2 നിന്‍റെ രക്ഷിതാവ് തന്‍റെ ദാസനായ
സകരിയ്യായ്ക്ക് ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്.
3 (അതായത്) അദ്ദേഹം തന്‍റെ
രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.
4 അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ,
എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു
തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട്
പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.
5 എനിക്ക് പുറകെ വരാനുള്ള
ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍
വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു
ബന്ധുവെ (അവകാശിയെ) നല്‍കേണമേ.
6 എനിക്ക് അവന്‍
അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ് കുടുംബത്തിനും അവന്‍
അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും)
തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ.
7 ഹേ, സകരിയ്യാ, തീര്‍ച്ചയായും
നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു.
അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര്
ഉള്ളവരാക്കിയിട്ടില്ല.
8 അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ,
എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്‍റെ ഭാര്യ വന്ധ്യയാകുന്നു.
ഞാനാണെങ്കില്‍ വാര്‍ദ്ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ
അവസ്ഥയിലെത്തിയിരിക്കുന്നു.
9 അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ
തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍
സൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം
മാത്രമാണ് എന്ന് നിന്‍റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു.
10 അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ
എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു:
നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ
ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു.
11 അങ്ങനെ അദ്ദേഹം
പ്രാര്‍ത്ഥനാമണ്ഡപത്തില്‍ നിന്ന് തന്‍റെ ജനങ്ങളുടെ അടുക്കലേക്ക്
പുറപ്പെട്ടു. എന്നിട്ട്, നിങ്ങള്‍ രാവിലെയും വൈകുന്നേരവും
അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന് അവരോട് ആംഗ്യം
കാണിച്ചു.
12 ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി
സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ
അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു.
13 നമ്മുടെ പക്കല്‍ നിന്നുള്ള
അനുകമ്പയും പരിശുദ്ധിയും (നല്‍കി) അദ്ദേഹം
ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു.
15 അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന
ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്
സമാധാനം.
16 വേദഗ്രന്ഥത്തില്‍
മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ
വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്
മാറിത്താമസിച്ച സന്ദര്‍ഭം.
17 എന്നിട്ട് അവര്‍ കാണാതിരിക്കാന്‍
അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം
അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ
മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
18 അവള്‍ പറഞ്ഞു: തീര്‍ച്ചയായും
നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ
ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ)
19 അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു:
പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി
നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.
20 അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു
ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍
ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.
21 അദ്ദേഹം പറഞ്ഞു: (കാര്യം)
അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു
കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ)
മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും
ആക്കാനും (നാം ഉദ്ദേശിക്കുന്നു) അത് തീരുമാനിക്കപ്പെട്ട ഒരു
കാര്യമാകുന്നു.
22 അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും,
എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും
ചെയ്തു.
23 അങ്ങനെ പ്രസവവേദന അവളെ ഒരു
ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍
ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്
തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!
24 ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന്
(ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു
അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.
25 നീ ഈന്തപ്പനമരം നിന്‍റെ
അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ
ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്.
26 അങ്ങനെ നീ തിന്നുകയും കുടിക്കുകയും
കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും
കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു
വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും
സംസാരിക്കുകയില്ല തന്നെ.
27 അനന്തരം അവനെ (കുട്ടിയെ) യും
വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു:
മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്.
28 ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ
പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു
ദുര്‍നടപടിക്കാരിയുമായിരുന്നില്ല.
29 അപ്പോള്‍ അവള്‍ അവന്‍റെ
(കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു
കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?
30 അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍
അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ
അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
31 ഞാന്‍ എവിടെയായിരുന്നാലും എന്നെ
അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും
നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും
ചെയ്തിരിക്കുന്നു.
32 (അവന്‍ എന്നെ) എന്‍റെ മാതാവിനോട്
നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു) അവന്‍ എന്നെ
നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.
33 ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന
ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി
ഉണ്ടായിരിക്കും.
34 അതത്രെ മര്‍യമിന്‍റെ മകനായ ഈസാ
അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ
അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്.
35 ഒരു സന്താനത്തെ സ്വീകരിക്കുക
എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍
ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക
മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
36 (ഈസാ പറഞ്ഞു:) തീര്‍ച്ചയായും
അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍
ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.
37 എന്നിട്ട് അവര്‍ക്കിടയില്‍
നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ
ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.
38 അവര്‍ നമ്മുടെ അടുത്ത് വരുന്ന
ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന് ആ
അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാകുന്നു.
39 നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി
അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദർഭത്തെപ്പറ്റി നീ
അവർക്ക് താക്കീത് നൽകുക. അവർ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവർ
വിശ്വസിക്കുന്നില്ല.
40 തീര്‍ച്ചയായും നാം തന്നെയാണ്
ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ
അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.
41 വേദഗ്രന്ഥത്തില്‍
ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും
അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
42 അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ
സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ
ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍
എന്തിന് ആരാധിക്കുന്നു.?
43 എന്‍റെ പിതാവേ, തീര്‍ച്ചയായും
താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക്
വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തുടരൂ. ഞാന്‍
താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം.
46 അയാള്‍ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ
എന്‍റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന്)
വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ
ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം.
47 അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു:
താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട്
പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.
48 നിങ്ങളെയും അല്ലാഹുവിന് പുറമെ
നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ
രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട്
പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.
49 അങ്ങനെ അവരെയും അല്ലാഹുവിന് പുറമെ
അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന്
നാം ഇഷാഖിനെയും (മകന്‍) യഅ്ഖൂബിനെയും (പൌത്രന്‍) നല്‍കി. അവരെയൊക്കെ നാം
പ്രവാചകന്‍മാരാക്കുകയും ചെയ്തു.
50 നമ്മുടെ കാരുണ്യത്തില്‍ നിന്നും
അവര്‍ക്ക് നാം നല്‍കുകയും, അവര്‍ക്ക് നാം ഉന്നതമായ സല്‍കീര്‍ത്തി
ഉണ്ടാക്കുകയും ചെയ്തു.
51 വേദഗ്രന്ഥത്തില്‍
മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം
നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.
52 പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത്
നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം
അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു.
53 നമ്മുടെ കാരുണ്യത്താല്‍ തന്‍റെ
സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന് (സഹായത്തിനായി) നാം
നല്‍കുകയും ചെയ്തു.
54 വേദഗ്രന്ഥത്തില്‍
ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം
വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.
55 തന്‍റെ ആളുകളോട് നമസ്കരിക്കുവാനും
സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ
രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.
56 വേദഗ്രന്ഥത്തില്‍
ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം
സത്യവാനും പ്രവാചകനുമായിരുന്നു.
57 അദ്ദേഹത്തെ നാം ഉന്നതമായ
സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.
58 അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള
പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും,
നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്‍റെയും
ഇസ്രായീലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും
പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍.
പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന
പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ
വീഴുന്നതാണ്.
59 എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ
സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും
തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം
അവര്‍ കണ്ടെത്തുന്നതാണ്.
61 പരമകാരുണികന് തന്‍റെ
ദാസന്‍മാരോട് അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള
സ്ഥിരവാസത്തിനായുള്ള സ്വര്‍ഗത്തോപ്പുകളില്‍ (അവര്‍ പ്രവേശിക്കും)
തീര്‍ച്ചയായും അവന്‍റെ വാഗ്ദാനം നടപ്പില്‍ വരുന്നത് തന്നെയാകുന്നു.
62 സലാം അല്ലാതെ നിരര്‍ത്ഥകമായ
യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും
വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്.
63 നമ്മുടെ ദാസന്‍മാരില്‍ നിന്ന്
ആര്‍ ധര്‍മ്മനിഷ്ഠ പുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം
അവകാശപ്പെടുത്തികൊടുക്കുന്ന സ്വര്‍ഗമത്രെ അത്.
64 (നബിയോട് ജിബ്‌രീല്‍ പറഞ്ഞു:)
താങ്കളുടെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല.
നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും
എല്ലാം അവന്‍റെതത്രെ. താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല.
65 ആകാശങ്ങളുടെയും ഭൂമിയുടെയും
അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍
ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും
ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?
66 മനുഷ്യന്‍ പറയും: ഞാന്‍
മരിച്ചുകഴിഞ്ഞാല്‍ പിന്നീട് എന്നെ ജീവനുള്ളവനായി പുറത്ത് കൊണ്ട്
വരുമോ?
67 മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ;
അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ
പടച്ചുണ്ടാക്കിയതെന്ന്?
68 എന്നാല്‍ നിന്‍റെ രക്ഷിതാവിനെ
തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും.
പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം
ഹാജരാക്കുക തന്നെ ചെയ്യും.
69 പിന്നീട് ഓരോ കക്ഷിയില്‍ നിന്നും
പരമകാരുണികനോട് ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം
വേര്‍തിരിച്ച് നിര്‍ത്തുന്നതാണ്.
70 പിന്നീട് അതില്‍ (നരകത്തില്‍)
എരിയുവാന്‍ അവരുടെ കൂട്ടത്തില്‍ ഏറ്റവും അര്‍ഹതയുള്ളവരെപ്പറ്റി നമുക്ക്
നല്ലവണ്ണം അറിയാവുന്നതാണ്.
71 അതിനടുത്ത് (നരകത്തിനടുത്ത്)
വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ
ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്.
72 പിന്നീട് ധര്‍മ്മനിഷ്ഠ പാലിച്ചവരെ
നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം
അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്.
73 സ്പഷ്ടമായ നിലയില്‍ നമ്മുടെ
ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍
അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോട് പറയുന്നതാണ്: ഈ രണ്ട് വിഭാഗത്തില്‍
കൂടുതല്‍ ഉത്തമമായ സ്ഥാനമുള്ളവരും ഏറ്റവും മെച്ചപ്പെട്ട സംഘമുള്ളവരും
ആരാണ് ?
74 സാധനസാമഗ്രികളിലും ബാഹ്യമോടിയിലും
കൂടുതല്‍ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ് ഇവര്‍ക്ക് മുമ്പ് നാം
നശിപ്പിച്ചിട്ടുള്ളത്!
75 (നബിയേ,) പറയുക: വല്ലവനും
ദുര്‍മാര്‍ഗത്തിലായിക്കഴിഞ്ഞാല്‍ പരമകാരുണികന്‍ അവന്നു അവധി
നീട്ടികൊടുക്കുന്നതാണ്. അങ്ങനെ തങ്ങള്‍ക്ക് മുന്നറിയിപ്പ്
നല്‍കപ്പെടുന്ന കാര്യം അതായത് ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍
അന്ത്യസമയം -അവര്‍ കാണുമ്പോള്‍ അവര്‍ അറിഞ്ഞ് കൊള്ളും; കൂടുതല്‍ മോശമായ
സ്ഥാനമുള്ളവരും, കുടുതല്‍ ദുർബലരായ സൈന്യവും ആരാണെന്ന്.
79 അല്ല, അവന്‍ പറയുന്നത് നാം
രേഖപ്പെടുത്തുകയും, അവന്നു ശിക്ഷ കൂട്ടികൊടുക്കുകയും ചെയ്യും.
80 അവന്‍ ആ പറയുന്നതിനെല്ലാം
(സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്.
അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും.
81 അല്ലാഹുവിന് പുറമെ അവര്‍ ദൈവങ്ങളെ
സ്വീകരിച്ചിരിക്കുകയാണ്. അവര്‍ ഇവര്‍ക്ക് പിന്‍ബലമാകുന്നതിന് വേണ്ടി.
82 അല്ല, ഇവര്‍ ആരാധന നടത്തിയ കാര്യം
തന്നെ അവര്‍ നിഷേധിക്കുകയും, അവര്‍ ഇവര്‍ക്ക് എതിരായിത്തീരുകയും
ചെയ്യുന്നതാണ്.
83 സത്യനിഷേധികളുടെ നേര്‍ക്ക,് അവരെ
ശക്തിയായി ഇളക്കിവിടാന്‍ വേണ്ടി നാം പിശാചുക്കളെ
അയച്ചുവിട്ടിരിക്കുകയാണെന്ന് നീ കണ്ടില്ലേ?
84 അതിനാല്‍ അവരുടെ കാര്യത്തില്‍ നീ
തിടുക്കം കാണിക്കേണ്ട. അവര്‍ക്കായി നാം (നാളുകള്‍) എണ്ണി
എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു.
85 ധര്‍മ്മനിഷ്ഠയുള്ളവരെ
വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം
വിളിച്ചുകൂട്ടുന്ന ദിവസം.
86 കുറ്റവാളികളെ ദാഹാര്‍ത്തരായ
നിലയില്‍ നരകത്തിലേക്ക് നാം തെളിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന
ദിവസം.
97 ഇത് (ഖുര്‍ആന്‍) നിന്‍റെ ഭാഷയില്‍
നാം ലളിതമാക്കിതന്നിരിക്കുന്നത് ധര്‍മ്മനിഷ്ഠയുള്ളവര്‍ക്ക് ഇത് മുഖേന
നീ സന്തോഷവാര്‍ത്ത നല്‍കുവാനും, മര്‍ക്കടമുഷ്ടിക്കാരായ ആളുകള്‍ക്ക് ഇത്
മുഖേന നീ താക്കീത് നല്‍കുവാനും വേണ്ടി മാത്രമാകുന്നു.
98 ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ
നാം നശിപ്പിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ആരെയെങ്കിലും നീ
കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?
കുറിപ്പുകൾ: സൂറ മർയം (19)
1. സകരിയ്യ നബിയും യഹ്‌യ നബിയും:
വാർദ്ധക്യത്തിലും അല്ലാഹുവിനോട് പ്രാർത്ഥിച്ച സകരിയ്യ നബിക്ക് (അ)
അത്ഭുതകരമായി യഹ്‌യ നബി എന്ന പുത്രനെ നൽകിയ ചരിത്രത്തോടെയാണ് ഈ അധ്യായം
ആരംഭിക്കുന്നത്. അല്ലാഹുവിൻ്റെ കാരുണ്യത്തിൽ ഒരിക്കലും നിരാശപ്പെടരുത്
എന്ന പാഠം അമാനി തഫ്സീർ ഇവിടെ ഊന്നിപ്പറയുന്നു.
2. മർയമും ഈസാ നബിയും:
അല്ലാഹുവിൻ്റെ കൽപ്പനയാൽ പിതാവില്ലാതെ ഈസാ നബി (അ) ജനിച്ച അത്ഭുതം ഈ
അധ്യായം വിവരിക്കുന്നു. മർയമിൻ്റെ പരിശുദ്ധിയെക്കുറിച്ചും, തൊട്ടിലിൽ
കിടന്നുകൊണ്ട് ഈസാ നബി സംസാരിച്ചതിനെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നു.
3. പ്രവാചക പരമ്പര:
ഇബ്രാഹീം, ഇസ്ഹാഖ്, ഇസ്മാഈൽ, ഇദ്‌രീസ് (അ) തുടങ്ങിയ പ്രവാചകന്മാരുടെ
ചരിത്രവും അവരെല്ലാം ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചവരാണെന്ന
കാര്യവും ഈ അധ്യായം ഓർമ്മിപ്പിക്കുന്നു.
4. അല്ലാഹുവിന് സന്താനമില്ല:
അല്ലാഹുവിന് സന്താനമുണ്ടെന്ന് പറയുന്നതിൻ്റെ ഭീകരതയെക്കുറിച്ച് ഈ അധ്യായം
ശക്തമായി താക്കീത് നൽകുന്നു. ആകാശം പൊട്ടിപ്പിളരുകയും ഭൂമി പിളരുകയും
പർവ്വതങ്ങൾ തകർന്നു വീഴുകയും ചെയ്യേണ്ടുന്ന അത്ര വലിയൊരു അക്രമമാണ് ആ
വാദമെന്ന് അല്ലാഹു ഉണർത്തുന്നു.