ്പെടുന്നവര്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 തുടരെത്തുടരെ അയക്കപ്പെടുന്നവയും,
2 ശക്തിയായി ആഞ്ഞടിക്കുന്നവയും,
3 പരക്കെ വ്യാപിപ്പിക്കുന്നവയും,
4 വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
5 ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
6 ഒരു ഒഴികഴിവായിക്കൊണ്ടോ താക്കീതായിക്കൊണ്ടോ
7 തീര്‍ച്ചയായും നിങ്ങളോട്‌ താക്കീത്‌ ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
8 നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
9 ആകാശം പിളര്‍ത്തപ്പെടുകയും,
10 പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
11 ദൂതന്‍മാര്‍ക്ക്‌ സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
12 ഏതൊരു ദിവസത്തേക്കാണ്‌ അവര്‍ക്ക്‌ അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?
13 തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!
14 ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന്‌ നിനക്കറിയുമോ?
40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
16 പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
17 പിന്നീട്‌ പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
18 അപ്രകാരമാണ്‌ നാം കുറ്റവാളികളെക്കൊണ്ട്‌ പ്രവര്‍ത്തിക്കുക.
19 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
20 നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്‌ നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
21 എന്നിട്ട്‌ നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
22 നിശ്ചിതമായ ഒരു അവധി വരെ.
23 അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
25 ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
26 മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
27 അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
29 (ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത്‌ അതിലേക്ക്‌ നിങ്ങള്‍ പോയി ക്കൊള്ളുക.
30 മൂന്ന്‌ ശാഖകളുള്ള ഒരു തരം തണലിലേക്ക്‌ നിങ്ങള്‍ പോയിക്കൊള്ളുക.
31 അത്‌ തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതുമല്ല.
32 തീർച്ചയായും അത്‌ (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
33 അത്‌ (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
35 അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.
36 അവര്‍ക്ക്‌ ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
38 (അന്നവരോട്‌ പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
39 ഇനി നിങ്ങള്‍ക്ക്‌ വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
41 തീർച്ചയായും സൂക്ഷ്മത പാലിച്ചവർ (സ്വർഗത്തിൽ) തണലുകളിലും അരുവികൾക്കിടയിലുമാകുന്നു.
42 അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവർഗങ്ങളുടെ ഇടയിലും.
43 (അവരോട്‌ പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
44 തീർച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തർക്ക്‌ പ്രതിഫലം നൽകുന്നത്‌.
49 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
46 (അവരോട്‌ പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീർച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
49 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
48 അവരോട്‌ കുമ്പിടൂ എന്ന്‌ പറയപ്പെട്ടാല്‍ അവർ കുമ്പിടുകയില്ല.
49 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
50 ഇനി ഇതിന്‌ (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വർത്തമാനത്തിലാണ്‌ അവർ വിശ്വസിക്കുന്നത്‌?

കുറിപ്പുകൾ: സൂറത്തുൽ മുർസലാത്ത് (77)

1. സത്യം ചെയ്തുകൊണ്ടുള്ള തുടക്കം: തുടർച്ചയായി അയക്കപ്പെടുന്ന കാറ്റുകൾ (അല്ലെങ്കിൽ മലക്കുകൾ) തുടങ്ങി പ്രപഞ്ചത്തിലെ അഞ്ച് പ്രതിഭാസങ്ങളെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. നിങ്ങൾക്ക് നൽകപ്പെട്ട വാഗ്ദാനം (അന്ത്യദിനം) തീർച്ചയായും സംഭവിക്കുന്നതാണെന്ന് ഉറപ്പിക്കാനാണ് ഈ സത്യം ചെയ്യലെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. അന്ത്യദിനത്തിൻ്റെ അടയാളങ്ങൾ: നക്ഷത്രങ്ങൾ മങ്ങുകയും, ആകാശം പിളരുകയും, പർവ്വതങ്ങൾ പൊടിപൊടിയായി പറക്കപ്പെടുകയും ചെയ്യുന്ന ആ വലിയ ദിവസത്തെക്കുറിച്ച് ഇതിൽ വിവരിക്കുന്നു. സത്യത്തെ നിഷേധിച്ചവർക്ക് അന്ന് വലിയ നാശമുണ്ടായിരിക്കുമെന്ന് ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കുന്നു.

3. വയ്‌ലുൻ യൗമഇദിൽ ലിൽ മുഖദ്ദിബീൻ: "സത്യനിഷേധികൾക്ക് അന്നേ ദിവസം നാശം!" എന്ന വചനം ഈ അധ്യായത്തിൽ പത്ത് തവണ ആവർത്തിച്ചു വരുന്നു. ഓരോ ദൃഷ്ടാന്തം വിവരിച്ച ശേഷവും ഇത് ആവർത്തിക്കുന്നത് അവിശ്വാസികൾക്കുള്ള കഠിനമായ താക്കീതും വിഷയത്തിൻ്റെ ഗൗരവവുമാണ് കാണിക്കുന്നതെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ കാണാം.

4. സൃഷ്ടിപ്പും ഭൂമിയും: മനുഷ്യനെ നിസ്സാരമായ ഒരു ദ്രാവകത്തിൽ നിന്ന് സൃഷ്ടിച്ചതിനെക്കുറിച്ചും, ഭൂമിയെ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഒരു താവളമാക്കി മാറ്റിയതിനെക്കുറിച്ചും അല്ലാഹു ഓർമ്മിപ്പിക്കുന്നു. ഇത്രയൊക്കെ ദൃഷ്ടാന്തങ്ങൾ ഉണ്ടായിട്ടും വിശ്വസിക്കാത്തവരെ ഈ അധ്യായം ചോദ്യം ചെയ്യുന്നു.

5. നരകശിക്ഷയുടെ ഭീകരത: മൂന്ന് ശാഖകളുള്ള പുകയുടെ തണലിലേക്ക് (യഥാർത്ഥത്തിൽ തണലല്ലാത്തത്) പോകാൻ നരകവാസികളോട് കൽപ്പിക്കും. നരകം പുറത്തേക്ക് വിടുന്ന തീപ്പൊരികൾ വലിയ കൊട്ടാരങ്ങൾ പോലെയുണ്ടാകുമെന്ന് ഖുർആൻ വർണ്ണിക്കുന്നു. സത്യവിശ്വാസികൾക്ക് തോട്ടങ്ങളും നീരുറവകളും പ്രതിഫലമായി ലഭിക്കുമെന്നും പറഞ്ഞുകൊണ്ട് അധ്യായം അവസാനിക്കുന്നു.