HOME

അമാനി മൗലവിയുടെ തഫ്സീർ

മുസ്ലിം കൈരളിക്ക്‌ ഒരു കാലമുണ്ടായിരുന്നു; അന്ന് മാനവ സമൂഹത്തിന്റെ വഴി കാട്ടിയായ വിശുദ്ധ ഖുർആൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുതുന്നത് ഹറാമായിരുന്നു! ഇസ്‌ലാമിന്റെ ആശയവും ആദർശവും ഖുർആനിൽ നിന്ന് മനസ്സിലാക്കാനുള്ള ഭാഗ്യമില്ലായിരുന്നു മുസ്ലിം ഉമ്മത്തിന്. ഇസ്ലാമിക സമൂഹത്തിലേക്കു അന്ധവിശ്വാസങ്ങൾ കുത്തിചെലുത്താൻ പാകത്തിൽ യാഥാസ്ഥിതിക പണ്ഡിതന്മാർ ഉണ്ടാക്കിയ സാഹചര്യമായിരുന്നു അത്. എങ്കിലും, അത്തരം പണ്ഡിതന്മാരുടെയും അനുയായികളുടെയും വിലക്കുകളെയും ഹറാം ഫതവകളെയും അതിജയിച്ച് ഒറ്റപ്പെട്ട പണ്ഡിതന്മാർ ഖുർആനിനു പരിഭാഷയെഴുതി മുസ്ലിം കൈരളിക്കു സമർപ്പിക്കുകയുണ്ടായി. അവയിൽ എടുത്തു പറയേണ്ട പരിഭാഷയാണ് മർഹൂം കെ. ഉമർ മൌലവി(റ)യുടെ ഖുർആൻ പരിഭാഷ. 

മുസ്ലിംകൾക്കിടയിൽ ഖുർആൻ പരിഭാഷകൾക്ക് സ്വീകാര്യത ലഭിക്കുന്നു എന്ന് കണ്ടപ്പോൾ, ഹറാം ഫതവ നൽകിയ യാഥാസ്ഥിതിക പണ്ഡിതന്മാരും ആ വഴിയിലേക്ക് തിരിയുകയുണ്ടായി. വിശ്വാസീ സമൂഹത്തെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടാനുതകുന്ന ആശയങ്ങളും സന്ദേശങ്ങളുമാണ് പ്രസ്തുത പരിഭാഷാ കൃതികളിലൂടെ അവർ പ്രചരിപ്പിച്ചിരുന്നത്. ഈ അപകടകരമായ സാഹചര്യത്തിലാണ് പരിഭാഷക്കുമപ്പുറം, പൂർവസൂരികളുടെ മൻഹജിൽ ഊന്നി നിന്നുകൊണ്ടുള്ള ഒരു ഖുർആൻ വിവരണ സംരംഭത്തിന് ഇസ്ലാഹീ സാരഥികൾ ആലോചിച്ചതും തുടക്കമിട്ടതും. മുസ്ലിം സമൂഹത്തെ, പ്രമാണങ്ങളും രേഖകളും ഉദ്ധരിച്ചു കൊണ്ട് ഇസ്ലാമിന്റെ വിശ്വാസ കർമങ്ങൾ പഠിപ്പിക്കുക, വ്യതിചലിച്ചവരുടെയും കുഴപ്പക്കാരുടെയും മാർഗത്തിനെതിരിൽ അവരെ ബോധവാന്മാരാക്കുക, ഖുർആനുമായി അവരുടെ നിത്യജീവിതത്തെ ബന്ധപ്പെടുത്താൻ പ്രചോദിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങൾ ആയിരുന്നു അന്ന് ഇസ്ലാഹീ പണ്ഡിതന്മാരുടെ മനസ്സിലുണ്ടായിരുന്നത്. 

എ. അലവി മൗലവി(റ) മൂസ മൗലവി(റ), മുഹമ്മദ്‌ അമാനി മൗലവി(റ) തുടങ്ങിയ അന്നത്തെ ഇസ്ലാഹീ സാരഥികളായിരുന്നു ഈ ചിന്തയുമായി ഒരുമിച്ചു കൂടിയ പണ്ഡിതന്മാർ. ഖുർആൻ വിവരണ രചനയുടെ ചരിത്ര ദൗത്യത്തിൽ അവർ ആത്മാർത്ഥതയോടെ ഏർപ്പെട്ടു. പരിഭാഷകരെ പ്രോത്സാഹിപ്പിച്ചും അവർക്കാവശ്യമായ ഗ്രന്ഥങ്ങളും മറ്റു സഹായങ്ങളുമെത്തിച്ചും പരിഭാഷ തയ്യാറാക്കുന്നതിൽ കെ. എം. മൗലവി(റ) നിർമ്മാണാത്മകമായ ഒരു വലിയ പങ്കു വഹിച്ചു. 1962ൽ അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ പരിഭാഷകർ വിശുദ്ധ ഖുർആനിന്റെ രണ്ടാം പകുതിയുടെ പരിഭാഷ ആര് വാള്യങ്ങളിൽ പൂർത്തിയാക്കി. അല്ലാഹുവിന്നു സർവ്വസ്തുതിയും!! 

പരിഭാഷയുടെ പണിപ്പുരയിലായിരിക്കെ മൂസ മൗലവി രോഗബാധിതനാവുകയും പരിഭാഷയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കു കൊള്ളാൻ കഴിയാതെ വരികയും ചെയ്തു. 1964ൽ കെ. എം. മൗലവിയും 1976ൽ ഇ. അലവി മൗലവിയും അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു. പണിപ്പുരയിൽ പിന്നീട് ബാക്കിയായത് മുഹമ്മദ്‌ അമാനി മൗലവി(റ) മാത്രമായിരുന്നു. തുടങ്ങി വെച്ച ഉദ്യമം അദ്ദേഹം ഒറ്റയ്ക്ക് തുടരുകയും അല്ലാഹുവിന്റെ കാരുണ്യത്താൽ രചനാ ദൗത്യം പൂർണമാക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ, കെ.പി. മുഹമ്മദ്‌ മൌലവി(റ)യുടെ ഗ്രന്ഥ പരിശോധനയും വിനീതമായ നിർദേശങ്ങളും അമാനി മൗലവിക്കൊപ്പം സദാ ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. 
1960ൽ തുടങ്ങിയ വിശുദ്ധ ഖുർആനിന്റെ മലയാള വിവരണ കൃതിയുടെ നിർമാണ സംരംഭം നീണ്ട ഇരുപത്തഞ്ചു വർഷത്തെ നിതാന്ത യത്നത്തിലൂടെയാണ് പൂർണ്ണതയിലെത്തിയത്. എതൊരു വാനക്കാരനും സുഗ്രാഹ്യമാകും വിധം വിരചിതമായ ഈ വിശുദ്ധ ഖുർആൻ വിവരണം മുസ്ലിം കൈരളിയുടെ കൈകളിൽ സമർപ്പിക്കുമ്പോൾ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ നവോഥാന വഴിയിലെ പൊൻവിളക്കാകുകയാരുന്നു അത്. അമാനി മൗലവിയുടെ പരിഭാഷ എന്ന പേരിൽ വിശ്രുതമായ ഈ കൃതി കേരളീയ മുസ്ലിമുകൾക്കിടയിൽ ഇന്ന് സർവാഗീകൃതമാണ്. 

ഇതിന്റെ രചനയിൽ വിവിധ സേവനങ്ങളുമായി നിലകൊണ്ട മുഴുവൻ പണ്ഡിതന്മാർക്കും, സഹായങ്ങളും സൗകര്യങ്ങളും നൽകി അവരെ പിന്തുണച്ച സഹോദരന്മാർക്കും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.
 

സവിശേഷതകൾ

അവതരണ പശ്ചാത്തല സംഭവം, നാസിഖും മൻസൂഖും (മുൻപ് സ്ഥിരപ്പെട്ട വിധിയെ പിന്നീട് ദുർബലപ്പെടുത്തുമ്പോൾ ദുർബലപ്പെടുത്തിയ വചനവും ദുർബലപ്പെടുതപ്പെട്ട വചനവും) കർമ്മശാസ്ത്ര വീക്ഷണങ്ങളും സൂക്ഷ്മതയോടെ പ്രസ്താവിച്ചിട്ടുണ്ട്.

ഖുർആനിക ആശയങ്ങളെ നേരിട്ടറിഞ്ഞും, അവയെ ഹൃദയപൂർവ്വം ഉൾക്കൊണ്ടും, വിശ്വാസത്തിലും ആരാധനകളിലും സൂക്ഷ്മത കാത്തു സൂക്ഷിക്കാൻ മനസ്സാ കൊതിക്കുന്ന ഏതൊരു വിശ്വാസിക്കും വിശുദ്ധ ഖുർആൻ വിവരണം എന്ന ഈ മഹൽ കൃതി ഉപകാരപ്പെടുമെന്നത് തീർച്ച. കേരള നദവത്തുൽ മുജാഹിദീൻ പ്രസിദ്ധീകരണ വിഭാഗമാണ്‌ ഇത് പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും.

Please click here to download complete Tafsir in single PDF file 4128 pages with file size about 28 MB

Prepared by:
www.islamhouse.com as per the copyright received from the Publishers:
To be used for Reference and Daawa purpose only.