52: ത്വൂര്‍ (ത്വൂര്‍ പര്‍വ്വതം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം.
1 وَالطُّورِ
എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.
2 وَكِتَابٍ مَّسْطُورٍ
നിവര്‍ത്തിവെച്ച തുകലില്‍
3 فِي رَقٍّ مَّنشُورٍ
അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.
4 وَالْبَيْتِ الْمَعْمُورِ
ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം.
5 وَالسَّقْفِ الْمَرْفُوعِ
നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
6 وَالْبَحْرِ الْمَسْجُورِ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ സംഭവിക്കുന്നത്‌ തന്നെയാകുന്നു.
7 إِنَّ عَذَابَ رَبِّكَ لَوَاقِعٌ
അതു തടുക്കുവാന്‍ ആരും തന്നെയില്ല.
8 مَّا لَهُ مِن دَافِعٍ
ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം.
9 يَوْمَ تَمُورُ السَّمَاءُ مَوْرًا
പര്‍വ്വതങ്ങൾ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം.
10 وَتَسِيرُ الْجِبَالُ سَيْرًا
അന്നേ ദിവസം സത്യനിഷേധികള്‍ക്കാകുന്നു നാശം.
11 فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അതായത്‌ അനാവശ്യകാര്യങ്ങളില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌
12 الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ
അവര്‍ നരകാഗ്നിയിലേക്ക്‌ ശക്തിയായി പിടിച്ച്‌ തള്ളപ്പെടുന്ന ദിവസം.
13 يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا
(അവരോട്‌ പറയപ്പെടും:) ഇതത്രെ നിങ്ങള്‍ നിഷേധിച്ചു കളഞ്ഞിരുന്ന നരകം.
14 هَـٰذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ
അപ്പോള്‍ ഇത്‌ മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?
15 أَفَسِحْرٌ هَـٰذَا أَمْ أَنتُمْ لَا تُبْصِرُونَ
നിങ്ങള്‍ അതില്‍ കടന്നു എരിഞ്ഞു കൊള്ളുക. എന്നിട്ട്‌ നിങ്ങളത്‌ സഹിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത്‌ രണ്ടും നിങ്ങള്‍ക്ക്‌ സമമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിന്‌ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുന്നത്‌.
16 اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاءٌ عَلَيْكُمْ ۖإِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
തീര്‍ച്ചയായും ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും.
17 إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ
തങ്ങളുടെ രക്ഷിതാവ്‌ അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്‌. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍ നിന്ന്‌ അവരുടെ രക്ഷിതാവ്‌ അവരെ കാത്തുരക്ഷിക്കുകയും ചെയ്യും.
18 فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ
(അവരോട്‌ പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.
19 كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.
20 مُتَّكِئِينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَاهُم بِحُورٍ عِينٍ
ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്‌. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന്‌ യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച്‌ വെച്ചതിന്‌ (സ്വന്തം കര്‍മ്മങ്ങള്‍ക്ക്‌) പണയം വെക്കപ്പെട്ടവനാകുന്നു.
21 وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ
അവര്‍ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക്‌ അധികമായി നല്‍കുകയും ചെയ്യും.
22 وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
അവിടെ അവര്‍ പാനപാത്രം അന്യോന്യം കൈമാറികൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ, അധാര്‍മ്മിക വൃത്തിയോ ഇല്ല.
23 يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ
۞ അവര്‍ക്ക്‌ (പരിചരണത്തിനായി) ചെറുപ്പക്കാര്‍ അവരുടെ അടുത്ത്‌ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ച്‌ വെക്കപ്പെട്ട മുത്തുകള്‍ പോലെയിരിക്കും
24 ۞ وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
പരസ്പരം പലതും ചോദിച്ചു കൊണ്ട്‌ അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും.
25 وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَساءَلُونَ
അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ്‌ നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു
26 قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ
അതിനാല്‍ അല്ലാഹു നമുക്ക്‌ അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന്‌ അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.
27 فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ
തീര്‍ച്ചയായും നാം മുമ്പേ അവനോട്‌ പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും.
28 إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ
ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല.
29 فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ
അതല്ല, (മുഹമ്മദ്‌) ഒരു കവിയാണ്‌, അവന്ന്‌ കാലവിപത്ത്‌ വരുന്നത്‌ ഞങ്ങള്‍ കാത്തിരിക്കുകയാണ്‌ എന്നാണോ അവര്‍ പറയുന്നത്‌?
30 أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ الْمَنُونِ
നീ പറഞ്ഞേക്കുക: നിങ്ങള്‍ കാത്തിരുന്നോളൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
31 قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ
അതല്ല, അവരുടെ മനസ്സുകള്‍ അവരോട്‌ ഇപ്രകാരം കല്‍പിക്കുകയാണോ? അതല്ല, അവര്‍ ധിക്കാരികളായ ഒരു ജനത തന്നെയാണോ?
32 أَمْ تَأْمُرُهُمْ أَحْلَامُهُم بِهَـٰذَا ۚ أَمْ هُمْ قَوْمٌ طَاغُونَ
അതല്ല, അദ്ദേഹം (നബി) അത്‌ കെട്ടിച്ചമച്ചു പറഞ്ഞതാണ്‌ എന്ന്‌ അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നില്ല.
33 أَمْ يَقُولُونَ تَقَوَّلَهُ ۚ بَل لَّا يُؤْمِنُونَ
എന്നാൽ അവർ സത്യവാന്മാർ ആണെങ്കിൽ ഇതു പോലുള്ള ഒരു വൃത്താന്തം അവർ കൊണ്ടുവരട്ടെ.
34 فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ
അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?
35 أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ
അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല.
36 أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ ۚ بَل لَّا يُوقِنُونَ
അതല്ല, അവരുടെ പക്കലാണോ നിന്‍റെ രക്ഷിതാവിന്‍റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?
37 أَمْ عِندَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ
അതല്ല, അവര്‍ക്ക്‌ (ആകാശത്തു നിന്ന്‌) വിവരങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ വല്ല കോണിയുമുണ്ടോ? എന്നാല്‍ അവരിലെ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ആള്‍ വ്യക്തമായ വല്ല പ്രമാണവും കൊണ്ടുവരട്ടെ.
38 أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَانٍ مُّبِينٍ
അതല്ല, അവന്നു (അല്ലാഹുവിനു) ള്ളത്‌ പെണ്‍മക്കളും നിങ്ങള്‍ക്കുള്ളത്‌ ആണ്‍മക്കളുമാണോ?
39 أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ
അതല്ല, നീ അവരോട്‌ വല്ല പ്രതിഫലവും ചോദിച്ചിട്ട്‌ അവര്‍ കടബാധ്യതയാല്‍ ഭാരം പേറേണ്ടവരായിരിക്കുകയാണോ?
40 أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
അതല്ല, അവര്‍ക്ക്‌ അദൃശ്യജ്ഞാനം കരഗതമാവുകയും, അത്‌ അവര്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടോ?
41 أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ
അതല്ല, അവര്‍ വല്ല കുതന്ത്രവും നടത്താന്‍ ഉദ്ദേശിക്കുകയാണോ? എന്നാല്‍ സത്യനിഷേധികളാരോ അവര്‍ തന്നെയാണ്‌ കുതന്ത്രത്തില്‍ അകപ്പെടുന്നവര്‍.
42 أَمْ يُرِيدُونَ كَيْدًا ۖ فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ
അതല്ല, അവര്‍ക്ക്‌ അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു.
43 أَمْ لَهُمْ إِلَـٰهٌ غَيْرُ اللَّهِ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ
ആകാശത്തുനിന്ന്‌ ഒരു കഷ്ണം വീഴുന്നതായി അവര്‍ കാണുകയാണെങ്കിലും അവര്‍ പറയും: അത്‌ അടുക്കടുക്കായ മേഘമാണെന്ന്‌.
44 وَإِن يَرَوْا كِسْفًا مِّنَ السَّمَاءِ سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ
അതിനാല്‍ അവര്‍ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം അവര്‍ കണ്ടുമുട്ടുന്നത്‌ വരെ നീ അവരെ വിട്ടേക്കുക.
45 فَذَرْهُمْ حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ
അവരുടെ കുതന്ത്രം അവര്‍ക്ക്‌ ഒട്ടും പ്രയോജനം ചെയ്യാത്ത, അവര്‍ക്ക്‌ സഹായം ലഭിക്കാത്ത ഒരു ദിവസം.
46 يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنصَرُونَ
തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്‌ അതിനു പുറമെയും ശിക്ഷയുണ്ട്‌. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
47 وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന്‌ നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത്‌ നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുകയും ചെയ്യുക.
48 وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ
രാത്രിയില്‍ കുറച്ച്‌ സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.
49 وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ

കുറിപ്പുകൾ: സൂറത്തുത്വൂർ (52)

1. പവിത്രമായ സത്യങ്ങൾ: മൂസാ നബിക്ക് അല്ലാഹു സംഭാഷണഭാഗ്യം നൽകിയ ത്വൂർ പർവ്വതം, എഴുതപ്പെട്ട പ്രമാണം (ഖുർആൻ), മലക്കുകൾ സന്ദർശിക്കുന്ന ബൈത്തുൽ മഅ്മൂർ, ഉയർത്തപ്പെട്ട മേലാപ്പ് (ആകാശം), തിരമാലകൾ ഇരമ്പുന്ന കടൽ എന്നിവയെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം തുടങ്ങുന്നത്. അല്ലാഹുവിൻ്റെ ശിക്ഷ വരികതന്നെ ചെയ്യുമെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും ഇത് ഉറപ്പിക്കുന്നു.

2. സ്വർഗ്ഗാവകാശികളുടെ സംഭാഷണം: സ്വർഗ്ഗത്തിൽ പ്രവേശിച്ചവർ തങ്ങളുടെ ഭൗതിക ജീവിതത്തെക്കുറിച്ച് പരസ്പരം സംസാരിക്കുന്ന രംഗം ഈ അധ്യായം വിവരിക്കുന്നു. തങ്ങൾ ഭൂമിയിൽ വെച്ച് അല്ലാഹുവിനെ ഭയപ്പെട്ടവരായിരുന്നുവെന്നും, അതിനാൽ അല്ലാഹു തങ്ങളെ നരകശിക്ഷയിൽ നിന്ന് രക്ഷിച്ചു അനുഗ്രഹം നൽകിയെന്നും അവർ നന്ദിയോടെ സ്മരിക്കുമെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

3. യുക്തിപരമായ ചോദ്യങ്ങൾ: സത്യനിഷേധികളോട് ഖുർആൻ പത്തോളം ചോദ്യങ്ങൾ ഈ അധ്യായത്തിൽ ചോദിക്കുന്നു. "അവർ യാതൊരു വസ്തുവിൽ നിന്നുമല്ലാതെ സൃഷ്ടിക്കപ്പെട്ടവരാണോ? അതോ അവർ തന്നെയാണോ സ്രഷ്ടാക്കൾ?" തുടങ്ങിയ ചോദ്യങ്ങളിലൂടെ ഏകദൈവ വിശ്വാസം ബുദ്ധിപരമായി തെളിയിക്കപ്പെടുന്നു.

4. പ്രവാചകനെതിരെയുള്ള ആരോപണങ്ങൾ: മുഹമ്മദ് നബി (സ) ഒരു കവിയോ ഭ്രാന്തനോ ജ്യോത്സ്യനോ ആണെന്ന ഖുറൈശികളുടെ ആരോപണങ്ങളെ ഈ അധ്യായം ശക്തമായി തള്ളിക്കളയുന്നു. ഖുർആൻ നബി സ്വയം ചമച്ചുണ്ടാക്കിയതാണെങ്കിൽ ഇതുപോലൊരു വചനം കൊണ്ടുവരാൻ അവരെ വെല്ലുവിളിക്കുന്നതായും ചെറിയമുണ്ടം വിവർത്തനത്തിൽ കാണാം.

5. തസ്ബീഹും ക്ഷമയും: വിരോധികൾ ഉയർത്തുന്ന പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളാനും, എഴുന്നേൽക്കുമ്പോഴും രാത്രിയുടെ ഒരു ഭാഗത്തും നക്ഷത്രങ്ങൾ മറയുന്ന സമയത്തും (പ്രഭാതത്തിൽ) അല്ലാഹുവെ സ്തുതിക്കാനും (തസ്ബീഹ്) അല്ലാഹു പ്രവാചകനോട് കൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ സംരക്ഷണയിലാണ് പ്രവാചകൻ ഉള്ളതെന്ന് ഈ അധ്യായം ആശ്വസിപ്പിക്കുന്നു.