Arabic & Malayalam القرآن الكريم Introduction മലയാളം യൂണികോഡ് English Translation

മുഖവുര

114 അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ അക്ഷരങ്ങളും ശബ്ദങ്ങളും നല്‍കപ്പെട്ടതാണ്‌. മനുഷ്യര്‍ക്ക്‌ ഗ്രഹിക്കാന്‍ വേണ്ടിയാണ്‌ വചനങ്ങള്‍ക്ക്‌ അക്ഷരവും ശബ്ദവും നല്‍കി അല്ലാഹു ജിബ്‌രീല്‍ (അ) എന്ന മലക്ക്‌ മുഖേന അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) ക്ക്‌ എത്തിച്ചു കൊടുത്തത്‌. കുറച്ച്‌ ഭാഗങ്ങള്‍ നബി (സ)യുടെ മക്കാ ജീവിതത്തിലും ബാക്കി ഭാഗങ്ങള്‍ മദീനാ ജീവിതത്തിലുമാണ്‌ അവതരിപ്പിച്ചു കൊടുത്തത്‌. അദ്ദേഹം അത്‌ വള്ളിപുള്ളി വിത്യാസമില്ലാതെ ജനങ്ങള്‍ക്ക്‌ പ്രബോധനം ചെയ്യുകയും അതിലെ സന്ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ജനങ്ങള്‍ക്ക്‌ മാതൃകയാവുകയും ചെയ്തു. മറ്റ്‌ വേദഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി ലോകത്താകമാനമുള്ള മനുഷ്യര്‍ക്ക്‌ വേണ്ടിയാണ്‌ പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്‌.

മുന്‍ വേദഗ്രന്ഥങ്ങളായ തൌറാത്ത്‌, സബൂര്‍, ഇന്‍ജീല്‍, എന്നിവയുടെയെല്ലാം അവതരണം ചില പ്രത്യേക സമൂഹങ്ങളിലേക്കായിരുന്നു. അതിനാല്‍ത്തന്നെ അവയുടെസംരക്ഷണം അതാത്‌ ജനവിഭാഗങ്ങളിലാണ്‌ അല്ലാഹു ഏല്‍പ്പിച്ചിരുന്നത്‌. എന്നാല്‍ കാലക്രമേണ ആ സമൂഹത്തിലെ തന്നെ പുരോഹിതന്മാരും പ്രമാണിമാരും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടി അവയിലെ ദൈവിക വചനങ്ങളില്‍ പലവിധ മാറ്റത്തിരുത്തലുകള്‍ നടത്തുകയും ചെയ്തു. തനതായ രൂപത്തില്‍ അവയൊന്നും ഇന്ന്‌ നിലവിലില്ല. ഇക്കാരണത്താല്‍ത്തന്നെ അന്തിമ വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്‍റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു. പൂര്‍വ്വവേദങ്ങള്‍ക്ക്‌ സംഭവിച്ചതുപോലെയുള്ള കൈകടത്തലുകളും മാറ്റത്തിരുത്തലുകളും അതില്‍ സംഭവിക്കുകയില്ലെന്ന്‌ അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്‌.

തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.(15:9).

പരിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണ്‌ അവതീര്‍ണ്ണമായത്‌. അതിലെ അക്ഷരങ്ങളും ശബ്ദവും ദൈവികമാണ്‌. ഏത്‌ നബിയ്‌ക്കും അല്ലാഹു വഹ്‌യ്‌ (ബോധനം) നല്‍കുന്നത്‌ ആ പ്രവാചകന്‍റെ ഭാഷയിലാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. സന്ദേശം ലഭിയ്‌ക്കുന്ന പ്രവാചകനും അദ്ദേഹത്തിന്‍റെ ചുറ്റുമുള്ളവര്‍ക്കും മനസ്സിലാകണമെങ്കില്‍ അങ്ങനെ ആയിരിക്കുകയും വേണം. സത്യന്വേഷികള്‍ ആദ്യമായി ചെയ്യേണ്ടത്‌ അറബി ഭാഷ പഠിച്ച്‌ തനതായ രൂപത്തില്‍ ഖുര്‍ആന്‍ ഗ്രഹിക്കുകയാണ്‌. അതിനു കഴിയാത്ത ഹതഭാഗ്യര്‍ക്ക്‌ ഖുര്‍ആനെപ്പറ്റി ഒരേകദേശ ജ്ഞാനം ഉണ്ടാകാന്‍ വേണ്ടി മാത്രമാണ്‌ ഖുര്‍ആന്‍ ഇതര ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തേണ്ടി വരുന്നത്‌. പരിശുദ്ധ ഖുര്‍ആന്‍റെ അമാനുഷികത നിലനിര്‍ത്തിക്കൊണ്ടുള്ള പരിഭാഷയുണ്ടാക്കുകയെന്നുള്ളത്‌ മനുഷ്യകഴിവിന്നതീതമാണ്‌. ഖുര്‍ആന്‍ പരിഭാഷ എന്നാല്‍ അതിനര്‍ത്ഥം ഖുര്‍ആന്‍ വ്യാഖ്യാനം എന്നു മാത്രമാണ്‌. അതിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം ഗ്രഹിക്കാന്‍ അറബി ഭാഷയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാതെ മലയാളം ഖുര്‍ആനോ ഇംഗ്ലീഷ്‌ ഖുര്‍ആനോ ഉണ്ടാക്കുവാന്‍ ആര്‍ക്കും സാദ്ധ്യവുമല്ല. ഈയൊരു തത്വം മനസ്സിലാക്കിയിട്ടുവേണം ഖുര്‍ആന്‍ പരിഭാഷ വായിക്കുവാന്‍. മാനവ സമൂഹത്തെ ഏകീകരിക്കുവാനും സമുദ്ധരിക്കുവാനും ഉതകുന്ന സാര്‍വ്വജനീന സിദ്ധാന്തങ്ങളാണ്‌ വിശുദ്ധ ഖുര്‍ആനിലെ പ്രമേയങ്ങള്‍. അതൊരാവര്‍ത്തിയെങ്കിലും വായിച്ചു നോക്കുവാന്‍ കഴിയാത്തവരെപ്പോലെ നിര്‍ഭാഗ്യവാന്മാര്‍ ആരുണ്ട്‌? ഭാഷയാണിതിന്‌ ഒന്നാമത്തെ തടസ്സം. മുസ്ലിങ്ങളില്‍ത്തന്നെ ഇന്ത്യയില്‍ ആയിരത്തിലൊരാള്‍ക്ക്‌ പോലും അറബി ഭാഷ നന്നായി അറിയുകയില്ല. പിന്നെ അമുസ്ലിങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. നാട്ടില്‍ പലയിടങ്ങളിലും ഖുര്‍ആന്‍ ക്ലാസ്സുകള്‍ നടക്കുന്നുണ്ടെങ്കിലും പല സാഹചര്യങ്ങളാല്‍ അതില്‍ പങ്കെടുക്കാന്‍ കഴിയത്തവരും ധാരാളം ഉണ്ട്‌. ഇക്കാരണത്താലാണ്‌ മുസ്ലിം സമൂഹം ഖുര്‍ആനികമായ ജീവിത നിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യതിചലിച്ചുപൊയ്കൊണ്ടിരിക്കുന്നത്‌.

ഇതര വേദഗ്രന്ഥങ്ങള്‍ക്കുള്ളത്‌ പോലെ വിവിധ ഭാഷകളില്‍ വേണ്ടത്ര വിവര്‍ത്തനങ്ങള്‍ ഖുര്‍ആനിനുണ്ടായിട്ടില്ല. പ്രത്യേകിച്ച്‌ ഭാരതീയ ഭാഷകളില്‍. തന്നിമിത്തം ഇതര മതസ്ഥര്‍ ഖുര്‍ആനിനെയും മുസ്ലിങ്ങളെയും വെറുക്കാനും പുച്ഛിക്കാനും ഇടവന്നു. മുസ്ലിങ്ങളെ മ്ലേച്ഛരായി മുദ്രകുത്തി. ഇസ്ലാമിനെ വികൃതമായി ചിത്രീകരിക്കുന്നവര്‍ക്ക്‌ ശരിയായ മറുപടി നല്‍കുവാനോ ഖുര്‍ആന്‍റെ വെളിച്ചത്തില്‍ അവരെ ഖണ്ഡിക്കുവാനോ കഴിയുന്നവര്‍ വളരെ വിരളമായിത്തീര്‍ന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഖുര്‍ആന്‍ പഠിക്കാന്‍ അവസരം നഷ്ടപ്പെട്ട സാധാരണക്കാരായ ആളുകള്‍ക്ക്‌ ഖുര്‍ആനിനെക്കുറിച്ച്‌ ഒരു ഏകദേശധാരണയുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ ഈ പരിഭാഷ പ്രസിദ്ധപ്പെടുത്തുന്നത്‌. പരിഭാഷകര്‍ ഉപയോഗിച്ച ലഖു വിശദീകരണങ്ങള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനുള്ള ശ്രമം നടക്കുന്നുണ്ട്‌. പ്രവാചകനും, സ്വഹാബികളും താബിഉകളും സ്വലഫുസ്വാലിഹുകളും പറഞ്ഞുതന്ന വ്യാഖ്യാനങ്ങള്‍ വിശദമാക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നിരവധിയുണ്ട്‌. വിശദമായ പഠനത്തിന്‌ അവയുടെയും പണ്ഠിതന്മാരുടെയും സേവനം ഉപയോഗപ്പെടുത്തണം എന്ന്‌ ഉണര്‍ത്തുകയാണ്‌. ഈ സംരംഭത്തില്‍ മാനുഷികമായ വല്ല തെറ്റ്‌കുറ്റങ്ങളും വന്നിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണമെന്ന്‌ മാന്യ വായനക്കാരോട്‌ അപേക്ഷിക്കുന്നു.

ഇതൊരു പ്രതിഫലാര്‍ഹമായ സല്‍ക്കര്‍മ്മമായി അല്ലാഹു സ്വീകരിക്കുമാറകട്ടെ! (ആമീന്‍)

BACK