86: ത്വാരിഖ് (രാത്രിയില്‍ വരുന്നത്)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
1 وَالسَّمَاءِ وَالطَّارِقِ
രാത്രിയില്‍ വരുന്നത്‌ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
2 وَمَا أَدْرَاكَ مَا الطَّارِقُ
തുളച്ച്‌‌ കയറുന്ന നക്ഷത്രമത്രെ അത്‌.
3 النَّجْمُ الثَّاقِبُ
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായി ക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
4 إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
5 فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
6 خُلِقَ مِن مَّاءٍ دَافِقٍ
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌ അത്‌ പുറത്തു വരുന്നു.
7 يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ
അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
8 إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
9 يَوْمَ تُبْلَى السَّرَائِرُ
അപ്പോള്‍ അവന്‌ (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
10 فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ
ആവര്‍ത്തിച്ച്‌ മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
11 وَالسَّمَاءِ ذَاتِ الرَّجْعِ
സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
12 وَالْأَرْضِ ذَاتِ الصَّدْعِ
തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
13 إِنَّهُ لَقَوْلٌ فَصْلٌ
ഇതു തമാശയല്ല.
14 وَمَا هُوَ بِالْهَزْلِ
തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
15 إِنَّهُمْ يَكِيدُونَ كَيْدًا
ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
16 وَأَكِيدُ كَيْدًا
ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക്‌ കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക്‌ അവര്‍ക്ക്‌ താമസം നല്‍കിയേക്കുക.
17 فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا

കുറിപ്പുകൾ: സൂറത്തുത്ത്വാരിഖ് (86)

1. അത്വാരിഖ് (രാത്രിയിൽ പ്രത്യക്ഷപ്പെടുന്നത്): ആകാശത്തെയും രാത്രിയിൽ ഉദിച്ചു വരുന്നതിനെയും (അത്വാരിഖ്) കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. തുളച്ചുകയറുന്ന പ്രകാശമുള്ള നക്ഷത്രത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഓരോ മനുഷ്യനും അല്ലാഹുവിങ്കൽ നിന്നുള്ള ഒരു കാവൽക്കാരൻ (മലക്ക്) നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. മനുഷ്യ സൃഷ്ടിപ്പിലെ അത്ഭുതം: മനുഷ്യൻ താൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ചിന്തിക്കട്ടെ എന്ന് അല്ലാഹു ആവശ്യപ്പെടുന്നു. നട്ടെല്ലിനും വാരിയെല്ലുകൾക്കും ഇടയിൽ നിന്ന് തെറിച്ചു പുറപ്പെടുന്ന ഒരു ദ്രാവകത്തിൽ നിന്നാണ് അവൻ സൃഷ്ടിക്കപ്പെട്ടത്. ഇത്തരത്തിൽ മനുഷ്യനെ ഉത്ഭവിപ്പിച്ചവന് അവനെ മരണശേഷം വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തീർച്ചയായും കഴിവുണ്ടെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. രഹസ്യങ്ങൾ വെളിപ്പെടുന്ന ദിവസം: മനുഷ്യൻ്റെ ഉള്ളിലെ രഹസ്യങ്ങൾ പരീക്ഷിക്കപ്പെടുകയും വെളിവാക്കപ്പെടുകയും ചെയ്യുന്ന ഒരു ദിവസത്തെക്കുറിച്ച് (അന്ത്യനാൾ) ഈ അധ്യായം താക്കീത് നൽകുന്നു. അന്ന് മനുഷ്യന് സ്വന്തമായി കരുത്തോ തന്നെ സഹായിക്കാൻ മറ്റാരെങ്കിലുമോ ഉണ്ടാകില്ല.

4. ആകാശവും ഭൂമിയും സാക്ഷി: മഴ വർഷിപ്പിക്കുന്ന ആകാശത്തെയും സസ്യങ്ങൾക്കായി പിളരുന്ന ഭൂമിയെയും കൊണ്ട് സത്യം ചെയ്തുകൊണ്ട്, ഖുർആൻ ഗൗരവമേറിയ ഒരു തീരുമാനമാണെന്നും അത് വെറുമൊരു തമാശയല്ലെന്നും അല്ലാഹു പ്രഖ്യാപിക്കുന്നു. സത്യവും അസത്യവും വേർതിരിക്കുന്ന ദർശനമാണിതെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

5. ശത്രുക്കളുടെ തന്ത്രവും അല്ലാഹുവിൻ്റെ പദ്ധതിയും: സത്യനിഷേധികൾ ഇസ്‌ലാമിനെ തകർക്കാൻ തന്ത്രങ്ങൾ മെനയുന്നു. എന്നാൽ അല്ലാഹു അതിനെതിരെ തൻ്റെതായ പദ്ധതികൾ ഒരുക്കുന്നുണ്ട്. അതിനാൽ സത്യനിഷേധികൾക്ക് അല്പം സമയം നൽകുക, അവർക്ക് പരിണതി വൈകാതെ മനസ്സിലാകുമെന്ന് പ്രവാചകനെ ആശ്വസിപ്പിച്ചുകൊണ്ട് അധ്യായം അവസാനിക്കുന്നു.