75: ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്പ്)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.
1 لَا أُقْسِمُ بِيَوْمِ الْقِيَامَةِ
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
2 وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ
മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
3 أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
4 بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
5 بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ
എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
6 يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
എന്നാല്‍ കണ്ണഞ്ചിപ്പോകുകയും
7 فَإِذَا بَرِقَ الْبَصَرُ
ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും
8 وَخَسَفَ الْقَمَرُ
സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
9 وَجُمِعَ الشَّمْسُ وَالْقَمَرُ
അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
10 يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
ഇല്ല. യാതൊരു രക്ഷയുമില്ല.
11 كَلَّا لَا وَزَرَ
നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍.
12 إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ
അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
13 يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ
തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
14 بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ
അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
15 وَلَوْ أَلْقَىٰ مَعَاذِيرَهُ
നീ അത്‌ (ഖുര്‍ആന്‍) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട്‌ നിന്‍റെ നാവ്‌ ചലിപ്പിക്കേണ്ട.
16 لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ
തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
17 إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക.
18 فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
19 ثُمَّ إِنَّ عَلَيْنَا بَيَانَهُ
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
20 كَلَّا بَلْ تُحِبُّونَ الْعَاجِلَةَ
പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
21 وَتَذَرُونَ الْآخِرَةَ
ചില മുഖങ്ങള്‍ അന്ന്‌ പ്രസന്നതയുള്ളതും
22 وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.
23 إِلَىٰ رَبِّهَا نَاظِرَةٌ
ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
24 وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ
ഏതോ അത്യാപത്ത്‌ അവയെ പിടികൂടാന്‍ പോകുകയാണ്‌ എന്ന്‌ അവര്‍ വിചാരിക്കും.
25 تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
26 كَلَّا إِذَا بَلَغَتِ التَّرَاقِيَ
മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,
27 وَقِيلَ مَنْ ۜ رَاقٍ
അത്‌ (തന്‍റെ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും,
28 وَظَنَّ أَنَّهُ الْفِرَاقُ
കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
29 وَالْتَفَّتِ السَّاقُ بِالسَّاقِ
അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
30 إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ
എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
31 فَلَا صَدَّقَ وَلَا صَلَّىٰ
പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
32 وَلَٰكِن كَذَّبَ وَتَوَلَّىٰ
എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി
33 ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ
(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
34 أَوْلَىٰ لَكَ فَأَوْلَىٰ
വീണ്ടും നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ. നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ
35 ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ
മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
36 أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى
അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
37 أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ
പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
38 ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
39 فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ
അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?
40 أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ

കുറിപ്പുകൾ: സൂറത്തുൽ ഖിയാമ (75)

1. ഉയിർത്തെഴുന്നേൽപ്പ് നാളും മനസാക്ഷിയും: ഉയിർത്തെഴുന്നേൽപ്പ് നാളിനെക്കൊണ്ടും, കുറ്റപ്പെടുത്തുന്ന മനസാക്ഷിയെക്കൊണ്ടും (നഫ്‌സുൽ ലവ്വാമ) സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. മനുഷ്യൻ്റെ എല്ലുകൾ ദ്രവിച്ചുപോയാലും അവയെ വീണ്ടും ഒരുമിപ്പിക്കാൻ അല്ലാഹുവിന് കഴിയുമെന്നും, അവൻ്റെ വിരൽത്തുമ്പുകളെപ്പോലും പഴയപടിയാക്കാൻ അല്ലാഹു ശക്തനാണെന്നും അമാനി തഫ്സീർ വിവരിക്കുന്നു.

2. അന്ത്യനാളിൻ്റെ ഭീകരത: കാഴ്ച മങ്ങുകയും, ചന്ദ്രൻ പ്രഭയറ്റ് പോവുകയും, സൂര്യനും ചന്ദ്രനും ഒരുമിപ്പിക്കപ്പെടുകയും ചെയ്യുന്ന ആ വലിയ ദിവസത്തെക്കുറിച്ച് ഇതിൽ വിവരിക്കുന്നു. അന്ന് മനുഷ്യൻ എവിടേക്കാണ് ഓടിപ്പോകേണ്ടത് എന്ന് ചോദിക്കുമെന്നും എന്നാൽ അല്ലാഹുവിങ്കലല്ലാതെ മറ്റൊരു അഭയസ്ഥാനവുമില്ലെന്നും ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

3. ഖുർആൻ പാരായണത്തിലെ ധൃതി: ജിബ്‌രീൽ (അ) വചനങ്ങൾ ഓതിത്തരുമ്പോൾ അത് മനഃപാഠമാക്കാൻ വേണ്ടി പ്രവാചകൻ നാവുകൊണ്ട് ധൃതി കാണിക്കരുതെന്ന് അല്ലാഹു ഉപദേശിക്കുന്നു (സൂക്തം 16). ഖുർആൻ പ്രവാചകൻ്റെ ഹൃദയത്തിൽ ഉറപ്പിക്കേണ്ടതും അത് വിവരിച്ചു കൊടുക്കേണ്ടതും അല്ലാഹുവിൻ്റെ ബാധ്യതയാണെന്ന് ഇതിൽ ഉറപ്പുനൽകുന്നു.

4. മുഖങ്ങളുടെ അവസ്ഥ: പരലോകത്ത് ചില മുഖങ്ങൾ തങ്ങളുടെ രക്ഷിതാവിനെ നോക്കി അത്യധികം പ്രസന്നതയോടെ ഇരിക്കും. എന്നാൽ മറ്റു ചില മുഖങ്ങൾ തങ്ങൾക്ക് വരാനിരിക്കുന്ന വലിയ ആപത്തിനെ ഭയന്ന് കറുത്തിരുണ്ടിരിക്കുമെന്നും ഈ അധ്യായം സ്വർഗ്ഗസ്ഥരുടെയും നരകസ്ഥരുടെയും അവസ്ഥകളെ വേർതിരിച്ചു കാണിക്കുന്നു.

5. മരണവേളയിലെ നിസ്സഹായാവസ്ഥ: ഒരാളുടെ പ്രാണൻ തൊണ്ടക്കുഴിയിൽ എത്തുകയും മരണം ഉറപ്പാവുകയും ചെയ്യുന്ന നിമിഷത്തെ അല്ലാഹു ഓർമ്മിപ്പിക്കുന്നു. "ആരാണിവനെ രക്ഷിക്കാനുള്ളത്?" എന്ന് അന്ന് ചോദിക്കപ്പെടും. വെറുമൊരു ഇന്ദ്രിയത്തുള്ളിയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിന് അവനെ പുനർജീവിപ്പിക്കാൻ പ്രയാസമില്ലെന്ന് പറഞ്ഞുകൊണ്ട് അധ്യായം അവസാനിക്കുന്നു.