2 (നബിയേ,) നിനക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്. അതിനെ സംബന്ധിച്ച് നിന്‍റെ മനസ്സില്‍ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്. അതു മുഖേന നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും സത്യവിശ്വാസികള്‍ക്ക് ഉല്‍ബോധനം നല്‍കുവാന്‍ വേണ്ടിയുമാണത്.
3 നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
6 എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും.
10 നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
11 തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല.
12 അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.
13 അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു.
17 പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.
18 അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.
19 ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു).
20 അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.
22 അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ?
23 അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.
25 അവന് പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്ത് കൊണ്ട് വരപ്പെടുകയും ചെയ്യും.
26 ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.
27 ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
29 പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക് തിരിച്ച്) നിര്‍ത്തുകയും കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു.
31 ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.
32 (നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.
35 ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീർക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
38 അവന് (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.
39 അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട് പറയും: അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക.
40 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങൾ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.
43 അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കികളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്. അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു.
46 ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്) ആശിച്ചുകൊണ്ടിരിക്കുകയാണ്.
48 ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ ലക്ഷണം മുഖേന അവര്‍ക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങള്‍ ശേഖരിച്ചിരുന്നതും, നിങ്ങള്‍ അഹങ്കരിച്ചിരുന്നതും നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ് ചെയ്തത്?
50 നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്.
51 (അതായത്) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.
52 ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്.
53 അതിലുള്ളത് പുലര്‍ന്ന് കാണുക എന്നതല്ലാതെ മറ്റുവല്ലതുമാണോ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്? മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ അതിന്‍റെ പുലര്‍ച്ചവന്നെത്തുന്ന ദിവസത്തില്‍ പറയും: ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ സത്യവും കൊണ്ട് തന്നെയാണ് വന്നത്. ഇനി ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ വല്ല ശുപാര്‍ശക്കാരുമുണ്ടോ? അതല്ല, ഞങ്ങളൊന്ന് തിരിച്ചയക്കപ്പെടുമോ? എങ്കില്‍ ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുമായിരുന്നു. തങ്ങള്‍ക്ക് തന്നെ അവര്‍ നഷ്ടം വരുത്തിവെച്ചു. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ട് പോയിക്കളയുകയും ചെയ്തു.
56 ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.
57 അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.
58 നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്‍റെ രക്ഷിതാവിന്‍റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ച് വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവധ രൂപത്തില്‍ വിവരിക്കുന്നു.
59 നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു.
63 നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയും, നിങ്ങള്‍ക്ക് കാരുണ്യം നല്‍കപ്പെടുന്നതിന് വേണ്ടിയും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങള്‍ക്ക് വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ?
64 എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.
65 ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്?
66 അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൌഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.
69 നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്‍റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും, സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
70 അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.
71 ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്.
72 അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും, വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു.
73 ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്‍റെ ഒട്ടകമാണിത്. ആകയാൽ അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
75 അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് (അതായത്) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്.
77 അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ.
79 അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീർച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
80 ലൂത്വിനെയും (നാം അയച്ചു). അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
82 ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.
85 മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്കു അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. ഭൂമിയില്‍ നന്‍മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.
87 ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയിൽ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
88 അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ?)
89 നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
90 അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അത് മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും.
93 അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം?
94 ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്.
95 പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്. അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി.
96 ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.
99 അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല.
100 (പഴയ) അവകാശികള്‍ക്കു ശേഷം ഭൂമിയുടെ അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക് നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരുടെ കുറ്റകൃത്യങ്ങളുടെ ഫലമായി നാം ശിക്ഷ ഏല്‍പിക്കുന്നതാണ് എന്ന ബോധം അവരെ നേര്‍വഴിക്ക് നയിക്കുന്നില്ലേ? നാം അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ (ഒന്നും) കേട്ടു മനസ്സിലാക്കാത്തവരായിത്തീരും.
101 ആ നാടുകളുടെ വൃത്താന്തങ്ങളില്‍ ചിലത് നാം നിനക്ക് വിവരിച്ചുതരികയാണ്. അവരിലേക്കയക്കപ്പെട്ട ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നിട്ടും മുമ്പ് അവര്‍ നിഷേധിച്ചു തള്ളിയിരുന്നതില്‍ അവര്‍ വിശ്വസിക്കുകയുണ്ടായില്ല. സത്യനിഷേധികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം അല്ലാഹു മുദ്രവെക്കും.
103 പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്.
105 അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ.
112 എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുക്കല്‍ കൊണ്ടുവരട്ടെ.
يَأْتُوكَ بِكُلِّ سَاحِرٍ عَلِيمٍ
113 ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ?
116 മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക് ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടു വന്നത്.
119 അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു.
فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ
120 അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.
وَأُلْقِيَ السَّحَرَةُ سَاجِدِينَ
121 അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.
قَالُوا آمَنَّا بِرَبِّ الْعَالَمِينَ
122 മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.
رَبِّ مُوسَىٰ وَهَارُونَ
123 ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.
124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.
125 അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്.
قَالُوا إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ
126 ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ.
127 ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും (അനുവദിച്ച്) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്രായീല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും.
128 മൂസാ തന്‍റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.
129 അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത് (ദൂതനായി) വരുന്നതിന്‍റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിന് ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കുന്നതാണ്.
132 അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത് വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല.
133 വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു.
134 ശിക്ഷ അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഹേ; മൂസാ, നിന്‍റെ രക്ഷിതാവ് നിന്നോട് ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക് വേണ്ടി അവനോട് നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്ന് ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയും, ഇസ്രായീല്‍ സന്തതികളെ നിന്‍റെ കൂടെ ഞങ്ങള്‍ അയച്ചു തരികയും ചെയ്യുന്നതാണ്; തീര്‍ച്ച.
136 അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
137 അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.
138 ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി). എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.
140 അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ദൈവമായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്.
141 നിങ്ങള്‍ക്ക് കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും, നിങ്ങളുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്ത് കൊണ്ടിരുന്ന ഫിര്‍ഔന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (നിങ്ങള്‍ ഓര്‍ക്കുക). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കടുത്ത പരീക്ഷണമാണ് അതിലുണ്ടായിരുന്നത്.
142 മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: എന്‍റെ ജനതയുടെ കാര്യത്തില്‍ നീ എന്‍റെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക.
143 നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്‍റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.
145 എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു:) അവയെ മുറുകെപിടിക്കുകയും, അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്‍റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.
148 മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും, അവര്‍ക്ക് വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു.
150 കുപിതനും ദുഃഖിതനുമായിക്കൊണ്ട് തന്‍റെ ജനങ്ങളിലേക്ക് മടങ്ങി വന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച് തന്‍റെ അടുത്തേക്ക് വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങൾ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തു കൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്.
151 അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ സഹോദരന്നും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ.
152 കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്കു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും, ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ.
153 എന്നാല്‍ തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവര്‍ക്കു തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുത്തുകൊടുക്കുകയും, കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു.
155 നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്‍മാര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്‍റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത് മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍.
157 (അതായത്) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍.
160 അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട് അദ്ദേഹത്തിന്‍റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് നിന്‍റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി. നാം അവര്‍ക്ക് മേഘത്തണല്‍ നല്‍കുകയും, മന്നായും കാടപക്ഷികളും നാം അവര്‍ക്ക് ഇറക്കികൊടുക്കുകയും ചെയ്തു. നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുക (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.) (അവരുടെ ധിക്കാരം നിമിത്തം) നമുക്ക് അവര്‍ ഒരു ദ്രോഹവും വരുത്തിയിട്ടില്ല. എന്നാല്‍ അവര്‍ ദ്രോഹം വരുത്തിവെച്ചിരുന്നത് അവര്‍ക്കു തന്നെയാണ്.
161 നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകയും ചെയ്ത് കൊള്ളുക. നിങ്ങള്‍ പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും, തലകുനിച്ച് കൊണ്ട് പട്ടണവാതില്‍ കടക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ക്കു നാം പൊറുത്തുതരുന്നതാണ്. സല്‍കര്‍മ്മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ് എന്ന് അവരോട് പറയപ്പെട്ട സന്ദർഭവും (ഓര്‍ക്കുക).
162 അപ്പോള്‍ അവരിലുള്ള അക്രമികള്‍ അവരോട് നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായിട്ട് വാക്കു മാറ്റിപ്പറയുകയാണ് ചെയ്തത്. അവര്‍ അക്രമം ചെയ്ത്കൊണ്ടിരുന്നതിന്‍റെ ഫലമായി നാം അവരുടെ മേല്‍ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയച്ചു.
163 കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്) ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത് ദിനത്തിൽ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു.
164 അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്? എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.
165 എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു.
166 അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക.
167 അവരുടെ (ഇസ്രായീല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അവര്‍ക്കു ഹീനമായ ശിക്ഷ ഏല്‍പിച്ച് കൊണ്ടിരിക്കുന്നവരെ നിന്‍റെ രക്ഷിതാവ് നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ പ്രഖ്യാപിച്ച സന്ദര്‍ഭവും ഓര്‍ക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
168 ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്. അതിന് താഴെയുള്ളവരും അവരിലുണ്ട്. അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്‍മകള്‍കൊണ്ടും തിന്‍മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി.
169 അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ് അവര്‍ കൈപ്പറ്റുന്നത്. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും. അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
170 വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മ്മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.
171 നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപിടിക്കുകയും, അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
172 നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്).
173 അല്ലെങ്കില്‍ മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട് പങ്കചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന് നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍.
175 നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും, അങ്ങനെ പിശാച് പിന്നാലെ കൂടുകയും, എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക.
176 നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടേത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം.
179 ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.
180 അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിക്കുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.
181 സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്.
183 അവര്‍ക്കു ഞാന്‍ ഇടകൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം സുശക്തമാണ്.
وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ
184 അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്.
185 ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുര്‍ആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?
186 ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കാന്‍ പിന്നെ ആരുമില്ല. അവരുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിച്ചുകൊള്ളാന്‍ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്.
188 (നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്.
189 ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്‍റെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
197 അവന്ന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല.
198 നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും.
200 പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
202 എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മ്മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല.
203 നീ അവര്‍ക്ക് ഏതെങ്കിലും ദൃഷ്ടാന്തം കൊണ്ട് വന്ന് കൊടുത്തില്ലെങ്കില്‍ അവര്‍ പറയും: നിനക്ക് തന്നെ അത് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിക്കൂടേ? (നബിയേ,) പറയുക: എന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കണ്ണുതുറപ്പിക്കുന്ന തെളിവുകളും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണ് ഇത് (ഖുര്‍ആന്‍).