അദ്ധ്യായം 80: അബസ (മുഖം ചുളിച്ചു)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
2 അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത്‌ ആ അന്ധന്‍ വന്നതിനാല്‍.
3 (നബിയേ,) നിനക്ക്‌ എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
4 അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
5 എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
6 നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
7 അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ കുറ്റം?
8 എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
9 (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
10 അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
11 നിസ്സംശയം ഇത്‌ (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
12 അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത്‌ ഓര്‍മിച്ച്‌ കൊള്ളട്ടെ.
13 ആദരണീയമായ ചില ഏടുകളിലാണത്‌.
14 ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
15 ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
16 മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
17 മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
18 ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
19 ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
20 പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
21 അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
22 പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
23 നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല.
24 എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ.
25 നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
26 പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
27 എന്നിട്ട്‌ അതില്‍ നാം ധാന്യം മുളപ്പിച്ചു.
28 മുന്തിരിയും പച്ചക്കറികളും
29 ഒലീവും ഈന്തപ്പനയും
30 ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
31 പഴവര്‍ഗവും പുല്ലും.
32 നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
33 എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
34 അതായത്‌ മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം.
35 തന്‍റെ മാതാവിനെയും പിതാവിനെയും.
36 തന്‍റെ ഭാര്യയെയും മക്കളെയും.
37 അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന്‌ ഉണ്ടായിരിക്കും.
38 അന്ന്‌ ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
39 ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
40 വെറെ ചില മുഖങ്ങളാകട്ടെ അന്ന്‌ പൊടി പുരണ്ടിരിക്കും.
41 അവയെ കൂരിരുട്ട്‌ മൂടിയിരിക്കും.
42 അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

കുറിപ്പുകൾ: സൂറത്ത് അബസ (80)

1. അന്ധനായ സഹാബിയും പ്രവാചകനും: പ്രവാചകൻ (സ) മക്കയിലെ പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കെ അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം (റ) അറിവ് തേടി അവിടെയെത്തി. അദ്ദേഹത്തെ ശ്രദ്ധിക്കാതെ പ്രവാചകൻ മുഖം തിരിച്ചതിനെ അല്ലാഹു ഈ അധ്യായത്തിലൂടെ തിരുത്തുന്നു. പദവിയേക്കാൾ സത്യം തേടി വരുന്നവർക്കാണ് മുൻഗണന നൽകേണ്ടതെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. ഖുർആൻ്റെ മഹത്വം: ഖുർആൻ അല്ലാഹുവിങ്കൽ ആദരിക്കപ്പെട്ട ഏടുകളിലാണെന്നും, അത് പരിശുദ്ധരായ മലക്കുകളുടെ കൈകളിലാണെന്നും ഈ അധ്യായം വ്യക്തമാക്കുന്നു. ഇത് കേവലം ഒരാളുടെ വാക്കല്ല, മറിച്ച് അങ്ങേയറ്റം മൂല്യമുള്ള ദിവ്യസന്ദേശമാണെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ ഊന്നിപ്പറയുന്നു.

3. മനുഷ്യൻ്റെ നന്ദികേടും സൃഷ്ടിപ്പും: മനുഷ്യൻ എത്ര നന്ദികെട്ടവനാണെന്ന് അല്ലാഹു ഖേദപൂർവ്വം ചോദിക്കുന്നു. ഒരു ഇന്ദ്രിയത്തുള്ളിയിൽ നിന്ന് അവനെ സൃഷ്ടിച്ച്, ജീവിതമാർഗ്ഗം എളുപ്പമാക്കി കൊടുത്ത്, ഒടുവിൽ അവനെ മരിപ്പിക്കുകയും ഖബറടക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. ഇത്രയൊക്കെ ചെയ്തിട്ടും അവൻ അല്ലാഹുവിൻ്റെ കൽപ്പനകൾ പൂർണ്ണമായി പാലിക്കുന്നില്ലെന്ന് ഖുർആൻ ഓർമ്മിപ്പിക്കുന്നു.

4. പ്രകൃതിയിലെ വിഭവങ്ങൾ: മനുഷ്യൻ്റെ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ അല്ലാഹു ആവശ്യപ്പെടുന്നു. മഴ വർഷിപ്പിക്കുന്നതും ഭൂമി പിളർത്തി ധാന്യങ്ങൾ, മുന്തിരി, പച്ചക്കറികൾ, ഈന്തപ്പനകൾ, ഇടതൂർന്ന തോട്ടങ്ങൾ എന്നിവ ഉൽപാദിപ്പിക്കുന്നതും മനുഷ്യർക്കും അവരുടെ കന്നുകാലികൾക്കും വേണ്ടിയുള്ള അനുഗ്രഹമാണെന്ന് ഇതിൽ വിവരിക്കുന്നു.

5. വിഭജനത്തിൻ്റെ ദിവസം: ഘോരമായ ശബ്ദത്തോടെ അന്ത്യനാൾ വരുമ്പോൾ മനുഷ്യൻ സ്വന്തം സഹോദരനിൽ നിന്നും മാതാപിതാക്കളിൽ നിന്നും ഭാര്യയിൽ നിന്നും മക്കളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കും. അന്ന് ഓരോരുത്തർക്കും അവനവൻ്റെ കാര്യത്തിൽ തന്നെ തിരക്കായിരിക്കും. വിശ്വാസികളുടെ മുഖം അന്ന് പ്രസന്നമായിരിക്കുമെന്നും സത്യനിഷേധികളുടേത് കറുത്തിരുണ്ടിരിക്കുമെന്നും പറഞ്ഞ് അധ്യായം അവസാനിക്കുന്നു.