പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍

Back Home Up Next

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. അല്ലാഹുവിന്‍റെ കല്‍പന വരാനായിരിക്കുന്നു, എന്നാല്‍ നിങ്ങളതിന്‌ ധൃതികൂട്ടേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.

  2. തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ തന്‍റെ കല്‍പനപ്രകാരം ( സത്യസന്ദേശമാകുന്ന ) ചൈതന്യവും കൊണ്ട്‌ മലക്കുകളെ അവന്‍ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങളെന്നെ സൂക്ഷിച്ച്‌ കൊള്ളുവിന്‍ എന്ന്‌ നിങ്ങള്‍ താക്കീത്‌ നല്‍കുക. ( എന്നത്രെ ആ സന്ദേശം )

  3. ആകാശങ്ങളും ഭൂമിയും അവന്‍ യുക്തിപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.

  4. മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന്‌ സൃഷ്ടിച്ചു. എന്നിട്ട്‌ അവനതാ വ്യക്തമായ എതിര്‍പ്പുകാരനായിരിക്കുന്നു.

  5. കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക്‌ അവയില്‍ തണുപ്പകറ്റാനുള്ളതും ( കമ്പിളി ) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.

  6. നിങ്ങള്‍ ( വൈകുന്നേരം ആലയിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക്‌ കൌതുകമുണ്ട്‌.

  7. ശാരീരിക ക്ലേശത്തോട്‌ കൂടിയല്ലാതെ നിങ്ങള്‍ക്ക്‌ ചെന്നെത്താനാകാത്ത നാട്ടിലേക്ക്‌ അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.

  8. കുതിരകളെയും കോവര്‍കഴുതകളെയും, കഴുതകളെയും ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ) അവയെ നിങ്ങള്‍ക്ക്‌ വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന്‌ വേണ്ടിയും. നിങ്ങള്‍ക്ക്‌ അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു.

  9. അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം ( കാണിച്ചുതരിക ) എന്നത്‌. അവയുടെ ( മാര്‍ഗങ്ങളുടെ ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.

  10. അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍ നിന്നാണ്‌ നിങ്ങളുടെ കുടിനീര്‌. അതില്‍ നിന്നുതന്നെയാണ്‌ നിങ്ങള്‍ ( കാലികളെ ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌.

  11. അത്‌ ( വെള്ളം ) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക്‌ മുളപ്പിച്ച്‌ തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും ( അവന്‍ ഉല്‍പാദിപ്പിച്ച്‌ തരുന്നു. ) ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.

  12. രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത്‌ തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

  13. നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും ( അവന്‍റെ കല്‍പനയ്ക്ക്‌ വിധേയം തന്നെ. ) ആലോചിച്ച്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

  14. നിങ്ങള്‍ക്ക്‌ പുതുമാംസം എടുത്ത്‌ തിന്നുവാനും നിങ്ങള്‍ക്ക്‌ അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന്‌ മാറ്റിക്കൊണ്ട്‌ ഓടുന്നതും നിനക്ക്‌ കാണാം. അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ്‌. ( അവനത്‌ നിങ്ങള്‍ക്ക്‌ വിധേയമാക്കിത്തന്നത്‌. )

  15. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌ വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും ( അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. )

  16. ( പുറമെ ) പല വഴിയടയാളങ്ങളും ഉണ്ട്‌. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു.

  17. അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ്‌ ആലോചിച്ച്‌ മനസ്സിലാക്കാത്തത്‌?

  18. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ.

  19. നിങ്ങള്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.

  20. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.

  21. അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

  22. നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു.

  23. അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച.

  24. നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌ എന്ന്‌ അവരോട്‌ ചോദിക്കപ്പെട്ടാല്‍ അവര്‍ പറയും. പൂര്‍വ്വികന്‍മാരുടെ പുരാണ കഥകള്‍ തന്നെ.

  25. തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ ( അത്‌ ഇടയാക്കുക. ) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!

  26. അവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്‌. അപ്പോള്‍ അവര്‍ കെട്ടിപൊക്കിയതിന്‍റെ അടിത്തറകള്‍ക്ക്‌ തന്നെ അല്ലാഹു നാശം വരുത്തി. അങ്ങനെ അവരുടെ മുകള്‍ ഭാഗത്ത്‌ നിന്ന്‌ മേല്‍ക്കൂര അവരുടെ മേല്‍ പൊളിഞ്ഞുവീണു. അവര്‍ ഓര്‍ക്കാത്ത ഭാഗത്ത്‌ നിന്ന്‌ ശിക്ഷ അവര്‍ക്ക്‌ വരികയും ചെയ്തു.

  27. പിന്നെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ അവര്‍ക്ക്‌ അപമാനം വരുത്തുന്നതാണ്‌. എനിക്ക്‌ പങ്കുകാരുണ്ടെന്ന്‌ വാദിച്ച്‌ കൊണ്ടായിരുന്നല്ലോ നിങ്ങള്‍ ചേരി പിരിഞ്ഞ്‌ നിന്നിരുന്നത്‌ അവര്‍ എവിടെ? എന്ന്‌ അവന്‍ ചോദിക്കുകയും ചെയ്യും. അറിവ്‌ നല്‍കപ്പെട്ടവര്‍ പറയും: ഇന്ന്‌ അപമാനവും ശിക്ഷയും സത്യനിഷേധികള്‍ക്കാകുന്നു; തീര്‍ച്ച.

  28. അതായത്‌ അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌. ഞങ്ങള്‍ യാതൊരു തിന്‍മയും ചെയ്തിരുന്നില്ല എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ അന്നേരം അവര്‍ കീഴ്‌വണക്കത്തിന്‌ സന്നദ്ധത പ്രകടിപ്പിക്കും അങ്ങനെയല്ല, തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.

  29. അതിനാല്‍ നരകത്തിന്‍റെ കവാടങ്ങളിലൂടെ നിങ്ങള്‍ കടന്ന്‌ കൊള്ളുക. ( നിങ്ങള്‍ ) അതില്‍ നിത്യവാസികളായിരിക്കും. അപ്പോള്‍ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ!

  30. നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌ എന്ന്‌ സൂക്ഷ്മത പാലിച്ചവരോട്‌ ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത്‌ തന്നെ. നല്ലത്‌ ചെയ്തവര്‍ക്ക്‌ ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌!

  31. അതെ, അവര്‍ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവയുടെ താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക്‌ അവര്‍ ഉദ്ദേശിക്കുന്നതെന്തും അതില്‍ ഉണ്ടായിരിക്കും. അപ്രകാരമാണ്‌ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അല്ലാഹു പ്രതിഫലം നല്‍കുന്നത്‌.

  32. അതായത്‌, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌. അവര്‍ ( മലക്കുകള്‍ ) പറയും: നിങ്ങള്‍ക്ക്‌ സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച്‌ കൊള്ളുക.

  33. തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വരുന്നതോ അല്ലാതെ ( മറ്റുവല്ലതും ) അവര്‍ കാത്തിരിക്കുന്നുവോ ? അപ്രകാരം തന്നെയാണ്‌ അവര്‍ക്ക്‌ മുമ്പുള്ളവരും ചെയ്തത്‌. അല്ലാഹു അവരോട്‌ അക്രമം ചെയ്തിട്ടില്ല. പക്ഷെ, അവര്‍ അവരോട്‌ തന്നെ അക്രമം ചെയ്യുകയായിരുന്നു.

  34. അങ്ങനെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ദുഷ്ഫലങ്ങള്‍ അവരെ ബാധിക്കുകയും, അവര്‍ ഏതൊന്നിനെപ്പറ്റി പരിഹസിച്ചിരുന്നുവോ അത്‌ അവരെ വലയം ചെയ്യുകയും ചെയ്തു.

  35. ( അല്ലാഹുവോട്‌ ) പങ്കാളികളെ ചേര്‍ത്തവര്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്‍മാരോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്‍റെ കല്‍പന കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത്‌ പോലെത്തന്നെ അവര്‍ക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്‌. എന്നാല്‍ ദൈവദൂതന്‍മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ ?

  36. തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ ( പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി. ) എന്നിട്ട്‌ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട്‌ സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട്‌ നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന്‌ നോക്കുക.

  37. ( നബിയേ, ) അവര്‍ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ ( അത്‌ വെറുതെയാകുന്നു. കാരണം ) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല; തീര്‍ച്ച. അവര്‍ക്ക്‌ സഹായികളായി ആരും ഇല്ല താനും.

  38. അവര്‍ പരമാവധി ഉറപ്പിച്ച്‌ സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്ന്‌. അങ്ങനെയല്ല. അത്‌ അവന്‍ ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.

  39. ഏതൊരു വിഷയത്തില്‍ അവര്‍ ഭിന്നത പുലര്‍ത്തുന്നുവോ അതവര്‍ക്ക്‌ വ്യക്തമാക്കികൊടുക്കുവാനും തങ്ങള്‍ കള്ളം പറയുന്നവരായിരുന്നു എന്ന്‌ സത്യനിഷേധികള്‍ മനസ്സിലാക്കുവാനും വേണ്ടിയത്രെ അത്‌. ( അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നത്‌. )

  40. നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത്‌ സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന്‌ അതിനോട്‌ നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.

  41. അക്രമത്തിന്‌ വിധേയരായതിന്‌ ശേഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ്‌ പോയവരാരോ അവര്‍ക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൌകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്‌. അവര്‍ ( അത്‌ ) അറിഞ്ഞിരുന്നുവെങ്കില്‍!

  42. ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവരത്രെ അവര്‍. ( മുഹാജിറുകള്‍ )

  43. നിനക്ക്‌ മുമ്പ്‌ മനുഷ്യന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക്‌ നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിഞ്ഞ്‌ കൂടെങ്കില്‍ ( വേദം മുഖേന ) ഉല്‍ബോധനം ലഭിച്ചവരോട്‌ നിങ്ങള്‍ ചോദിച്ച്‌ നോക്കുക.

  44. വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക്‌ നാം ഉല്‍ബോധനം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.

  45. എന്നാല്‍ ദുഷിച്ച കുതന്ത്രങ്ങള്‍ പ്രയോഗിച്ചവര്‍, അല്ലാഹു അവരെ ഭൂമിയില്‍ ആഴ്ത്തിക്കളയുകയില്ലെന്നോ, അവര്‍ ഓര്‍ക്കാത്ത ഭാഗത്ത്‌ കൂടി ശിക്ഷ വരികയില്ലെന്നോ സമാധാനിച്ചിരിക്കുകയാണോ?

  46. അല്ലെങ്കില്‍ അവരുടെ പോക്കുവരവുകള്‍ക്കിടയില്‍ അവര്‍ക്ക്‌ തോല്‍പിച്ചുകളയാന്‍ പറ്റാത്തവിധത്തില്‍ അവന്‍ അവരെ പിടികൂടുകയില്ലെന്ന്‌.

  47. അല്ലെങ്കില്‍ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കെ അവരെ പിടികൂടുകയില്ലെന്ന്‌. എന്നാല്‍ തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ഏറെ ദയയുള്ളവനും കരുണാനിധിയും തന്നെയാകുന്നു.

  48. അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിന്‍റെയും നേര്‍ക്ക്‌ അവര്‍ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്ത്കൊണ്ടും അതിന്‍റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ്‌ കൊണ്ടിരിക്കുന്നു.

  49. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്യുന്നു. മലക്കുകളും ( സുജൂദ്‌ ചെയ്യുന്നു. ) അവര്‍ അഹങ്കാരം നടിക്കുന്നില്ല.

  50. അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

  51. അല്ലാഹു അരുളിയിരിക്കുന്നു: രണ്ട്‌ ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.

  52. അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

  53. നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട്‌ നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌.

  54. പിന്നെ നിങ്ങളില്‍ നിന്ന്‌ അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കാളികളെ ചേര്‍ക്കുന്നു.

  55. നാം അവര്‍ക്ക്‌ നല്‍കിയിട്ടുള്ളതില്‍ അങ്ങനെ അവര്‍ നന്ദികേട്‌ കാണിക്കുന്നു. നിങ്ങള്‍ സുഖിച്ച്‌ കൊള്ളുക. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം.

  56. നാം അവര്‍ക്ക്‌ നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ ഒരു ഓഹരി, അവര്‍ക്ക്‌ തന്നെ ശരിയായ അറിവില്ലാത്ത ചിലതിന്‌ ( വ്യാജദൈവങ്ങള്‍ക്ക്‌ ) അവര്‍ നിശ്ചയിച്ച്‌ വെക്കുന്നു. അല്ലാഹുവെതന്നെയാണ, നിങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

  57. അല്ലാഹുവിന്‌ അവര്‍ പെണ്‍മക്കളെ സ്ഥാപിക്കുന്നു. അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ക്കാകട്ടെ അവര്‍ ഇഷ്ടപ്പെടുന്നതും ( ആണ്‍മക്കള്‍ )

  58. അവരില്‍ ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട്‌ അവന്‍റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.

  59. അവന്ന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവന്‍റെ ചിന്ത ) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!

  60. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു.

  61. അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം ( ഉടനടി ) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത്‌ യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക്‌ സമയം നീട്ടികൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക്‌ വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത്‌ നേരെത്തെയാക്കാനും കഴിയില്ല.

  62. അവര്‍ക്ക്‌ ഇഷ്ടമില്ലാത്തതിനെ അവര്‍ അല്ലാഹുവിന്‌ നിശ്ചയിക്കുന്നു. ഏറ്റവും ഉത്തമായിട്ടുള്ളതെന്തോ അത്‌ തങ്ങള്‍ക്കുള്ളതാണെന്ന്‌ അവരുടെ നാവുകള്‍ വ്യാജവര്‍ണന നടത്തുകയും ചെയ്യുന്നു. ഒട്ടും സംശയമില്ല. അവര്‍ക്കുള്ളത്‌ നരകം തന്നെയാണ്‌. അവര്‍ ( അങ്ങോട്ട്‌ ) മുമ്പില്‍ നയിക്കപ്പെടുന്നതാണ്‌.

  63. അല്ലാഹുവെ തന്നെയാണ, താങ്കള്‍ക്ക്‌ മുമ്പ്‌ പല സമുദായങ്ങളിലേക്കും നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌. എന്നാല്‍ പിശാച്‌ അവര്‍ക്ക്‌ അവരുടെ ( ദുഷ്‌ ) പ്രവര്‍ത്തനങ്ങള്‍ അലങ്കാരമായി തോന്നിക്കുകയാണ്‌ ചെയ്തത്‌. അങ്ങനെ അവനാണ്‌ ഇന്ന്‌ അവരുടെ മിത്രം. അവര്‍ക്കുള്ളതാകട്ടെ വേദനാജനകമായ ശിക്ഷയാണ്‌ താനും.

  64. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച്‌ പോയിരിക്കുന്നുവോ, അതവര്‍ക്ക്‌ വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ച്‌ തന്നത്‌.

  65. അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.

  66. കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളില്‍ നിന്ന്‌- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന്‌ കുടിക്കുന്നവര്‍ക്ക്‌ സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു.

  67. ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ( നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു. ) അതില്‍ നിന്ന്‌ ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.

  68. നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക്‌ ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.

  69. പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച്‌ കൊള്ളുക. എന്നിട്ട്‌ നിന്‍റെ രക്ഷിതാവ്‌ സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച്‌ കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.

  70. അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. പിന്നീട്‌ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു; ( പലതും ) അറിഞ്ഞതിന്‌ ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.

  71. അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ ( ജീവിതത്തില്‍ ) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍ ( അടിമകള്‍ ) ക്ക്‌ വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ ( അടിമയും ഉടമയും ) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്‌ ?

  72. അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ പുത്രന്‍മാരെയും പൌത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്‌?

  73. ആകാശങ്ങളില്‍ നിന്നോ ഭൂമിയില്‍ നിന്നോ അവര്‍ക്ക്‌ വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്തവരും, ( യാതൊന്നിനും ) കഴിയാത്തവരുമായിട്ടുള്ളവരെയാണ്‌ അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നത്‌.

  74. ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.

  75. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട്‌ അതില്‍ നിന്ന്‌ രഹസ്യമായും പരസ്യമായും ചെലവഴിച്ച്‌ കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന്‌ സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.

  76. ( ഇനിയും ) രണ്ട്‌ പുരുഷന്‍മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍ തന്‍റെ യജമാനന്‌ ഒരു ഭാരവുമാണ്‌. അവനെ എവിടേക്ക്‌ തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്‍മയും കൊണ്ട്‌ വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട്‌ നീതി കാണിക്കാന്‍ കല്‍പിക്കുന്നവനും തുല്യരാകുമോ?

  77. അല്ലാഹുവിന്നാണ്‌ ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്‌. അന്ത്യസമയത്തിന്‍റെ കാര്യം കണ്ണ്‌ ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്‍ വേഗത കൂടിയതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

  78. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞ്‌ കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത്‌ കൊണ്ട്‌ വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.

  79. അന്തരീക്ഷത്തില്‍ ( ദൈവിക കല്‍പനയ്ക്ക്‌ ) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക്‌ അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

  80. അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക്‌ പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍ താവളമടിക്കുന്ന ദിവസവും നിങ്ങള്‍ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍ നിന്ന്‌ ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും ( അവന്‍ നല്‍കിയിരിക്കുന്നു. )

  81. അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക്‌ പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക്‌ നിറവേറ്റിത്തരുന്നു; നിങ്ങള്‍ ( അവന്ന്‌ ) കീഴ്പെടുന്നതിന്‌ വേണ്ടി.

  82. ഇനി അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നിനക്കുള്ള ബാധ്യത ( കാര്യങ്ങള്‍ ) വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു.

  83. അല്ലാഹുവിന്‍റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും, എന്നിട്ട്‌ അതിനെ നിഷേധിക്കുകയുമാണ്‌ ചെയ്യുന്നത്‌. അവ രില്‍ അധികപേരും നന്ദികെട്ടവരാകുന്നു.

  84. ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം എഴുന്നേല്‍പിക്കുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) പിന്നീട്‌ സത്യനിഷേധികള്‍ക്കു ( ഉരിയാടാന്‍ ) അനുവാദം നല്‍കപ്പെടുകയില്ല. പരിഹാരം ചെയ്യാന്‍ അവരോട്‌ ആവശ്യപ്പെടുകയുമില്ല.

  85. അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷ നേരിട്ട്‌ കാണുമ്പോഴാകട്ടെ അത്‌ അവര്‍ക്ക്‌ ലഘൂകരിച്ച്‌ കൊടുക്കപ്പെടുകയില്ല. അവര്‍ക്ക്‌ ഇടനല്‍കപ്പെടുകയുമില്ല.

  86. ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ ( പരലോകത്ത്‌ വെച്ച്‌ ) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ ( പങ്കാളികള്‍ ) അവര്‍ക്ക്‌ നല്‍കുന്ന മറുപടി തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും.

  87. ആ ദിവസം അവര്‍ അര്‍പ്പണം അല്ലാഹുവിന്‌ നല്‍കുന്നതും അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുന്നതുമാണ്‌.

  88. അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ആളുകളെ ) തടയുകയും ചെയ്തവരാരോ അവര്‍ക്ക്‌ നാം ശിക്ഷയ്ക്കുമേല്‍ ശിക്ഷ കൂട്ടികൊടുക്കുന്നതാണ്‌. അവര്‍ കുഴപ്പം സൃഷ്ടിച്ച്‌ കൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്‌.

  89. ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന്‌ സാക്ഷിയായിക്കൊണ്ട്‌ അവരില്‍ നിന്ന്‌ തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന്‌ സാക്ഷിയായിക്കൊണ്ട്‌ നിന്നെ നാം കൊണ്ട്‌ വരികയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ. ) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌.

  90. തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത്‌ നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക്‌ ( സഹായം ) നല്‍കുവാനുമാണ്‌ . അവന്‍ വിലക്കുന്നത്‌ നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു.

  91. നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്‍റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട്‌ നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത്‌ ലംഘിക്കരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നത്‌ അറിയുന്നു.

  92. ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച്‌ കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്‍റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.

  93. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

  94. നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയരുത്‌. ( ഇസ്ലാമില്‍ ) നില്‍പുറച്ചതിന്‌ ശേഷം പാദം ഇടറിപോകാനും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ആളുകളെ തടഞ്ഞതു നിമിത്തം നിങ്ങള്‍ കെടുതി അനുഭവിക്കാനും അത്‌ കാരണമായിത്തീരും. നിങ്ങള്‍ക്ക്‌ ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.

  95. അല്ലാഹുവിന്‍റെ കരാറിനു പകരം നിങ്ങള്‍ തുച്ഛമായ വില വാങ്ങരുത്‌. തീര്‍ച്ചയായും അല്ലാഹുവിങ്കലുള്ളതു തന്നെയാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ ( കാര്യം ) ഗ്രഹിക്കുന്നവരാണെങ്കില്‍.

  96. നിങ്ങളുടെ അടുക്കലുള്ളത്‌ തീര്‍ന്ന്‌ പോകും. അല്ലാഹുവിങ്കലുള്ളത്‌ അവശേഷിക്കുന്നതത്രെ. ക്ഷമ കൈക്കൊണ്ടവര്‍ക്ക്‌ അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം നാം നല്‍കുക തന്നെ ചെയ്യും.

  97. ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും.

  98. നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന്‌ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക.

  99. വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്ന്‌ ( പിശാചിന്‌ ) യാതൊരു അധികാരവുമില്ല; തീര്‍ച്ച.

  100. അവന്‍റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു.

  101. ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.

  102. പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച്‌ നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അത്‌ ഇറക്കിയിരിക്കുകയാണ്‌.

  103. ഒരു മനുഷ്യന്‍ തന്നെയാണ്‌ അദ്ദേഹത്തിന്‌ ( നബിക്ക്‌ ) പഠിപ്പിച്ചുകൊടുക്കുന്നത്‌ എന്ന്‌ അവര്‍ പറയുന്നുണ്ടെന്ന്‌ തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത്‌ ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.

  104. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. അവര്‍ക്ക്‌ വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌.

  105. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ്‌ കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവര്‍ തന്നെയാണ്‌ വ്യാജവാദികള്‍.

  106. വിശ്വസിച്ചതിന്‌ ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.

  107. അതെന്തുകൊണ്ടെന്നാല്‍ ഇഹലോകജീവിതത്തെ പരലോകത്തേക്കാള്‍ കൂടുതല്‍ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവാകട്ടെ സത്യനിഷേധികളായ ആളുകളെ നേര്‍വഴിയിലാക്കുന്നതുമല്ല.

  108. ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്ചകള്‍ക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടര്‍. അക്കൂട്ടര്‍ തന്നെയാകുന്നു അശ്രദ്ധര്‍.

  109. ഒട്ടും സംശയമില്ല. അവര്‍ തന്നെയാണ്‌ പരലോകത്ത്‌ നഷ്ടക്കാര്‍.

  110. പിന്നെ, തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ സഹായം മര്‍ദ്ദനത്തിന്‌ ഇരയായ ശേഷം സ്വദേശം വെടിഞ്ഞ്‌ പോകുകയും, അനന്തരം സമരത്തില്‍ ഏര്‍പെടുകയും, ക്ഷമിക്കുകയും ചെയ്തവര്‍ക്കായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അതിനു ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

  111. ഓരോ വ്യക്തിയും തന്‍റെ സ്വന്തം കാര്യത്തിനായി വാദിച്ച്‌ കൊണ്ടുവരുന്ന, ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതെന്തോ അത്‌ നിറവേറ്റികൊടുക്കപ്പെടുന്ന, അവര്‍ അനീതിക്ക്‌ വിധേയരാകാത്ത ഒരു ദിവസത്തില്‍.

  112. അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത്‌ സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട്‌ ആ രാജ്യം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നത്‌ നിമിത്തം വിശപ്പിന്‍റെയും ഭയത്തിന്‍റെയും ഉടുപ്പ്‌ അല്ലാഹു ആ രാജ്യത്തിന്‌ അനുഭവിക്കുമാറാക്കി.

  113. അവരുടെ കൂട്ടത്തില്‍ പെട്ട ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായിട്ടുണ്ട്‌. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളിക്കളഞ്ഞു. അങ്ങനെ അവര്‍ അക്രമകാരികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.

  114. ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത്‌ നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.

  115. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ ( അല്ലാഹു ) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും ( ഇവ ഭക്ഷിക്കുവാന്‍ ) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍ അതിന്‌ ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട്‌ തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

  116. നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത്‌ അനുവദനീയമാണ്‌, ഇത്‌ നിഷിദ്ധമാണ്‌. എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ( അതിന്‍റെ ഫലം ) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച.

  117. തുച്ഛമായ സുഖാനുഭവമാണ്‌ ( ഇപ്പോള്‍ അവര്‍ക്കുള്ളത്‌. ) അവര്‍ക്ക്‌ ( വരാനുള്ളതാകട്ടെ ) വേദനയേറിയ ശിക്ഷയും.

  118. മുമ്പ്‌ നാം നിനക്ക്‌ വിവരിച്ചുതന്നവ ജൂതന്‍മാരുടെ മേല്‍ നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോട്‌ അനീതി ചെയ്തിട്ടില്ല. പക്ഷെ, അവര്‍ അവരോട്‌ തന്നെ അനീതി ചെയ്യുകയായിരുന്നു.

  119. പിന്നെ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട്‌ അതിന്‌ ശേഷം ഖേദിച്ചുമടങ്ങുകയും ( ജീവിതം ) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക്‌ ( വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു. ) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അതിന്‌ ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

  120. തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന്‌ കീഴ്പെട്ട്‌ ജീവിക്കുന്ന, നേര്‍വഴിയില്‍ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.

  121. അവന്‍റെ ( അല്ലാഹുവിന്‍റെ ) അനുഗ്രഹങ്ങള്‍ക്ക്‌ നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.

  122. ഇഹലോകത്ത്‌ അദ്ദേഹത്തിന്‌ നാം നന്‍മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും.

  123. പിന്നീട്‌, നേര്‍വഴിയില്‍ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന്‌ നിനക്ക്‌ ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.

  124. ശബ്ബത്ത്‌ ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌ അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍ തന്നെയാണ്‌. അവര്‍ ഭിന്നിച്ചിരുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും.

  125. യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.

  126. നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ ( എതിരാളികളില്‍ നിന്ന്‌ ) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക്‌ തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച്‌ കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ്‌ ക്ഷമാശീലര്‍ക്ക്‌ കൂടുതല്‍ ഉത്തമം.

  127. നീ ക്ഷമിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മാത്രമാണ്‌ നിനക്ക്‌ ക്ഷമിക്കാന്‍ കഴിയുന്നത്‌. അവരുടെ ( സത്യനിഷേധികളുടെ ) പേരില്‍ നീ വ്യസനിക്കരുത്‌. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്‌.

  128. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍