42: ശൂറാ (കൂടിയാലോചന)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
ഹാമീം.
1 حم
ഐന്‍ സീന്‍ ഖാഫ്‌.
2 عسق
അപ്രകാരം നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നു.
3 كَذَٰلِكَ يُوحِي إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ اللَّهُ الْعَزِيزُ الْحَكِيمُ
അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവന്‍.
4 لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَلِيُّ الْعَظِيمُ
ആകാശങ്ങള്‍ അവയുടെ ഉപരിഭാഗത്ത്‌ നിന്ന്‌ പൊട്ടിപ്പിളരുമാറാകുന്നു. മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിലുള്ളവര്‍ക്ക്‌ വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
5 تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِي الْأَرْضِ ۗ أَلَا إِنَّ اللَّهَ هُوَ الْغَفُورُ الرَّحِيمُ
അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. നീ അവരുടെ കാര്യത്തില്‍ ചുമതല ഏല്‍പിക്കപ്പെട്ടവനേ അല്ല.
6 وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ اللَّهُ حَفِيظٌ عَلَيْهِمْ وَمَا أَنتَ عَلَيْهِم بِوَكِيلٍ
അപ്രകാരം നിനക്ക്‌ നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും. അന്ന്‌ ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും.
7 وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِّتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ (മനുഷ്യരെ) യെല്ലാം അവന്‍ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷെ, താന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവര്‍ക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
8 وَلَوْ شَاءَ اللَّهُ لَجَعَلَهُمْ أُمَّةً وَاحِدَةً وَلَـٰكِن يُدْخِلُ مَن يَشَاءُ فِي رَحْمَتِهِ ۚ وَالظَّالِمُونَ مَا لَهُم مِّن وَلِيٍّ وَلَا نَصِيرٍ
അതല്ല, അവര്‍ അവന്നുപുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ? എന്നാല്‍ അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.
9 أَمِ اتَّخَذُوا مِن دُونِهِ أَوْلِيَاءَ ۖ فَاللَّهُ هُوَ الْوَلِيُّ وَهُوَ يُحْيِي الْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത്‌ ഏത്‌ കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ്‌ എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക്‌ ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.
10 وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ ۚ ذَٰلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
ആ ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍). നിങ്ങള്‍ക്ക്‌ വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച്‌ വര്‍ധിപ്പിക്കുന്നു. അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.
11 فَاطِرُ السَّمَاوَاتِ وَالْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَمِنَ الْأَنْعَامِ أَزْوَاجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്‌) അവന്‍ അത്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
12 لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ ۖ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
۞ നൂഹിനോട്‌ കല്‍പിച്ചതും നിനക്ക്‌ നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട്‌ നാം കല്‍പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക്‌ മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക്‌ ക്ഷണിക്കുന്നുവോ അത്‌ അവര്‍ക്ക്‌ വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക്‌ തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു.
13 ۞ شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينָ وَلَا تَتَفَرَّقُوا فِيهِ ۚ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ اللَّهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ
പൂര്‍വ്വവേദക്കാര്‍ ഭിന്നിച്ചത്‌ അവര്‍ക്ക്‌ അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്‌. നിര്‍ണിതമായ ഒരു അവധിവരേക്ക്‌ ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ മുമ്പ്‌ തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഉടനെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു. അവര്‍ക്ക്‌ ശേഷം വേദഗ്രന്ഥത്തിന്‍റെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍ തീര്‍ച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
14 وَمَا تَفَرَّقُوا إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰ أَجَلٍ مُّسَمًّى لَّقُضِيَ بَيْنَهُمْ ۚ وَإِنَّ الَّذِينَ أُورِثُوا الْكِتَابَ مِن بَعْدِهِمْ لَفِي شَكٍّ مِّنْهُ مُرِيبٍ
അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത്‌ പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന്‌ പോകരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത്‌ ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തർക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്‌.
15 فَلِذَٰلِكَ فَادْعُ ۖ وَاسْتَقِمْ كَمَا أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ ۖ وَقُلْ آمَنتُ بِمَا أَنزَلَ اللَّهُ مِن كِتَابٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ اللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ اللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ الْمَصِيرُ
അല്ലാഹുവിന്‍റെ ആഹ്വാനത്തിന്‌ സ്വീകാര്യത ലഭിച്ചതിന്‌ ശേഷം അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ നിഷ്ഫലമാകുന്നു. അവരുടെ മേല്‍ കോപമുണ്ടായിരിക്കും. അവര്‍ക്കാണ്‌ കഠിനമായ ശിക്ഷ.
16 وَالَّذِينَ يُحَاجُّونَ فِي اللَّهِ مِن بَعْدِ مَا اسْتُجِيبَ لَهُ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ
അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക്‌ എന്തറിയാം. ആ അന്ത്യസമയം അടുത്ത്‌ തന്നെ ആയിരിക്കാം.
17 اللَّهُ الَّذِي أَنزَلَ الْكِتَابَ بِالْحَقِّ وَالْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ السَّاعَةَ قَرِيبٌ
അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാം അത്‌ സത്യമാണെന്ന്‌. ശ്രദ്ധിക്കുക: തീര്‍ച്ചയായും അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു.
18 يَسْتَعْجِلُ بِهَا الَّذِينَ لَا يُؤْمِنُونَ بِهَا ۖ وَالَّذِينَ آمَنُوا مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا الْحَقُّ ۗ أَلَا إِنَّ الَّذِينَ يُمَارُونَ فِي السَّاعَةِ لَفِي ضَلَالٍ بَعِيدٍ
അല്ലാഹു തന്‍റെ ദാസന്‍മാരോട്‌ കനിവുള്ളവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ ഉപജീവനം നല്‍കുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവന്‍.
19 اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَاءُ ۖ وَهُوَ الْقَوِيُّ الْعَزِيزُ
വല്ലവനും പരലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന്‌ വര്‍ദ്ധന നല്‍കുന്നതാണ്‌. വല്ലവനും ഇഹലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന്‌ അതില്‍ നിന്ന്‌ നല്‍കുന്നതാണ്‌. അവന്‌ പരലോകത്ത്‌ യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.
20 مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ ۖ وَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ
അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക്‌ തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌.
21 أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ ۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ
(പരലോകത്ത്‌ വെച്ച്‌) ആ അക്രമകാരികളെ തങ്ങള്‍ സമ്പാദിച്ചു വെച്ചതിനെപ്പറ്റി ഭയചകിതരായ നിലയില്‍ നിനക്ക്‌ കാണാം. അത്‌ (സമ്പാദിച്ചു വെച്ചതിനുള്ള ശിക്ഷ) അവരില്‍ വന്നുഭവിക്കുക തന്നെചെയ്യും. വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവര്‍ ഉദ്ദേശിക്കുന്നതെന്തോ അത്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം.
22 تَرَى الظَّالِمِينَ مُشْفِقِينَ مِمَّا كَسَبُوا وَهُوَ وَاقِعٌ بِهِمْ ۗ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي رَوْضَاتِ الْجَنَّاتِ ۖ لَهُم مَّا يَشَاءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هو الْفَضْلُ الْكَبِيرُ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക്‌ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന്‌ നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.
23 ذَٰلِكَ الَّذِي يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا ۚ إِنَّ اللَّهَ غَفُورٌ شَكُورٌ
അതല്ല, അദ്ദേഹം (പ്രവാചകന്‍) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്‍റെ ഹൃദയത്തിനുമേല്‍ അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തന്‍റെ വചനങ്ങള്‍ കൊണ്ട്‌ സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഹൃദങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
24 أَمْ يَقُولُونَ افْتَرَىٰ عَلَى اللَّهِ كَذِبًا ۖ فَإِن يَشَإِ اللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ اللَّهُ الْبَاطِلَ وَيُحِقُّ الْحَقَّ بِكَلِمَاتِهِ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത്‌ അവന്‍ അറിയുകയും ചെയ്യുന്നു.
25 وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങൾ പ്രവര്‍ത്തിക്കുകയും ചെയ്തവർക്ക്‌ അവൻ (പ്രാർത്ഥനയ്ക്ക്‌) ഉത്തരം നൽകുകയും, തന്‍റെ അനുഗ്രഹത്തിൽ നിന്ന്‌ അവർക്ക്‌ കൂടുതൽ നൽകുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവർക്കുള്ളത്‌.
26 وَيَسْتَجِيبُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَيَزِيدُهُم مِّن فَضْلِهِ ۚ وَالْكَافِرُونَ لَهُمْ عَذَابٌ شَدِيدٌ
۞ അല്ലാഹു തന്‍റെ ദാസന്മാർക്ക്‌ ഉപജീവനം വിശാലമാക്കി കൊടുത്തിരുന്നെങ്കിൽ ഭൂമിയിൽ അവർ അതിക്രമം പ്രവർത്തിക്കുമായിരുന്നു. പക്ഷെ, അവൻ ഒരു കണക്കനുസരിച്ച്‌ താൻ ഉദ്ദേശിക്കുന്നത്‌ ഇറക്കി കൊടുക്കുന്നു; തീർച്ചയായും അവൻ തന്‍റെ ദാസന്മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.
27 ۞ وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍ مَّا يَشَاءُ ۚ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ
അവൻ തന്നെയാകുന്നു മനുഷ്യർ നിരാശപ്പെട്ടുകഴിഞ്ഞതിനു ശേഷം മഴ വർഷിപ്പിക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവൻ. അവൻ തന്നെയാകുന്നു സ്തുത്യർഹനായ രക്ഷാധികാരി.
28 وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ ۚ وَهُوَ الْوَلِيُّ الْحَمِيدُ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ . അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടുവാനായി കഴിവുള്ളവനാണ് അവൻ.
29 وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ
നിങ്ങൾക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു.
30 وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ
നിങ്ങൾക്ക്‌ ഭൂമിയിൽ വെച്ച്‌ (അല്ലാഹുവിനെ) തോൽപിച്ച്‌ കളയാനാവില്ല. അല്ലാഹുവിന്‌ പുറമെ നിങ്ങൾക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ലതാനും.
31 وَمَا أَنتُم بِمُعْجِزِينَ فِي الْأَرْضِ ۖ وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.
32 وَمِنْ آيَاتِهِ الْجَوارِ فِي الْبَحْرِ كَالْأَعْلَامِ
അവൻ ഉദ്ദേശിക്കുന്ന പക്ഷം അവൻ കാറ്റിനെ അടക്കി നിർത്തും. അപ്പോൾ അവ കടൽ പരപ്പിൽ നിശ്ചലമായി നിന്നുപോകും. തീർച്ചയായും അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും ദൃഷ്ടാന്തങ്ങളുണ്ട്‌.
33 إِن يَشَأْ يُسْكِنِ الرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ
അല്ലെങ്കിൽ അവർ പ്രവർത്തിച്ചതിന്‍റെ ഫലമായി അവയെ (കപ്പലുകളെ) അവൻ തകർത്തുകളയും. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യും.
34 أَوْ يُوبِقْهُنَّ بِمَا كَسَبُوا وَيَعْفُ عَن كَثِيرٍ
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ തർക്കം നടത്തുന്നവർ തങ്ങൾക്ക്‌ രക്ഷപ്രാപിക്കുവാൻ ഒരു സ്ഥാനവുമില്ലെന്ന്‌ മനസ്സിലാക്കേണ്ടതിനുമാണത്‌.
35 وَيَعْلَمَ الَّذِينَ يُجَادِلُونَ فِي آيَاتِنَا مَا لَهُم مِّن مَّحِيصٍ
നിങ്ങൾക്ക്‌ വല്ലതും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ ഐഹികജീവിതത്തിലെ (താൽക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്‍റെ പക്കലുള്ളത്‌ കൂടുതൽ ഉത്തമവും കൂടുതൽ നീണ്ടുനിൽക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേൽ ഭരമേൽപിക്കുകയും ചെയ്തവർക്കുള്ളതത്രെ അത്‌.
36 فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا ۖ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
മഹാപാപങ്ങളും നീചവൃത്തികളും വർജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവർക്ക്‌.
37 وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ
തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത്‌ അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നൽകിയിട്ടുള്ളതിൽ നിന്ന്‌ ചെലവഴിക്കുകയും ചെയ്തവരാരോ, അവർക്കും.
38 وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
തങ്ങൾക്ക്‌ വല്ല മർദ്ദനവും നേരിട്ടാൽ രക്ഷാനടപടി സ്വീകരിക്കുന്നവർക്കും.
39 وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنتَصِرُونَ
ഒരു തിന്മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്മതന്നെയാകുന്നു. എന്നാൽ ആരെങ്കിലും മാപ്പുനൽകുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കിൽ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീർച്ചയായും അവൻ അക്രമം പ്രവർത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
40 وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ إِنَّهُ لَا يُحِبُّ الظَّالِمِينَ
താൻ മർദ്ദിക്കപ്പെട്ടതിന്‌ ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാർക്കെതിരിൽ (കുറ്റം ചുമത്താൻ) യാതൊരു മാർഗവുമില്ല.
41 وَلَمَنِ انتَصَرَ بَعْدَ ظُلْمِهِ فَأُولَـٰئِكَ مَا عَلَيْهِم مِّن سَبِيلٍ
ജനങ്ങളോട്‌ അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരിൽ മാത്രമേ (കുറ്റം ചുമത്താൻ) മാർഗമുള്ളൂ. അത്തരക്കാർക്ക്‌ തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും.
42 إِنَّمَا السَّبِيلُ عَلَى الَّذِينَ يَظْلَمُونَ النَّاسَ وَيَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ ۚ أُولَـٰئِكَ لَهُمْ عَذَابٌ أَلِيمٌ
വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു.
43 وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ الْأُمُورِ
അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന്‌ അതിന്‌ ശേഷം യാതൊരു രക്ഷാധികാരിയുമില്ല. ശിക്ഷ നേരിൽ കാണുമ്പോൾ ഒരു തിരിച്ചുപോക്കിന്‌ വല്ല മാർഗവുമുണ്ടോ എന്ന്‌ അക്രമകാരികൾ പറയുന്നതായി നിനക്ക്‌ കാണാം.
44 وَمَن يُضْلِلِ اللَّهُ فَمَا لَهُ مِن وَلِيٍّ مِّن بَعْدِهِ ۗ وَتَرَى الظَّالِمِينَ لَمَّا رَأَوُا الْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِّن سَبِيلٍ
നിന്ദ്യതയാൽ കീഴൊതുങ്ങിയവരായിക്കൊണ്ട്‌ അവർ അതിന്‌ (നരകത്തിന്‌) മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്നത്‌ നിനക്ക്‌ കാണാം. ഒളികണ്ണിട്ടായിരിക്കും അവർ നോക്കുന്നത്‌. വിശ്വസിച്ചവർ പറയും: ഉയിർത്തെഴുന്നേൽപിന്‍റെ നാളിൽ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവർ തന്നെയാകുന്നു തീർച്ചയായും നഷ്ടക്കാർ. ശ്രദ്ധിക്കുക; തീർച്ചയായും അക്രമികൾ നിരന്തരമായ ശിക്ഷയിലാകുന്നു.
45 وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ الذُّلِّ يَنظُرُونَ مِن طَرْفٍ خَفِيٍّ ۗ وَقَالَ الَّذِينَ آمَنُوا إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا إِنَّ الظَّالِمِينَ فِي عَذَابٍ مُّقِيمٍ
അല്ലാഹുവിന്‌ പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവർക്ക്‌ ഉണ്ടായിരിക്കുകയുമില്ല. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കിയോ അവന്ന്‌ (ലക്ഷ്യപ്രാപ്തിക്ക്‌) യാതൊരു മാർഗവുമില്ല.
46 وَمَا كَانَ لَهُم مِّنْ أَوْلِيَاءَ يَنصُرُونَهُم مِّن دُونِ اللَّهِ ۗ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِن سَبِيلٍ
ഒരു ദിവസം വന്നെത്തുന്നതിന്‌ മുമ്പായി നിങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം നിങ്ങൾ സ്വീകരിക്കുക. അല്ലാഹുവിങ്കൽ നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന്‌ നിങ്ങൾക്ക്‌ യാതൊരു അഭയസ്ഥാനവുമുണ്ടാവില്ല. നിങ്ങൾക്ക്‌ (കുറ്റങ്ങൾ) നിഷേധിക്കാനുമാവില്ല.
47 اسْتَجِيبُوا لِرَبِّكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا مَرَدَّ لَهُ مِنَ اللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ
ഇനി അവർ തിരിഞ്ഞുകളയുകയാണെങ്കിൽ (നബിയേ,) നിന്നെ നാം അവരുടെ മേൽ കാവൽക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേൽ പ്രബോധന ബാധ്യത മാത്രമേയുള്ളു. തീർച്ചയായും നാം മനുഷ്യന്‌ നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാൽ അതിന്‍റെ പേരിൽ അവൻ ആഹ്ലാദം കൊള്ളുന്നു. അവരുടെ കൈകൾ മുമ്പ്‌ ചെയ്തു വെച്ചതിന്‍റെ ഫലമായി അവർക്ക്‌ വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യൻ നന്ദികെട്ടവൻ തന്നെയാകുന്നു.
48 فَإِنْ أَعْرَضُوا فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا الْبَلَاغُ ۗ وَإِنَّا إِذَا أَذَقْنَا الْإِنسَانَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ الْإِنسَانَ كَفُورٌ
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ ആൺമക്കളെയും പ്രദാനം ചെയ്യുന്നു.
49 لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ
അല്ലെങ്കിൽ അവർക്ക്‌ അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തികൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ സർവ്വജ്ഞനും സർവ്വശക്തനുമാകുന്നു.
50 أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ
۞ (നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നിൽ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അവൻ ഉദ്ദേശിക്കുന്നത്‌ അദ്ദേഹം (ദൂതൻ) ബോധനം നൽകുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീർച്ചയായും അവൻ ഉന്നതനും യുക്തിമാനുമാകുന്നു.
51 ۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ
അപ്രകാരം തന്നെ നിനക്ക്‌ നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരിൽ നിന്ന്‌ നാം ഉദ്ദേശിക്കുന്നവർക്ക്‌ നാം വഴി കാണിക്കുന്നു. തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്‌.
52 وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَـٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَن نَّشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ
ആകാശങ്ങളിലുള്ളതും ഭൂമിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെ പാതയിലേക്ക്‌. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങൾ ചെന്നെത്തുന്നത്‌.
53 صِرَاطِ اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ أَلَا إِلَى اللَّهِ تَصِيرُ الْأُمُورُ

കുറിപ്പുകൾ: സൂറത്തുശ്ശൂറാ (42)

1. ദിവ്യബോധനത്തിൻ്റെ (വഹ്യ്) ഏകത: മുൻകാല പ്രവാചകന്മാർക്ക് നൽകപ്പെട്ട അതേ സന്ദേശം തന്നെയാണ് മുഹമ്മദ് നബി (സ) ക്കും നൽകപ്പെടുന്നത് എന്ന് ഈ അധ്യായം ഊന്നിപ്പറയുന്നു. അല്ലാഹുവിൻ്റെ മതം അടിസ്ഥാനപരമായി ഒന്നാണെന്നും അതിൽ ഭിന്നതകൾ ഉണ്ടാക്കരുതെന്നും ഇത് ഓർമ്മിപ്പിക്കുന്നു.

2. കൂടിയാലോചന (ശൂറാ): വിശ്വാസികളുടെ ഒരു പ്രധാന ഗുണമായി കാര്യങ്ങൾ തമ്മിൽ കൂടിയാലോചിച്ച് തീരുമാനിക്കുക എന്നത് ഈ അധ്യായത്തിൽ എടുത്തുപറയുന്നു (സൂക്തം 38). ഇതിൽ നിന്നാണ് അധ്യായത്തിന് 'ശൂറാ' എന്ന പേര് ലഭിച്ചത്. ഭരണാധികാരത്തിലും കുടുംബകാര്യങ്ങളിലും ഈ തത്വം പാലിക്കണമെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

3. അല്ലാഹുവിൻ്റെ കരുണയും പാപമോചനവും: അല്ലാഹു തൻ്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുകയും അവരുടെ തെറ്റുകൾ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു (സൂക്തം 25). അവൻ കരുണാനിധിയാണെങ്കിലും അക്രമികൾക്ക് കഠിനമായ ശിക്ഷയുണ്ടെന്ന താക്കീതും ഇതിലുണ്ട്.

4. സന്താനഭാഗ്യം അല്ലാഹുവിൻ്റെ ഇഷ്ടം: ചിലർക്ക് ആൺകുട്ടികളെയും ചിലർക്ക് പെൺകുട്ടികളെയും ചിലർക്ക് രണ്ടുവിഭാഗത്തെയും നൽകുന്നതും മറ്റു ചിലരെ വന്ധ്യരാക്കുന്നതും അല്ലാഹുവിൻ്റെ അധികാരത്തിൽപ്പെട്ട കാര്യമാണ് (സൂക്തം 49-50). ഇതിൽ മനുഷ്യന് യാതൊരു പങ്കുമില്ലെന്ന് ഈ അധ്യായം വ്യക്തമാക്കുന്നു.

5. വഹ്യ് നൽകുന്ന രീതികൾ: അല്ലാഹു മനുഷ്യനോട് നേരിട്ട് സംസാരിക്കാറില്ലെന്നും, മറിച്ച് ബോധനം (വഹ്യ്) വഴിയോ, മറയ്ക്ക് പിന്നിൽ നിന്നോ, അല്ലെങ്കിൽ ഒരു മലക്കിനെ അയച്ചുകൊണ്ടോ ആണ് സന്ദേശങ്ങൾ കൈമാറുന്നതെന്ന് ഈ അധ്യായത്തിൻ്റെ അവസാനം വിശദീകരിക്കുന്നു.