ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും, സത്യവിശ്വാസികളെ, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്‍റെതായ
പദവിയുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കാനും അവരില്‍ നിന്ന് തന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യസന്ദേശം
നല്‍കിയത് ജനങ്ങള്‍ക്ക് ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികള്‍ പറഞ്ഞു: ഇയാള്‍ സ്പഷ്ടമായും ഒരു
മാരണക്കാരന്‍ തന്നെയാകുന്നു.
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട്
കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന്
ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു.
അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
അവങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിന്‍റെ സത്യവാഗ്ദാനമത്രെ അത്. തീര്‍ച്ചയായും അവന്‍ സൃഷ്ടി
ആരംഭിക്കുന്നു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീതിപൂര്‍വ്വം
പ്രതിഫലം നല്‍കുവാന്‍ വേണ്ടി അവന്‍ സൃഷ്ടികര്‍മ്മം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ നിഷേധിച്ചതാരോ
അവര്‍ക്ക് ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ
ഫലമത്രെ അത്.
സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍
നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ
മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു
തെളിവുകള്‍ വിശദീകരിക്കുന്നു.
നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍
സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ.
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിന്‍റെ
ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്. അനുഗ്രഹങ്ങൾ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളില്‍ അവരുടെ
താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.
ജനങ്ങള്‍ നേട്ടത്തിന് ധൃതികൂട്ടുന്നതു പോലെ അവര്‍ക്ക് ദോഷം വരുത്തുന്ന കാര്യത്തില്‍ അല്ലാഹു
ധൃതികൂട്ടുകയായിരുന്നുവെങ്കില്‍ അവരുടെ ജീവിതാവധി അവസാനിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍
നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ വിഹരിച്ചു കൊള്ളാന്‍ നാം
വിടുകയാകുന്നു.
മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു.
അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍
പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍
ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു.
തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ള പല തലമുറകളെയും അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നാം
നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അവര്‍
വിശ്വസിക്കുകയുണ്ടായില്ല. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന്
പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക.
(നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം
നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍
ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.
പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഞാനിത് ഓതികേള്‍പിക്കുകയോ, നിങ്ങളെ അവന്‍ ഇത്
അറിയിക്കുകയോ ചെയ്യില്ലായിരുന്നു. ഇതിനു മുമ്പ് കുറെ കാലം ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ടല്ലോ.
നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്. നിന്‍റെ രക്ഷിതാവിങ്കല്‍
നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍
അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പിക്കപ്പെട്ടിരുന്നേനെ.
ജനങ്ങള്‍ക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവർക്ക് ഒരു കാരുണ്യം അനുഭവിപ്പിച്ചാല്‍ അപ്പോഴതാ നമ്മുടെ
ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ അവരുടെ ഒരു കുതന്ത്രം.! പറയുക: അല്ലാഹു അതിവേഗം തന്ത്രം
പ്രയോഗിക്കുന്നവനാകുന്നു. നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ ദൂതന്‍മാര്‍
രേഖപ്പെടുത്തുന്നതാണ്; തീർച്ച.
അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൗകര്യം നല്‍കുന്നത്. അങ്ങനെ നിങ്ങള്‍
കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍
സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്ക് വന്നെത്തി. എല്ലായിടത്തുനിന്നും
തിരമാലകള്‍ അവരുടെ നേര്‍ക്ക് വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു.
അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍
നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു.
ഹേ;
മനുഷ്യരേ, നിങ്ങള്‍ ചെയ്യുന്ന അതിക്രമം നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും (ഭവിക്കുക.)
ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ് (അത് വഴി നിങ്ങള്‍ക്ക് കിട്ടുന്നത്) . പിന്നെ നമ്മുടെ
അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം
വിവരമറിയിക്കുന്നതാണ്.
നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ
സസ്യങ്ങൾ ഇടകലർന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്‍റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ
കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്‍റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ
പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍
നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്‍റെ
ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.
തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്‍മയ്ക്കുള്ള പ്രതിഫലം അതിന് തുല്യമായതു തന്നെയായിരിക്കും.
അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്‍റെ
കഷ്ണങ്ങൾകൊണ്ട് അവരുടെ മുഖങ്ങള്‍ പൊതിഞ്ഞതു പോലെയിരിക്കും. അവരാകുന്നു നരകാവകാശികള്‍. അവരതില്‍
നിത്യവാസികളായിരിക്കും.
അവരെയെല്ലാം നാം ഒരുമിച്ചുകൂട്ടുകയും, എന്നിട്ട് ബഹുദൈവവിശ്വാസികളോട് നിങ്ങളും നിങ്ങള്‍ പങ്കാളികളായി
ചേര്‍ത്തവരും അവിടെത്തന്നെ നില്‍ക്കൂ. എന്ന് പറയുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) അനന്തരം നാം അവരെ
തമ്മില്‍ വേര്‍പെടുത്തും. അവര്‍ പങ്കാളികളായി ചേര്‍ത്തവര്‍ പറയും: നിങ്ങള്‍ ഞങ്ങളെയല്ല ആരാധിച്ചിരുന്നത്.
അവിടെവെച്ച് ഓരോ ആത്മാവും അത് മുന്‍കൂട്ടി ചെയ്തത് പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ രക്ഷാധികാരിയായ
അല്ലാഹുവിങ്കലേക്ക് അവര്‍ മടക്കപ്പെടുകയും, അവര്‍ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരില്‍ നിന്ന്
തെറ്റിപ്പോകുകയും ചെയ്യുന്നതാണ്.
(നബിയേ,) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവർത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങള്‍
പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത്
ആവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?
അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും
പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു.
അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ഖുര്‍ആന്‍ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്‍റെ
മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്‍റെ വിശദീകരണവുമത്രെ അത്. അതില്‍ യാതൊരു
സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്.
അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍
അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക്
സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
അല്ല, മുഴുവന്‍ വശവും അവര്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത, അനുഭവസാക്ഷ്യം അവര്‍ക്കു വന്നു
കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ്. അപ്രകാരം തന്നെയാണ് അവരുടെ
മുമ്പുള്ളവരും നിഷേധിച്ചു തള്ളിയത്. എന്നിട്ട് ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ.
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നീ പറഞ്ഞേക്കുക. എനിക്കുള്ളത് എന്‍റെ കര്‍മ്മമാകുന്നു.
നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിമുക്തരാണ്.
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞാനും വിമുക്തനാണ്.
അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്ന് അല്‍പസമയം മാത്രമേ അവര്‍ (ഇഹലോകത്ത്)
കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. അവര്‍ അന്യോന്യം തിരിച്ചറിയുന്നതുമാണ്. അല്ലാഹുവുമായി
കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവര്‍ നഷ്ടത്തിലായിരിക്കുന്നു. അവര്‍ സന്‍മാര്‍ഗം
പ്രാപിക്കുന്നവരായതുമില്ല.
അവര്‍ക്ക് നാം താക്കീത് നല്‍കുന്ന കാര്യങ്ങളില്‍ ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കില്‍ (
അതിന് മുമ്പ്) നിന്നെ നാം മരിപ്പിക്കുകയോ ചെയ്യുന്നതായാലും അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്.
പിന്നീട് അവര്‍ ചെയ്യുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.
ഓരോ സമുദായത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരുടെ ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം
തീര്‍പ്പുകല്‍പിക്കപ്പെടും. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.
പറയുക: എനിക്ക് തന്നെയും ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ എന്‍റെ അധീനതയിലില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. ഓരോ
സമുദായത്തിനും ഓരോ അവധിയുണ്ട്. അവരുടെ അവധി വന്നാല്‍ ഒരല്‍പനേരം വൈകിപ്പിക്കാനും അവര്‍ക്ക് സാധിക്കില്ല.
നേരത്തെയാക്കാനും സാധിക്കില്ല.
നീ പറയുക: നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? അല്ലാഹുവിന്‍റെ ശിക്ഷ രാത്രിയോ പകലോ നിങ്ങള്‍ക്ക്
വന്നെത്തുന്ന പക്ഷം (നിങ്ങളെന്തു ചെയ്യും?) കുറ്റവാളികള്‍ അതില്‍ നിന്ന് എന്തിനാണ് ധൃതിപ്പെട്ട്
ആവശ്യപ്പെടുന്നത്?
പിന്നീട് അക്രമം പ്രവര്‍ത്തിച്ചവരോട് പറയപ്പെടും: നിങ്ങള്‍ ശാശ്വതമായ ശിക്ഷ അനുഭവിച്ചു കൊള്ളുക. നിങ്ങള്‍
പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?
അത് സത്യമാണോ എന്ന് അവര്‍ നിന്നോട് വിവരം ചോദിക്കുന്നു. പറയുക: അതെ, എന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം.
തീര്‍ച്ചയായും അത് സത്യം തന്നെയാണ്. നിങ്ങള്‍ക്ക് (അല്ലാഹുവിനെ) തോല്‍പിക്കാനാവില്ല.
പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും അത് (ഖുര്‍ആന്‍) ലഭിച്ചതില്‍ അവര്‍ സന്തോഷിച്ചു
കൊള്ളട്ടെ. അത് അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാളും ഉത്തമമായതാകുന്നു.
നീ ഏതൊരു കാര്യത്തില്‍ ഏര്‍പ്പെടുകയാണെങ്കിലും, ഖുര്‍ആനില്‍ നിന്ന് ഏതൊരു ഭാഗം ഓതുകയാണെങ്കിലും, നിങ്ങള്‍
ഏതൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടുകയാണെങ്കിലും നിങ്ങള്‍ അതില്‍ മുഴുകിയിരിക്കുമ്പോള്‍ നമ്മെ നിങ്ങളുടെ മേല്‍
സാക്ഷിയാക്കാതിരിക്കില്ല. ഭൂമിയിലാകട്ടെ ആകാശത്താകട്ടെ ഒരു അണുവിന്‍റെ തൂക്കമുള്ളതൊന്നും നിന്‍റെ
രക്ഷിതാവിന്‍റെ ശ്രദ്ധയില്‍ പെടാതിരിക്കില്ല. അതിനെക്കാള്‍ ചെറുതാകട്ടെ വലുതാകട്ടെ വ്യക്തമായ ഒരു രേഖയില്‍ (
ലൌഹുല്‍ മഹ്ഫൂദില്‍) രേഖപ്പെടുത്താത്തതായി ഒന്നുമില്ല.
അവരുടെ വാക്ക് (നിന്ദനം) നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും പ്രതാപം മുഴുവന്‍
അല്ലാഹുവിന്നുള്ളതാകുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
ശ്രദ്ധിക്കുക: ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും അല്ലാഹുവിന്‍റെതാകുന്നു. അല്ലാഹുവിന് പുറമെ പങ്കാളികളെ
വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ എന്തിനെയാണ് പിന്തുടരുന്നത്? അവര്‍ ഊഹത്തെ മാത്രമാണ്
പിന്തുടരുന്നത്. അവര്‍ കളവു പറയുക മാത്രമാണ് ചെയ്യുന്നത്.
അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു. അവന്‍ എത്രയോ പരിശുദ്ധന്‍. അവന്‍
പരാശ്രയമുക്തനാകുന്നു. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ അടുക്കല്‍ ഇതിന്
യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കറിവില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?
ഇഹലോകത്തിലെ അല്‍പം സുഖാനുഭവം (കഴിഞ്ഞാല്‍) പിന്നീട് നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. പിന്നീട്
അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി കഠിനമായ ശിക്ഷ നാം അവര്‍ക്ക് രുചിപ്പിക്കും.
അവര്‍ക്ക് നൂഹിന്‍റെ ചരിത്രം നീ വായിച്ചുകേള്‍പിക്കുക. അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ
ജനങ്ങളേ, എന്‍റെ സാന്നിദ്ധ്യവും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്‍റെ ഉദ്ബോധനവും നിങ്ങള്‍ക്ക്
ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്.
അതിനാല്‍ നിങ്ങളുടെ കാര്യവും നിങ്ങളുടെ പങ്കാളികളെയും നിങ്ങള്‍ ഒന്നിച്ച് തീരുമാനിച്ചു കൊള്ളുക. നിങ്ങളുടെ
കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു അവ്യക്തതയും ഉണ്ടാകരുത്. പിന്നീട് എന്‍റെ കാര്യത്തില്‍ നിങ്ങള്‍
തീര്‍പ്പുകല്‍പിച്ചു കൊള്ളുക. എനിക്ക് നിങ്ങള്‍ അവധി നല്‍കേണ്ടതില്ല.
ഇനി നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല.
എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു. ഞാന്‍ മുസ്ലിംകളുടെ
കൂട്ടത്തിലായിരിക്കണമെന്നാണ് എന്നോട് കല്‍പിക്കപ്പെട്ടിട്ടുള്ളത്.
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളി. അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം കപ്പലില്‍
രക്ഷപ്പെടുത്തുകയും അവരെ നാം പിന്‍ഗാമികളാക്കുകയും ചെയ്തു. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയവരെ നാം
മുക്കിക്കൊല്ലുകയും ചെയ്തു. അപ്പോള്‍ താക്കീത് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്
നോക്കുക.
പിന്നീട് അദ്ദേഹത്തിന് ശേഷം പല ദൂതന്‍മാരെയും അവരുടെ ജനതകളിലേക്ക് നാം നിയോഗിച്ചു. അങ്ങനെ വ്യക്തമായ
തെളിവുകളും കൊണ്ട് അവര്‍ അവരുടെ അടുത്ത് ചെന്നു. എന്നാല്‍ നേരത്തെ നിഷേധിച്ചു തള്ളിയതില്‍ വിശ്വസിക്കാന്‍
അവര്‍ തയ്യാറല്ലായിരുന്നു. അക്രമികളുടെ ഹൃദയങ്ങളില്‍ അപ്രകാരം നാം മുദ്രവെക്കുന്നു.
പിന്നീട് അവര്‍ക്ക് ശേഷം മൂസായെയും ഹാറൂനെയും ഫിര്‍ഔന്‍റെയും അവന്‍റെ പ്രമുഖന്‍മാരുടെയും അടുക്കലേക്ക്
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം നിയോഗിച്ചു. അപ്പോള്‍ അവര്‍ അഹങ്കാരം നടിക്കുകയും കുറ്റവാളികളായ ഒരു
ജനതയായിരിക്കുകയും ചെയ്തു.
മൂസാ ചോദിച്ചു: സത്യം നിങ്ങള്‍ക്ക് വന്നപ്പോള്‍ അതിനെപ്പറ്റിയാണോ നിങ്ങള്‍ ഇപ്രകാരം പറയുന്നത്? ഇതൊരു
മായാജാലമാണോ? എന്നാല്‍ മായാജാലക്കാര്‍ വിജയം പ്രാപിക്കുകയില്ല.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഏതൊന്നിലാണോ ഞങ്ങളെ കണ്ടത്തിയത് അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുവിടാനും,
ഭൂമിയില്‍ നിങ്ങള്‍ രണ്ടാള്‍ക്കും പ്രതാപമുണ്ടാകാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്?
നിങ്ങള്‍ രണ്ടാളെയും ഞങ്ങള്‍ വിശ്വസിക്കുകയേയില്ല.
അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ കൊണ്ടുവന്നത് മായാജാലമാകുന്നു. തീര്‍ച്ചയായും അല്ലാഹു
അത് നിഷ്ഫലമാക്കും. കുഴപ്പക്കാരുടെ പ്രവൃത്തിയെ അല്ലാഹു നന്നാക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച.
ഫിര്‍ഔനും അവന്‍റെ പ്രമുഖന്‍മാരും തങ്ങളെ മര്‍ദ്ദിച്ചേക്കുമോ എന്ന ഭയം കാരണം മൂസായെ തന്‍റെ ജനതയിലെ ചില
യുവാക്കളല്ലാതെ ആരും വിശ്വസിച്ചില്ല. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍
തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തിലാകുന്നു.
അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ
നീ അക്രമികളായ ഈ ജനതയുടെ മര്‍ദ്ദനത്തിന് ഇരയാക്കരുതേ.
മൂസായ്ക്കും അദ്ദേഹത്തിന്‍റെ സഹോദരന്നും നാം ഇപ്രകാരം ദിവ്യസന്ദേശം നല്‍കി: നിങ്ങള്‍ രണ്ടാളും നിങ്ങളുടെ
ജനതയ്ക്ക് വേണ്ടി ഈജിപ്തില്‍ ചില വീടുകള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുകയും, നിങ്ങളുടെ വീടുകള്‍ നിങ്ങള്‍
പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക്
നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്‍റെ പ്രമുഖന്‍മാര്‍ക്കും നീ ഇഹലോകജീവിതത്തില്‍ അലങ്കാരവും
ധനവും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ തെറ്റിപ്പോകാന്‍
വേണ്ടിയാണോ അത് (അവര്‍ ഉപയോഗിക്കുന്നത്?) ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ ധനത്തെ നശിപ്പിക്കുകയും, അവരുടെ
ഹൃദയങ്ങളെ നീ കഠിനമാക്കുകയും ചെയ്യേണമേ. വേദനയേറിയ ശിക്ഷ കാണുന്നത് വരെ അവര്‍ വിശ്വസിക്കാതിരിക്കാന്‍ (
അത് കാരണമാകട്ടെ.)
അല്ലാഹു പറഞ്ഞു: നിങ്ങള്‍ രണ്ടുപേരുടെയും പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍
രണ്ടുപേരും നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കുക. വിവരമില്ലാത്തവരുടെ മാര്‍ഗം നിങ്ങള്‍ പിന്തുടരരുത്.
നിനക്ക് ശേഷമുള്ളവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന്നായി ഇന്ന് നിന്‍റെ ശരീരത്തെ നാം
രക്ഷപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും ജനങ്ങളില്‍ അധികപേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
അശ്രദ്ധരാകുന്നു.
തീര്‍ച്ചയായും ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഉത്തമമായ താമസസൗകര്യം ഒരുക്കികൊടുക്കുകയും ഉത്തമമായ
ഉപജീവനങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് തങ്ങള്‍ക്ക് അറിവ് ലഭിക്കുന്നത് വരെ അവര്‍ ഭിന്നിച്ചില്ല.
അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസം നിന്‍റെ രക്ഷിതാവ്
അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും.
നിനക്ക് നാം ഇറക്കിത്തന്നതിനെപ്പറ്റി നീ സംശയത്തിലാണെങ്കില്‍ നിനക്ക് മുമ്പ് വേദഗ്രന്ഥം
വായിക്കുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിനക്ക്
വന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്.
സത്യവിശ്വാസം സ്വീകരിക്കുകയും തല്‍ഫലമായി വിശ്വാസം ഉപകരിക്കുകയും ചെയ്ത ഒരു നാടുണ്ടായിരുന്നോ? യൂനുസിന്‍റെ
ജനതയൊഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹികജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം
ചെയ്യുകയും, ഒരുകാലം വരെ അവര്‍ക്ക് നാം സുഖാനുഭവം നല്‍കുകയും ചെയ്തു.
യാതൊരു ആത്മാവിനും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു
മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നതാണ്.
പിന്നീട് നമ്മുടെ ദൂതന്‍മാരെയും വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അപ്രകാരം നമ്മുടെ മേലുള്ള ഒരു
ബാധ്യത എന്ന നിലയില്‍ നാം വിശ്വാസികളെ രക്ഷപ്പെടുത്തുന്നു.
വക്രതയില്ലാത്തവനായിക്കൊണ്ട് നീ നിന്‍റെ മുഖം മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക എന്നും, നീ
ബഹുദൈവവിശ്വാസികളില്‍ പെട്ടുപോകരുത് എന്നും (എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു.)
അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം
ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.
നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ആരുമില്ല. നിനക്ക് അവന്‍
വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാന്‍ ആരുമില്ല. തന്‍റെ ദാസന്‍മാരില്‍ നിന്ന്
താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ എത്തിച്ചു കൊടുക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമത്രെ.
പറയുക: ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്കിതാ വന്നു കഴിഞ്ഞിരിക്കുന്നു.
അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിനായിത്തന്നെയാണ് അത് സ്വീകരിക്കുന്നത്.
ആര്‍ വഴിപിഴച്ചു പോകുന്നുവോ അവന്‍ തന്‍റെ ദോഷത്തിനായിത്തന്നെയാണ് അങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ മേല്‍
ഞാന്‍ ചുമതലപ്പെട്ടവനൊന്നുമല്ല.
നിനക്ക് നല്‍കപ്പെടുന്ന ദിവ്യസന്ദേശത്തെ നീ പിന്‍പറ്റുകയും, അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ
ക്ഷമിക്കുകയും ചെയ്യുക. അവനാകുന്നു തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
സൂറത്ത് യൂനുസ് പ്രധാനമായും ചർച്ച ചെയ്യുന്നത് അല്ലാഹുവിന്റെ ഏകത്വത്തെയും, പ്രപഞ്ച സൃഷ്ടിപ്പിലെ അവന്റെ
ദൃഷ്ടാന്തങ്ങളെയും കുറിച്ചാണ്.
ഈ സൂറത്തിലെ 98-ാം വചനത്തിൽ യൂനുസ് നബിയുടെ (അ) ജനതയെക്കുറിച്ച് പരാമർശിക്കുന്നു. ശിക്ഷയുടെ ലക്ഷണങ്ങൾ
കണ്ടപ്പോൾ വിശ്വസിക്കുകയും
അതുകാരണം ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത ഏക ജനത അവരായിരുന്നു എന്നത് ഈ അധ്യായത്തിന്റെ ഒരു
പ്രത്യേകതയാണ്.
കൂടാതെ, ആകാശഭൂമികളെ ആറുദിവസങ്ങളിലായി സൃഷ്ടിച്ചു എന്ന പരാമർശം (വചനം 3) പ്രപഞ്ചത്തിന്റെ ക്രമാനുഗതമായ
പരിണാമത്തെ സൂചിപ്പിക്കുന്നു.