63: മുനാഫിഖൂന്‍ (കപടവിശ്വാസികള്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
കപട വിശ്വാസികള്‍ നിന്‍റെ അടുത്ത്‌ വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന്‌ ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്‍റെ ദൂതനാണെന്ന്‌. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ്‌ എന്ന്‌ അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
1 إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ ۗ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ
അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത്‌ എത്രയോ ചീത്ത തന്നെ.
2 اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَن سَبِيلِ اللَّهِ ۚ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ
അത്‌, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട്‌ അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല.
3 ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ
۞ നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക്‌ കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന്‌ അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌?
4 ۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْهُمْ ۚ قَاتَلَهُمُ اللَّهُ ۖ أَنَّىٰ يُؤْفَكُونَ
നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക്‌ വേണ്ടി പാപമോചനത്തിന്‌ പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട്‌ തിരിഞ്ഞുപോകുന്നതായി നിനക്ക്‌ കാണുകയും ചെയ്യാം.
5 وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
നീ അവര്‍ക്ക്‌ വേണ്ടി പാപമോചനത്തിന്‌ പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.
6 سَوَاءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ اللَّهُ لَهُمْ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْفَاسِقِينَ
അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കലുള്ളവര്‍ക്ക്‌ വേണ്ടി, അവര്‍ (അവിടെ നിന്ന്‌) പിരിഞ്ഞു പോകുന്നത്‌ വരെ നിങ്ങള്‍ ഒന്നും ചെലവ്‌ ചെയ്യരുത്‌ എന്ന്‌ പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷെ കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല.
7 هُمُ الَّذِينَ يَقُولُونَ لَا تُنفِقُوا عَلَىٰ مَنْ عِندَ رَسُولِ اللَّهِ حَتَّىٰ يَنفَضُّوا ۗ وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَـٰكِنَّ الْمُنَافِقِينَ لَا يَفْقَهُونَ
അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക്‌ മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്‌. അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല.
8 يَقُولُونَ لَئِن رَّجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ ۚ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَـٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന്‌ നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ്‌ നഷ്ടക്കാര്‍.
9 يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَـٰئِكَ هُمُ الْخَاسِرُونَ
നിങ്ങള്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌.
10 وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
11 وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ

കുറിപ്പുകൾ: സൂറത്തുൽ മുനാഫിഖൂൻ (63)

1. കപടവിശ്വാസികളുടെ ഇരട്ടത്താപ്പ്: കപടവിശ്വാസികൾ പ്രവാചകൻ്റെ അടുക്കൽ വന്ന് താങ്കൾ അല്ലാഹുവിൻ്റെ ദൂതനാണെന്ന് സാക്ഷ്യം പറയുമെങ്കിലും അവർ ഉള്ളുകൊണ്ട് കള്ളം പറയുന്നവരാണെന്ന് അല്ലാഹു വെളിപ്പെടുത്തുന്നു. അവരുടെ സത്യപ്രതിജ്ഞകളെ അവർ തങ്ങളുടെ തിന്മകൾക്ക് ഒരു പരിചയായി ഉപയോഗിക്കുന്നുവെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. ബാഹ്യരൂപവും സംസാരശൈലിയും: മുനാഫിഖുകളെ കണ്ടാൽ അവരുടെ ബാഹ്യരൂപം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം, അവർ സംസാരിച്ചാൽ നിങ്ങൾ അത് കേട്ടുനിന്നു പോകും. എന്നാൽ അവർ ചാര് വെക്കപ്പെട്ട മരത്തടികൾ പോലെയാണെന്നും (ഉള്ളിൽ കഴമ്പില്ലാത്തവർ), ഏതൊരു ശബ്ദം കേട്ടാലും അത് തങ്ങൾക്കെതിരാണെന്ന് ഭയപ്പെടുന്ന ഭീരുക്കളാണെന്നും ഖുർആൻ വിശേഷിപ്പിക്കുന്നു.

3. അഹങ്കാരവും പാപമോചനവും: പ്രവാചകൻ അവർക്ക് വേണ്ടി പാപമോചനം തേടാം എന്ന് പറഞ്ഞാൽ അവർ തല തിരിക്കുകയും അഹങ്കാരം കാണിക്കുകയും ചെയ്യും. അവർക്ക് വേണ്ടി പാപമോചനം തേടിയാലും ഇല്ലെങ്കിലും അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുകയില്ലെന്ന് ഈ അധ്യായം പ്രഖ്യാപിക്കുന്നു (സൂക്തം 6).

4. സാമ്പത്തിക ബഹിഷ്കരണത്തിനുള്ള ശ്രമം: "പ്രവാചകൻ്റെ കൂടെയുള്ളവർക്ക് വേണ്ടി നിങ്ങൾ ചിലവഴിക്കരുത്, എങ്കിൽ അവർ പിരിഞ്ഞുപോയ്ക്കോളും" എന്ന് പറയുന്ന മുനാഫിഖുകളുടെ കുതന്ത്രത്തെ ഖുർആൻ തുറന്നുകാട്ടുന്നു. ആകാശഭൂമികളിലെ നിക്ഷേപങ്ങൾ അല്ലാഹുവിൻ്റേതാണെന്നും എന്നാൽ കപടവിശ്വാസികൾ അത് ഗ്രഹിക്കുന്നില്ലെന്നും ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

5. ധനവും സന്താനങ്ങളും വരുത്തുന്ന അശ്രദ്ധ: വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, നിങ്ങളുടെ സമ്പത്തും മക്കളും അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്ന് നിങ്ങളെ അശ്രദ്ധരാക്കരുത് എന്ന് അല്ലാഹു താക്കീത് നൽകുന്നു. മരണം വരുന്നതിന് മുമ്പായി ദാനധർമ്മങ്ങൾ ചെയ്യാൻ മടിക്കുന്നവർക്ക് പിന്നീട് ഖേദിക്കേണ്ടി വരുമെന്ന് അധ്യായം അവസാനത്തിൽ ഓർമ്മിപ്പിക്കുന്നു.