ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍
പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?
വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍
തീര്‍ച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവന്‍ എല്ലാം കേള്‍ക്കുന്നവനും
അറിയുന്നവനുമത്രെ.
വല്ലവനും (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സമരം ചെയ്യുകയാണെങ്കില്‍ തന്‍റെ സ്വന്തം
ഗുണത്തിനായിത്തന്നെയാണ് അവന്‍ സമരം ചെയ്യുന്നത്. തീര്‍ച്ചയായും അല്ലാഹു ലോകരെ ആശ്രയിക്കുന്നതില്‍ നിന്ന്
മുക്തനത്രെ.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരുടെ
തിന്‍മകള്‍ അവരില്‍ നിന്ന് നാം മായ്ച്ചുകളയുക തന്നെ ചെയ്യും. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍
ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവര്‍ക്ക് നാം നല്‍കുന്നതുമാണ്.
ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. എന്ന് പറയുന്ന ചിലര്‍ മനുഷ്യരുടെ
കൂട്ടത്തിലുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ജനങ്ങളുടെ
മര്‍ദ്ദനത്തെ അല്ലാഹുവിന്‍റെ ശിക്ഷയെപ്പോലെ അവര്‍ ഗണിക്കുന്നു. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല
സഹായവും വന്നാല്‍ (സത്യവിശ്വാസികളോട്) അവര്‍ പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു.
ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?
നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍
വഹിച്ചുകൊള്ളാം എന്ന് സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറഞ്ഞു. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍
നിന്ന് യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാകുന്നു.
തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍
വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം
ചെയ്യപ്പെടുന്നതുമാണ്.
നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പതുകൊല്ലം
ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അങ്ങനെ അവര്‍ അക്രമികളായിരിക്കെ
പ്രളയം അവരെ പിടികൂടി.
ഇബ്രാഹീമിനെയും (നാം അയച്ചു,) അദ്ദേഹം തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം
(ശ്രദ്ധേയമത്രെ.): നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക്
ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍.
നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം
കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍
നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ
ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.
നിങ്ങള്‍ നിഷേധിച്ച് തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും
നിഷേധിച്ച് തള്ളുകയുണ്ടായിട്ടുണ്ട്. ദൈവദൂതന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.
അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
എന്ന് അവര്‍ ചിന്തിച്ച് നോക്കിയില്ലേ? തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ.
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന്‍ എപ്രകാരം സൃഷ്ടി
ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതാണ്.
തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
നിങ്ങള്‍ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ. എന്ന് പറഞ്ഞതല്ലാതെ
അപ്പോള്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) ജനത മറുപടിയൊന്നും നല്‍കിയില്ല. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ
അഗ്നിയില്‍ നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ
സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ പേരില്‍ മാത്രമാകുന്നു.
പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുകയും, ചിലര്‍ ചിലരെ
ശപിക്കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ സങ്കേതം നരകമായിരിക്കുകയും ചെയ്യും. നിങ്ങള്‍ക്ക്
സഹായികളാരുമുണ്ടാകുകയില്ല.
അദ്ദേഹത്തിന് (പുത്രന്‍) ഇസ്ഹാഖിനെയും (പൌത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം
ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിപരമ്പരയില്‍ പ്രവാചകത്വവും വേദവും നാം നല്‍കുകയും ചെയ്തു.
ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നല്‍കിയിട്ടുണ്ട്. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ
കൂട്ടത്തിലായിരിക്കുകയും ചെയ്യും.
ലൂത്വിനെയും (ദൂതനായി അയച്ചു) തന്‍റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം
(ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ്
ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.
നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്‍മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ)
മാര്‍ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്‍റെ
ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക്
അല്ലാഹുവിന്‍റെ ശിക്ഷ നീ കൊണ്ടുവാ എന്ന് അവര്‍ പറഞ്ഞതല്ലാതെ.
നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട്
ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കാന്‍ പോകുന്നവരാകുന്നു.
തീര്‍ച്ചയായും ഈ നാട്ടുകാര്‍ അക്രമികളായിരിക്കുന്നു.
ഇബ്രാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു:
അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം
രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്‍റെ ഭാര്യയൊഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ
കൂട്ടത്തിലായിരിക്കുന്നു.
നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍
അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു:
താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍
രക്ഷപ്പെടുത്തുന്നതാണ്. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ
കൂട്ടത്തിലായിരിക്കുന്നു.
മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു:
എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിന്‍.
നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്.
ആദ്, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി.) അവരുടെ വാസസ്ഥലങ്ങളില്‍
നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍
ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍
കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു.
ഖാറൂനെയും, ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു.) വ്യക്തമായ തെളിവുകളും
കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍
(നമ്മെ) മറികടക്കുന്നവരായില്ല.
അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ
നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍
ആഴ്ത്തികളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ
അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.
അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്
പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ.
അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!
(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത്
ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍
നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം
തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു.
വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്- അവരില്‍
നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും
ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു.
അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം
(മുമ്പ്) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്. ഈ കൂട്ടരിലും അതില്‍
വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.
ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്‍റെ വലതുകൈ കൊണ്ട്
അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്കു സംശയിക്കാമായിരുന്നു.
നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവര്‍ക്കു
(തെളിവിന്) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന
ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും ഉല്‍ബോധനവുമുണ്ട്.
(നബിയേ,) പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി.
ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവന്‍ അറിയുന്നു. അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍
അവിശ്വസിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
ശിക്ഷയുടെ കാര്യത്തില്‍ അര്‍ നിന്നോട് ധൃതികൂട്ടുന്നു. നിര്‍ണയിക്കപ്പെട്ട ഒരു
അവധി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ശിക്ഷ വന്നുകഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. അവര്‍ ഓര്‍ക്കാതിരിക്കെ
പെട്ടെന്ന് അതവര്‍ക്ക് വന്നെത്തുക തന്നെ ചെയ്യും.
അവരുടെ മുകള്‍ഭാഗത്തു നിന്നും അവരുടെ കാലുകള്‍ക്കിടയില്‍ നിന്നും ശിക്ഷ അവരെ
മൂടിക്കളയുന്ന ദിവസത്തില്‍. (അന്ന്) അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം
നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്
നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൗധങ്ങളില്‍ താമസസൗകര്യം നല്‍കുന്നതാണ്.
അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
സ്വന്തം ഉപജീവനത്തിന്‍റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ്
അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.
ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം
അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും;
അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.
നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍
കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തില്‍
അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തോട് അവര്‍ നന്ദികേട് കാണിക്കുകയുമാണോ?
നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക്
നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു.
1. വിശ്വാസത്തിലെ പരീക്ഷണങ്ങൾ:
"ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം പരീക്ഷിക്കപ്പെടാതെ വിട്ടയക്കപ്പെടുമെന്ന്
മനുഷ്യർ കരുതിയിട്ടുണ്ടോ?" എന്ന ഗൗരവമേറിയ ചോദ്യത്തോടെയാണ് ഈ അധ്യായം ആരംഭിക്കുന്നത്. സത്യവിശ്വാസം കേവലം
വാക്കിലല്ല, മറിച്ച് പരീക്ഷണഘട്ടങ്ങളിലെ ഉറച്ചുനിൽക്കലിലാണെന്ന് അമാനി തഫ്സീർ ഇവിടെ വിശദീകരിക്കുന്നു.
2. മാതാപിതാക്കളും വിശ്വാസവും:
മാതാപിതാക്കളോട് നന്നായി വർത്തിക്കണമെന്ന് കൽപ്പിക്കുമ്പോഴും, അല്ലാഹുവിൽ പങ്കുചേർക്കാൻ (ശിർക്ക്) അവർ
നിർബന്ധിക്കുകയാണെങ്കിൽ ആ കാര്യത്തിൽ അവരെ അനുസരിക്കാൻ പാടില്ലെന്ന് ഈ അധ്യായം വ്യക്തമാക്കുന്നു (സൂക്തം 8).
സ്രഷ്ടാവിനോടുള്ള കടമയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് ഇത് പഠിപ്പിക്കുന്നു.
3. എട്ടുക്കാലിയുടെ ഉപമ:
അല്ലാഹു അല്ലാത്തവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവർക്ക് എട്ടുക്കാലിയുടെ വീടിനോടാണ് അല്ലാഹു
ഉപമിച്ചിരിക്കുന്നത്. വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായത് എട്ടുക്കാലിയുടെ വീടാണല്ലോ (സൂക്തം 41).
അല്ലാഹുവല്ലാത്ത ശക്തികളിൽ അഭയം തേടുന്നത് അത്രമേൽ നിരർത്ഥകമാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു.
4. നമസ്കാരത്തിൻ്റെ സ്വാധീനം:
"തീർച്ചയായും നമസ്കാരം മ്ലേച്ഛതകളിൽ നിന്നും ദുർവൃത്തികളിൽ നിന്നും തടയുന്നു" (സൂക്തം 45) എന്ന മഹത്തായ വചനം
ഈ അധ്യായത്തിലാണ്. യഥാർത്ഥ നിഷ്ഠയോടെയുള്ള ആരാധനകൾ മനുഷ്യൻ്റെ സ്വഭാവത്തിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച്
ഇതിൽ ഊന്നിപ്പറയുന്നു.