പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 008 അന്‍ഫാല്‍

Back Home Up Next

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

 1. ( നബിയേ, ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

 2. അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച്‌ നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌ സത്യവിശ്വാസികള്‍.

 3. നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുകയും ചെയ്യുന്നവര്‍.

 4. അവര്‍ തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്‌. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്‌.

 5. വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെ ത്തന്നെ നിന്‍റെ വീട്ടില്‍ നിന്ന്‌ ന്യായമായ കാര്യത്തിന്‌ നിന്‍റെ രക്ഷിതാവ്‌ നിന്നെ പുറത്തിറക്കിയത്‌ പോലെത്തന്നെയാണിത്‌.

 6. ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട്‌ തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക്‌ അവര്‍ നയിക്കപ്പെടുന്നത്‌ പോലെ.

 7. രണ്ടു സംഘങ്ങളിലൊന്ന്‌ നിങ്ങള്‍ക്ക്‌ അധീനമാകുമെന്ന്‌ അല്ലാഹു നിങ്ങളോട്‌ വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട്‌ മുറിച്ചുകളയുവാനും ആണ്‌ ഉദ്ദേശിച്ചിരുന്നത്‌.

 8. സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്ടന്‍മാര്‍ക്ക്‌ അതെത്ര അനിഷ്ടകരമായാലും ശരി.

 9. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ സഹായം തേടിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട്‌ ഞാന്‍ നിങ്ങള്‍ക്ക്‌ സഹായം നല്‍കുന്നതാണ്‌ എന്ന്‌ അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.

 10. ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്കു സമാധാനം നല്‍കുന്നതിന്‌ വേണ്ടിയും മാത്രമാണ്‌ അല്ലാഹു അത്‌ ഏര്‍പെടുത്തിയത്‌. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

 11. അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട്‌ ആവരണം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന്‌ പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും ( ഓര്‍ക്കുക. )

 12. നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.

 13. അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്‌. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌.

 14. അതാ അതു നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്ക്‌ തന്നെയാണ്‌ നരകശിക്ഷ എന്ന്‌ ( മനസ്സിലാക്കുകയും ചെയ്യുക. )

 15. സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടരുത്‌.

 16. യുദ്ധ ( തന്ത്ര ) ത്തിനായി സ്ഥാനം മാറുന്നതിനോ ( സ്വന്തം ) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന്‌ അവരില്‍ നിന്നു ( ശത്രുക്കളുടെ മുമ്പില്‍ നിന്ന്‌ ) വല്ലവനും പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്‌.

 17. എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.

 18. അതാണ്‌ ( കാര്യം ) സത്യനിഷേധികളുടെ തന്ത്രത്തെ അല്ലാഹു ബലഹീനമാക്കുക തന്നെ ചെയ്യുന്നതുമാണ്‌.

 19. ( സത്യനിഷേധികളേ, ) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്‌. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത്‌ നിങ്ങള്‍ക്ക്‌ ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്‌.

 20. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. ( സത്യസന്ദേശം ) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട്‌ തിരിഞ്ഞുകളയരുത്‌.

 21. ഞങ്ങള്‍ കേട്ടിരിക്കുന്നു എന്ന്‌ പറയുകയും യാതൊന്നും കേള്‍ക്കാതിരിക്കുകയും ചെയ്തവരെപോലെ നിങ്ങളാകരുത്‌.

 22. തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.

 23. അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊന്നു്‌ തിരിഞ്ഞു കളയുമായിരുന്നു

 24. നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ്‌ എന്നും അവങ്കലേക്ക്‌ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ്‌ കൊള്ളുക.

 25. ഒരു പരീക്ഷണം ( ശിക്ഷ ) വരുന്നത്‌ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത്‌ ബാധിക്കുന്നത്‌ നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക്‌ പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

 26. നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച്‌ പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത്‌ കളയുമെന്ന്‌ നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട്‌ അവന്‍ നിങ്ങള്‍ക്ക്‌ ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട്‌ നിങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.

 27. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്‌. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ്‌ കൊണ്ട്‌ വഞ്ചന കാണിക്കുകയും ചെയ്യരുത്‌.

 28. നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

 29. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച്‌ ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ്‌ അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.

 30. നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന്‌ പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ്‌ തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍.

 31. നമ്മുടെ വചനങ്ങള്‍ അവര്‍ക്ക്‌ ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇതു ( ഖുര്‍ആന്‍ ) പോലെ ഞങ്ങളും പറയുമായിരുന്നു. ഇത്‌ പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ മറ്റൊന്നുമല്ല.

 32. അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത്‌ നിന്ന്‌ കല്ല്‌ വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന്‌ അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞ സന്ദര്‍ഭവും ( ഓര്‍ക്കുക. )

 33. എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.

 34. അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത്‌ അര്‍ഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.

 35. ആ ഭവനത്തിന്‍റെ ( കഅ്ബയുടെ ) അടുക്കല്‍ അവര്‍ നടത്തുന്ന പ്രാര്‍ത്ഥന ചൂളംവിളിയും കൈകൊട്ടലുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം കൈക്കൊണ്ടിരുന്നത്‌ നിമിത്തം ശിക്ഷ ആസ്വദിച്ച്‌ കൊള്ളുക.

 36. തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത്‌ ചെലവഴിക്കും. പിന്നീട്‌ അതവര്‍ക്ക്‌ ഖേദത്തിന്‌ കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക്‌ വിളിച്ചുകൂട്ടപ്പെടുന്നതാണ്‌.

 37. അല്ലാഹു നല്ലതില്‍ നിന്ന്‌ ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്‌. അക്കൂട്ടര്‍ തന്നെയാണ്‌ നഷ്ടം പറ്റിയവര്‍.

 38. സത്യനിഷേധികളോട്‌, അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ്‌ ചെയ്തുപോയിട്ടുള്ളത്‌ അവര്‍ക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ്‌ എന്ന്‌ നീ പറയുക. ഇനി അവര്‍ ( നിഷേധത്തിലേക്കു തന്നെ ) മടങ്ങുകയാണെങ്കിലോ, പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ ( അല്ലാഹുവിന്‍റെ ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ.

 39. കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.

 40. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ അല്ലാഹുവാണ്‌ നിങ്ങളുടെ രക്ഷാധികാരിയെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!!

 41. നിങ്ങള്‍ ( യുദ്ധത്തില്‍ ) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും ( റസൂലിന്‍റെ ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.

 42. നിങ്ങള്‍ ( താഴ്‌വരയില്‍ മദീനയോട്‌ ) അടുത്ത ഭാഗത്തും, അവര്‍ അകന്ന ഭാഗത്തും, സാര്‍ത്ഥവാഹകസംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) നിങ്ങള്‍ അന്യോന്യം ( പോരിന്‌ ) നിശ്ചയിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ആ നിശ്ചയം നിറവേറ്റുന്നതില്‍ ഭിന്നിക്കുമായിരുന്നു. പക്ഷെ ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുന്നതിന്‌ വേണ്ടിയായിരുന്നു അത്‌. അതായത്‌ നശിച്ചവര്‍ വ്യക്തമായ തെളിവ്‌ കണ്ടുകൊണ്ട്‌ നശിക്കാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവ്‌ കണ്ട്‌ കൊണ്ട്‌ ജീവിക്കുവാനും വേണ്ടി. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

 43. അവരെ ( ശത്രുക്കളെ ) അല്ലാഹു നിനക്ക്‌ നിന്‍റെ സ്വപ്നത്തില്‍ കുറച്ച്‌ പേര്‍ മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) നിനക്ക്‌ അവരെ അധികമായി കാണിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും, കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത്‌ അറിയുന്നവനാകുന്നു.

 44. നിങ്ങള്‍ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ദൃഷ്ടിയില്‍ നിങ്ങള്‍ക്ക്‌ അവരെ അവന്‍ കുറച്ച്‌ മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയില്‍ നിങ്ങളെ എണ്ണം കുറച്ച്‌ കാണിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. നടക്കേണ്ടതായ ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുവാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിങ്കലേക്കാണ്‌ കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.

 45. സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു ( സൈന്യ ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

 46. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ക്ക്‌ ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം ( നശിച്ചു ) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.

 47. ഗര്‍വ്വോട്‌ കൂടിയും, ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന്‌ ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്‌. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

 48. ഇന്ന്‌ ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ പിശാച്‌ അവര്‍ക്ക്‌ അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക. ) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്‌, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന്‌ പറഞ്ഞുകൊണ്ട്‌ അവന്‍ ( പിശാച്‌ ) പിന്‍മാറിക്കളഞ്ഞു.

 49. ഈ കൂട്ടരെ ( മുസ്ലിംകളെ ) അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കുന്നു എന്ന്‌ കപടവിശ്വാസികളും, മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമത്രെ അത്‌. വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

 50. സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട്‌ മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! ( അവര്‍ ( മലക്കുകള്‍ ) അവരോട്‌ പറയും: ) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച്‌ കൊള്ളുക.

 51. നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തുവെച്ചത്‌ നിമിത്തമത്രെ അത്‌. അല്ലാഹു അടിമകളോട്‌ ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നതിനാലും.

 52. ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.

 53. ഒരു ജനവിഭാഗത്തിനു്‌ താന്‍ ചെയ്തുകൊടുത്ത അനുഗ്രഹം അവരുടെ സ്വന്തം നിലപാടില്‍ അവര്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു മാറ്റിക്കളയുന്നതല്ല എന്നത്കൊന്നുത്രെ അത്‌. അല്ലാഹു എല്ലാം കേള്‍ ക്കുന്നവനും അറിയുന്നവനുമാണ്‌ എന്നത്കൊന്നുു‍ം

 54. ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി നാം അവരെ നശിപ്പിക്കുകയും ചെയ്തു. ഫിര്‍ഔന്‍റെ ആളുകളെ നാം മുക്കിനശിപ്പിക്കുകയാണ്‌ ചെയ്തത്‌. ( അവര്‍ ) എല്ലാവരും അക്രമികളായിരുന്നു.

 55. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല.

 56. അവരില്‍ ഒരു വിഭാഗവുമായി നീ കരാറില്‍ ഏര്‍പെടുകയുണ്ടായി. എന്നിട്ട്‌ ഓരോ തവണയും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവര്‍ ( അല്ലാഹുവെ ) സൂക്ഷിക്കുന്നുമില്ല.

 57. അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്‍പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം.

 58. വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന്‌ നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക്‌ എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല.

 59. സത്യനിഷേധികളായ ആളുകള്‍, തങ്ങള്‍ അതിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്‌ ധരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ക്ക്‌ ( അല്ലാഹുവെ ) തോല്‍പിക്കാനാവില്ല.

 60. അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്‍റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക്‌ പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്‍റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.

 61. ഇനി, അവര്‍ സമാധാനത്തിലേക്ക്‌ ചായ്‌വ്‌ കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക്‌ ചായ്‌വ്‌ കാണിക്കുകയും, അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ്‌ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.

 62. ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക്‌ അല്ലാഹു മതി. അവനാണ്‌ അവന്‍റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക്‌ പിന്‍ബലം നല്‍കിയവന്‍.

 63. അവരുടെ ( വിശ്വാസികളുടെ ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത്‌ മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക്‌ സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു.

 64. നബിയേ, നിനക്കും നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി.

 65. നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത്‌ പേരുണ്ടായിരുന്നാല്‍ ഇരുനൂറ്‌ പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്‌ പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന്‌ ആയിരം പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്‌ എന്നതുകൊണ്ടത്രെ അത്‌.

 66. ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ഭാരം കുറച്ച്‌ തന്നിരിക്കുന്നു. നിങ്ങളില്‍ ബലഹീനതയുണ്ടെന്ന്‌ അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറുപേരുണ്ടായിരുന്നാല്‍ അവര്‍ക്ക്‌ ഇരുനൂറ്‌ പേരെ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം രണ്ടായിരം പേരെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്‌. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.

 67. ഒരു പ്രവാചകന്നും ( ശത്രുക്കളെ കീഴടക്കി ) നാട്ടില്‍ ശക്തി പ്രാപിക്കുന്നത്‌ വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

 68. അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്‍റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.

 69. എന്നാല്‍ ( യുദ്ധത്തിനിടയില്‍ ) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന്‌ അനുവദനീയവും ഉത്തമവുമായത്‌ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

 70. നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോട്‌ നീ പറയുക: നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്‍മയുമുള്ളതായി അല്ലാഹു അറിയുന്ന പക്ഷം നിങ്ങളുടെ പക്കല്‍ നിന്ന്‌ മേടിക്കപ്പെട്ടതിനേക്കാള്‍ ഉത്തമമായത്‌ അവന്‍ നിങ്ങള്‍ക്ക്‌ തരികയും നിങ്ങള്‍ക്ക്‌ അവന്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

 71. ഇനി നിന്നെ വഞ്ചിക്കാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ്‌ അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത്‌ കൊണ്ടാണ്‌ അവന്‍ അവരെ ( നിങ്ങള്‍ക്കു ) കീഴ്പെടുത്തി തന്നത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

 72. തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ്‌ പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക്‌ അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ്‌ പോകാതിരിക്കുകയും ചെയ്തവരോട്‌ അവര്‍ സ്വദേശം വെടിഞ്ഞ്‌ പോരുന്നത്‌ വരെ നിങ്ങള്‍ക്ക്‌ യാതൊരു സംരക്ഷണ ബാധ്യതയുമില്ല. ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക്‌ ബാധ്യതയുണ്ട്‌. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍പെട്ടുകഴിയുന്ന ജനതയ്ക്കെതിരെ ( നിങ്ങളവരെ സഹായിക്കാന്‍ ) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.

 73. സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത്‌ ( ഈ നിര്‍ദേശങ്ങള്‍ ) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്‌.

 74. വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ്‌ പോകുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക്‌ അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക്‌ പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.

 75. അതിന്‌ ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്‍റെ രേഖയില്‍ ( നിയമത്തില്‍ ) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 008 അന്‍ഫാല്‍