പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 076 ഇന്‍സാന്‍

Back Home Up Next

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?

  2. കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.

  3. തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.

  4. തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക്‌ നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു.

  5. തീര്‍ച്ചയായും പുണ്യവാന്‍മാര്‍ ( സ്വര്‍ഗത്തില്‍ ) ഒരു പാനപാത്രത്തില്‍ നിന്ന്‌ കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും.

  6. അല്ലാഹുവിന്‍റെ ദാസന്‍മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്‌. അവരത്‌ പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.

  7. നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന്‌ പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.

  8. ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും.

  9. ( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

  10. മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു.

  11. അതിനാല്‍ ആ ദിവസത്തിന്‍റെ തിന്‍മയില്‍ നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്‌.

  12. അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്‌.

  13. അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല.

  14. ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.

  15. വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ ( പരിചാരകന്‍മാര്‍ ) ചുറ്റി നടക്കുന്നതാണ്‌.

  16. വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക്‌ ( പാത്രങ്ങള്‍ക്ക്‌ ) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കും.

  17. ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.

  18. അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.

  19. അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും.

  20. അവിടം നീ കണ്ടാല്‍ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്‌.

  21. അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക്‌ അണിയിക്കപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്‌.

  22. ( അവരോട്‌ പറയപ്പെടും: ) തീര്‍ച്ചയായും അത്‌ നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ.

  23. തീര്‍ച്ചയായും നാം നിനക്ക്‌ ഈ ഖുര്‍ആനിനെ അല്‍പാല്‍പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു.

  24. ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന്‌ നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന്‌ യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌.

  25. നിന്‍റെ രക്ഷിതാവിന്‍റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക.

  26. രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.

  27. തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്‍റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.

  28. നാമാണ്‌ അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക്‌ തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്‌.

  29. തീര്‍ച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.

  30. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

  31. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്‌. അക്രമകാരികള്‍ക്കാവട്ടെ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 076 ഇന്‍സാന്‍