89: ഫജ്ര്‍ (പ്രഭാതം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
പ്രഭാതം തന്നെയാണ സത്യം.
1 وَالْفَجْرِ
പത്തു രാത്രികള്‍ തന്നെയാണ സത്യം.
2 وَلَيَالٍ عَشْرٍ
ഇരട്ടയും ഒറ്റയും തന്നെയാണ സത്യം
3 وَالشَّفْعِ وَالْوَتْرِ
രാത്രി സഞ്ചരിച്ച്‌ കൊണ്ടിരിക്കെ അത്‌ തന്നെയാണ സത്യം.
4 وَاللَّيْلِ إِذَا يَسْرِ
അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന്‌ സത്യത്തിന്‌ വകയുണേ്ടാ?
5 هَلْ فِي ذَلِكَ قَسَمٌ لِّذِي حِجْرٍ
ആദ്‌ സമുദായത്തെ കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ എന്തു ചെയ്തുവെന്ന്‌ നീ കണ്ടില്ലേ?
6 أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
അതായത്‌ തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌
7 إِرَمَ ذَاتِ الْعِمَادِ
തത്തുല്യമായിട്ടൊന്ന്‌ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
8 الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ
താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ്‌ ഗോത്രത്തെക്കൊണ്ടും
9 وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.
10 وَفِرْعَوْنَ ذِي الْأَوْتَادِ
നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
11 الَّذِينَ طَغَوْا فِي الْبِلَادِ
അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
12 فَأَكْثَرُوا فِيهَا الْفَسَادَ
അതിനാല്‍ നിന്‍റെ രക്ഷിതാവ്‌ അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
13 فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.
14 إِنَّ رَبَّكَ لَبِالْمِرْصَادِ
എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ്‌ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന്‌ സൗഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ്‌ എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.
15 فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ
എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ്‌ എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.
16 وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ
അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
17 كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ
പാവപ്പെട്ടവന്‍റെ ആഹാരത്തിന്‌ നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.
18 وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ
അനന്തരാവകാശ സ്വത്ത്‌ നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.
19 وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا
ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.
20 وَتُحِبُّونَ الْمَالَ حُبًّا جَمًّا
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,
21 كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا
നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,
22 وَجَاء رَبُّكَ وَالْمَلَكُ صَفًّا صَفًّا
അന്ന്‌ നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന്‌ ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന്‌ ഓര്‍മ വരുന്നത്‌?
23 وَجِيءَ يَوْمَئِذٍ بِجَهَنَّمَ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّى لَهُ الذِّكْرَى
അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
24 يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي
അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.
25 فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ
അവന്‍ പിടിച്ചു ബന്ധിക്കുന്നത്‌ പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
26 وَلَا يُوثِقُ وَثَاقَهُ أَحَدٌ
ഹേ; സമാധാനമടഞ്ഞ ആത്മാവേ,
27 يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ
നീ നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.
28 ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً
എന്നിട്ട്‌ എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
29 فَادْخُلِي فِي عِبَادِي
എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.
30 وَادْخُلِي جَنَّتِي

കുറിപ്പുകൾ: സൂറത്തുൽ ഫജ്‌ർ (89)

1. സത്യം ചെയ്തുകൊണ്ടുള്ള തുടക്കം: പ്രഭാതം, പത്ത് രാത്രികൾ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ എന്ന് പ്രബലമായ അഭിപ്രായം), ഇരട്ടയും ഒറ്റയും, രാത്രി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നിവയെക്കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. വിവേകമുള്ളവർക്ക് ചിന്തിക്കാൻ ഇതിൽ വലിയ ദൃഷ്ടാന്തങ്ങളുണ്ടെന്ന് അമാനി തഫ്സീർ വിവരിക്കുന്നു. സത്യനിഷേധികൾക്ക് അല്ലാഹുവിൻ്റെ ശിക്ഷ വരാനിരിക്കുന്നു എന്നതിന് മുന്നോടിയായാണ് ഈ സത്യം ചെയ്യലുകൾ.

2. മുൻകാല ജനതകളുടെ നാശം: വളരെയേറെ കരുത്തരായിരുന്ന ആദ് വർഗ്ഗത്തെയും (ഇറം നഗരം), പർവ്വതങ്ങൾ തുരന്ന് വീടുണ്ടാക്കിയ ഥമൂദ് വർഗ്ഗത്തെയും, ആപ്പുകളുടെ ഉടമയായ ഫിർഔനെയും അല്ലാഹു എങ്ങനെ നശിപ്പിച്ചു എന്ന് ഇതിൽ ഓർമ്മിപ്പിക്കുന്നു. അവർ ഭൂമിയിൽ അതിക്രമം കാണിച്ചപ്പോൾ അല്ലാഹു അവരുടെ മേൽ ശിക്ഷയുടെ ചാട്ടവാർ വർഷിച്ചുവെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. മനുഷ്യൻ്റെ തെറ്റായ ചിന്താഗതി: അല്ലാഹു സമ്പത്തും സൗകര്യങ്ങളും നൽകി പരീക്ഷിക്കുമ്പോൾ താൻ അല്ലാഹുവിന് പ്രിയപ്പെട്ടവനാണെന്ന് മനുഷ്യൻ കരുതുന്നു. എന്നാൽ ജീവസന്ധാരണം മുട്ടുമ്പോഴാകട്ടെ അല്ലാഹു തന്നെ അപമാനിച്ചുവെന്നും അവൻ പരാതിപ്പെടുന്നു. ഈ രണ്ട് അവസ്ഥകളും പരീക്ഷണമാണെന്നും നന്ദിയും ക്ഷമയുമാണ് വേണ്ടതെന്നും ഖുർആൻ പഠിപ്പിക്കുന്നു.

4. സാമൂഹിക തിന്മകൾ: അനാഥകളെ ആദരിക്കാതിരിക്കുക, പാവങ്ങൾക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കാതിരിക്കുക, അനന്തരാവകാശ സ്വത്ത് അന്യായമായി ഭുജിക്കുക, ധനത്തോട് അമിതമായ സ്നേഹം കാണിക്കുക എന്നിവയെ അല്ലാഹു കഠിനമായി വിമർശിക്കുന്നു. ഇത്തരം സ്വഭാവങ്ങൾ മനുഷ്യനെ പരലോകത്ത് കഷ്ടത്തിലാക്കുമെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

5. ശാന്തമായ മനസ്സ് (നഫ്‌സുൽ മുത്മഇന്ന): അന്ത്യനാളിൽ ഭൂമി തകർക്കപ്പെടുകയും മലക്കുകൾ അണിനിരക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ ഖേദിക്കും. എന്നാൽ സത്യവിശ്വാസിയായ 'ശാന്തമായ മനസ്സിനോട്' അല്ലാഹു പറയും: "ഹേ ശാന്തമായ മനസ്സേ, നീ നിൻ്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങുക. എൻ്റെ ദാസന്മാരുടെ കൂട്ടത്തിൽ പ്രവേശിക്കുക, എൻ്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക."