67: മുല്‍ക്ക് (ആധിപത്യം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവൻ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
1 تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
നിങ്ങളിൽ ആരാണ്‌ കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന്‌ പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
2 الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ
ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവൻ. പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാൽ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?
3 الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ
പിന്നീട്‌ രണ്ടു തവണ നീ കണ്ണിനെ തിരിച്ച്‌ കൊണ്ട്‌ വരൂ. നിന്റെ അടുത്തേക്ക്‌ ആ കണ്ണ്‌ പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.
4 ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ
ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവർക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
5 وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ
തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർക്കാണ്‌ നരക ശിക്ഷയുള്ളത്‌. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.
6 وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ
അവർ അതിൽ (നരകത്തിൽ) എറിയപ്പെട്ടാൽ അതിന്നവർ ഒരു ഗർജ്ജനം കേൾക്കുന്നതാണ്‌. അത്‌ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.
7 إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ
കോപം നിമിത്തം അത്‌ പൊട്ടിപ്പിളർന്ന്‌ പോകുമാറാകും. അതിൽ (നരകത്തിൽ) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവൽക്കാർ അവരോട്‌ ചോദിക്കും: നിങ്ങളുടെ അടുത്ത്‌ മുന്നറിയിപ്പുകാരൻ വന്നിരുന്നില്ലേ?
8 تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ
അവർ പറയും: അതെ ഞങ്ങൾക്ക്‌ മുന്നറിയിപ്പുകാരൻ വന്നിരുന്നു. അപ്പോൾ ഞങ്ങൾ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല, നിങ്ങൾ വലിയ വഴികേടിൽ തന്നെയാകുന്നു എന്ന് ഞങ്ങൾ പറയുകയുമാണ് ചെയ്തത്.
9 قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ
ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവർ പറയും.
10 وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ
അങ്ങനെ അവർ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോൾ നരകാഗ്നിയുടെ ആൾക്കാർക്കു ശാപം.
11 فَاعْتَرَفُوا بِذَنبِهِمْ فَسُحْقًا لِّأَصْحَابِ السَّعِيرِ
തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയിൽ ഭയപ്പെടുന്നവരാരോ അവർക്ക്‌ പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.
12 إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
നിങ്ങളുടെ വാക്ക്‌ നിങ്ങൾ രഹസ്യമാക്കുക. അല്ലെങ്കിൽ പരസ്യമാക്കിക്കൊള്ളുക. തീർച്ചയായും അവൻ (അല്ലാഹു) ഹൃദയങ്ങളിലുള്ളത്‌ അറിയുന്നവനാകുന്നു.
13 وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
സൃഷ്ടിച്ചുണ്ടാക്കിയവൻ (എല്ലാം) അറിയുകയില്ലേ? അവൻ നിഗൂഢരഹസ്യങ്ങൾ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
14 أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ
അവനാകുന്നു നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവൻ. അതിനാൽ അതിന്റെ ചുമലുകളിലൂടെ നിങ്ങൾ നടക്കുകയും അവന്റെ ഉപജീവനത്തിൽ നിന്ന്‌ ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക്‌ തന്നെയാണ്‌ ഉയിർത്തെഴുന്നേൽപ്‌.
15 هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ
ആകാശത്തുള്ളവൻ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? അപ്പോൾ അത്‌ (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും.
16 أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هي تَمُورُ
അതല്ല, ആകാശത്തുള്ളവൻ നിങ്ങളുടെ നേരെ ഒരു ചരൽ വർഷം അയക്കുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? എന്റെ താക്കീത്‌ എങ്ങനെയുണ്ടെന്ന്‌ നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.
17 أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ
തീർച്ചയായും അവർക്ക്‌ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അപ്പോൾ എന്റെ പ്രതിഷേധം എങ്ങനെയായിരുന്നു!
18 وَلَقَدْ كَذَّبَ الَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ
അവർക്കു മുകളിൽ ചിറക്‌ വിടർത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേർക്ക്‌ അവർ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിർത്തുന്നില്ല. തീർച്ചയായും അവൻ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.
19 أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ
അതല്ല പരമകാരുണികന്‌ പുറമെ നിങ്ങളെ സഹായിക്കുവാൻ ഒരു പട്ടാളമായിട്ടുള്ളവൻ ആരുണ്ട്‌? സത്യനിഷേധികൾ വഞ്ചനയിൽ അകപ്പെട്ടിരിക്കുക മാത്രമാകുന്നു.
20 أَمَّنْ هَٰذَا الَّذِي هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ الرَّحْمَٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ
അതല്ലെങ്കിൽ അല്ലാഹു തന്റെ ഉപജീവനം നിർത്തിവെച്ചാൽ നിങ്ങൾക്ക്‌ ഉപജീവനം നൽകുന്നവനായി ആരുണ്ട്‌? എങ്കിലും അവർ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു.
21 أَمَّنْ هَٰذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ ۚ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ
അപ്പോൾ, മുഖം നിലത്തു കുത്തിക്കൊണ്ട്‌ നടക്കുന്നവനാണോ സൻമാർഗം പ്രാപിക്കുന്നവൻ? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക്‌ നടക്കുന്നവനോ?
22 أَفَمَن يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّن يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُّسْتَقِيمٍ
പറയുക: അവനാണ്‌ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങൾക്ക്‌ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഏർപെടുത്തിത്തരികയും ചെയ്തവൻ. കുറച്ചു മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.
23 قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَّا تَشْكُرُونَ
പറയുക: അവനാണ്‌ നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ച്‌ വളർത്തിയവൻ. അവങ്കലേക്കാണ്‌ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.
24 قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ
അവർ പറയുന്നു: എപ്പോഴാണ്‌ ഈ വാഗ്ദാനം (പുലരുന്നത്‌?) നിങ്ങൾ സത്യവാൻമാരാണെങ്കിൽ (അതൊന്ന്‌ പറഞ്ഞുതരൂ)
25 وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ
പറയുക: ആ അറിവ്‌ അല്ലാഹുവിന്റെ പക്കൽ മാത്രമാകുന്നു. ഞാൻ വ്യക്തമായ താക്കീതുകാരൻ മാത്രമാകുന്നു.
26 قُلْ إِنَّمَا الْعِلْمُ عِندَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ
അത്‌ (താക്കീത്‌ നൽകപ്പെട്ട കാര്യം) സമീപസ്ഥമായി അവർ കാണുമ്പോൾ സത്യനിഷേധികളുടെ മുഖങ്ങൾക്ക്‌ മ്ലാനത ബാധിക്കുന്നതാണ്‌. നിങ്ങൾ ഏതൊന്നിനെപ്പറ്റി വാദിച്ച്‌ കൊണ്ടിരുന്നുവോ അതാകുന്നു ഇത്‌ എന്ന്‌ (അവരോട്‌) പറയപ്പെടുകയും ചെയ്യും.
27 فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَٰذَا الَّذِي كُنتُم بِهِ تَدَّعُونَ
പറയുക: നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കിൽ ഞങ്ങളോടവൻ കരുണ കാണിക്കുകയോ ചെയ്താൽ വേദനയേറിയ ശിക്ഷയിൽ നിന്ന്‌ സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്‌?
28 قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّهُ وَمَن مَّعِيَ أَوْ رَحِمَنَا فَمَن يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ
പറയുക: അവനാകുന്നു പരമകാരുണികൻ. അവനിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ വഴിയെ നിങ്ങൾക്കറിയാം; ആരാണ്‌ വ്യക്തമായ വഴികേടിലെന്ന്‌.
29 قُلْ هُوَ الرَّحْمَٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُّبِينٍ
പറയുക: നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാൽ ആരാണ്‌ നിങ്ങൾക്ക്‌ ഒഴുകുന്ന ഉറവു വെള്ളം കൊണ്ട്‌ വന്നു തരിക?
30 قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَاءٍ مَّعِينٍ

കുറിപ്പുകൾ: സൂറത്തുൽ മുൽക് (67)

1. പ്രപഞ്ചാധിപത്യം: ആധിപത്യം അല്ലാഹുവിൻ്റെ കയ്യിലാണെന്നും അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഈ അധ്യായം തുടങ്ങുന്നത്. ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളുടെയും നിയന്ത്രണാധികാരം അല്ലാഹുവിനാണെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ലക്ഷ്യം: നിങ്ങളിൽ ആരാണ് നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കാനാണ് അല്ലാഹു മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചതെന്ന് ഖുർആൻ വ്യക്തമാക്കുന്നു (സൂക്തം 2). ജീവിതം വെറുമൊരു വിനോദമല്ലെന്നും അത് കൃത്യമായ ഉത്തരവാദിത്തമാണെന്നും ഇത് പഠിപ്പിക്കുന്നു.

3. ആകാശസൃഷ്ടിപ്പിലെ പൂർണ്ണത: ഏഴ് ആകാശങ്ങളെ അല്ലാഹു ഒന്നിനുമീതെ ഒന്നായി സൃഷ്ടിച്ചു. അതിൻ്റെ നിർമ്മാണത്തിൽ യാതൊരു വിള്ളലോ പോരായ്മയോ കണ്ടെത്താൻ കഴിയില്ലെന്ന് അല്ലാഹു വെല്ലുവിളിക്കുന്നു. എത്ര നോക്കിയാലും കാഴ്ച തളർന്നു മടങ്ങുകയല്ലാതെ പ്രപഞ്ചസൃഷ്ടിപ്പിൽ പിഴവ് കണ്ടെത്താനാവില്ലെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ കാണാം.

4. നരകത്തിലെ കാവൽക്കാരുടെ ചോദ്യം: സത്യനിഷേധികൾ നരകത്തിൽ എറിയപ്പെടുമ്പോൾ അവിടുത്തെ കാവൽക്കാർ അവരോട് ചോദിക്കും: "നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ആരും വന്നില്ലേ?" അന്ന് അവർ മറുപടി പറയും: "ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ നരകാവകാശികളാകുമായിരുന്നില്ല." ചിന്താശേഷി ഉപയോഗിക്കാത്തതിൻ്റെ പരിണതിയാണിത്.