അദ്ധ്യായം 88: ഗാശിയ (മൂടുന്ന സംഭവം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 (നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?
2 അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും
3 പണിയെടുത്ത്‌ ക്ഷീണിച്ചതുമായിരിക്കും.
4 ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.
5 ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന്‌ അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.
6 ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല.
7 അത്‌ പോഷണം നല്‍കുകയില്ല. വിശപ്പിന്‌ ശമനമുണ്ടാക്കുകയുമില്ല.
8 ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.
9 അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.
10 ഉന്നതമായ സ്വര്‍ഗത്തില്‍.
11 അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.
12 അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.
13 അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
14 തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
15 അണിയായി വെക്കപ്പെട്ട തലയണകളും,
16 വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.
17 ഒട്ടകത്തിന്‍റെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ? അത്‌ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.
18 ആകാശത്തേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അത്‌ എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.
19 പര്‍വ്വതങ്ങളിലേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.
20 ഭൂമിയിലേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അത്‌ എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌
21 അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
22 നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
23 പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
24 അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.
25 തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ്‌ അവരുടെ മടക്കം.
26 പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ്‌ അവരുടെ വിചാരണ.

കുറിപ്പുകൾ: സൂറത്തുൽ ഗാശിയ (88)

1. മൂടിപ്പൊതിയുന്ന ആ സംഭവം: 'ഗാശിയ' എന്നാൽ എല്ലാറ്റിനെയും മൂടിപ്പൊതിയുന്ന മഹാവിപത്ത് അഥവാ അന്ത്യനാൾ എന്നാണ് അർത്ഥം. ആ ദിവസത്തെക്കുറിച്ചുള്ള വിവരം നിനക്ക് ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് അധ്യായം തുടങ്ങുന്നത്. അന്ന് ജനങ്ങൾ രണ്ട് വിഭാഗമായി തിരിയുമെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. നരകാവകാശികളുടെ ദീനത: അന്ന് ചില മുഖങ്ങൾ അങ്ങേയറ്റം അപമാനിതവും തളർന്നതുമായിരിക്കും. കഠിനമായ ചൂടുള്ള നരകാഗ്നിയിൽ അവർ വെന്തുരുകും. തിളച്ച നീരുറവകളിൽ നിന്നുള്ള പാനീയവും, വിശപ്പടക്കാത്തതും പോഷണമില്ലാത്തതുമായ 'ദരീഅ്' (മുള്ളുള്ള വിഷച്ചെടി) എന്ന ഭക്ഷണവുമാണ് അവർക്ക് ലഭിക്കുകയെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. സ്വർഗ്ഗവാസികളുടെ അനുഗ്രഹം: മറുഭാഗത്ത് ചില മുഖങ്ങൾ അത്യന്തം സന്തോഷഭരിതമായിരിക്കും. ഉന്നതമായ സ്വർഗ്ഗത്തോപ്പുകളിൽ അവർ സസുഖം വാഴും. അവിടെ അനാവശ്യമായ യാതൊന്നും അവർ കേൾക്കില്ല. ഒഴുകുന്ന നീരുറവകളും, ഉയർത്തിവെച്ച കട്ടിലുകളും, നിരത്തിവെച്ച തലയണകളും അവർക്കായി ഒരുക്കിയിട്ടുണ്ടെന്ന് ഇതിൽ വിവരിക്കുന്നു.

4. പ്രകൃതിയിലെ നാല് ദൃഷ്ടാന്തങ്ങൾ: അല്ലാഹുവിൻ്റെ കഴിവിൽ സംശയിക്കുന്നവരോട് നാല് കാര്യങ്ങൾ നിരീക്ഷിക്കാൻ ഖുർആൻ ആവശ്യപ്പെടുന്നു: ഒട്ടകത്തെ എങ്ങനെ സൃഷ്ടിച്ചു? ആകാശത്തെ എങ്ങനെ ഉയർത്തി? പർവ്വതങ്ങളെ എങ്ങനെ ഉറപ്പിച്ചു? ഭൂമിയെ എങ്ങനെ നിരത്തി? ഈ നാല് കാര്യങ്ങൾ ചിന്തിക്കുന്നവർക്ക് അല്ലാഹുവിൻ്റെ അജയ്യത മനസ്സിലാകുമെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

5. പ്രവാചകൻ്റെ ദൗത്യം: "നീ ജനങ്ങളെ ഉപദേശിക്കുക മാത്രമാണ് വേണ്ടത്, അവരുടെ മേൽ അധികാരം പ്രയോഗിക്കേണ്ടവനല്ല നീ" എന്ന് അല്ലാഹു നബി(സ)യെ ഓർമ്മിപ്പിക്കുന്നു. ജനങ്ങളെ സത്യത്തിലേക്ക് നിർബന്ധിച്ച് എത്തിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനില്ല. എല്ലാവരും അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണെന്നും അവരുടെ വിചാരണ അല്ലാഹുവിൻ്റെ ബാധ്യതയാണെന്നും പറഞ്ഞ് അധ്യായം അവസാനിക്കുന്നു.